മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ നിര്‍ത്തണം: ചെന്നിത്തല
തിരുവനന്തപുരം: മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പറയുന്നത് നിര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ കെപിസിസി പ്രസിഡന്റിനെ ജനുവരി ഒമ്പത്, വ്യാഴാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് താനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദില്ലിയില്‍ പോകാനിരിക്കുകയാണെന്നും അതിന് ശേഷം ഹൈക്കമാന്റ് അദ്ധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലല്ല കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത്. ചാനലുകള്‍ ഓരോദിവസവും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഓരോപേര് പ്രഖ്യാപിക്കുന്നുണ്ട്. ഇതില്‍ വാസ്തവമില്ല. ഇത്തരത്തിലുള്ള അഭ്യൂഹം പറച്ചിലുകള്‍ നിര്‍ത്തണം- ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ നേതാക്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അന്തിമതീരുമാനം സോണിയാ ഗാന്ധിയുടേയതായിരിക്കുമെന്നും അതിനുള്ള പൂര്‍ണ അവകാശം ഹൈക്കമാന്റിനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്ന തീരുമാനമായപ്പോഴാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെന്നിത്തല കെപിസിസി അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. വിഎം സുധീറും ജി കാര്‍ത്തികേയനുമാണ് ഈ സ്ഥാനത്തേയ്ക്ക് മുഴച്ചു കേള്‍ക്കുന്ന പേരുകള്‍.












Click it and Unblock the Notifications