
ഈ 8 മണ്ഡലത്തിൽ സംഭവിച്ചതെന്ത്? കടുപ്പിച്ച് കോൺഗ്രസ്... വീണ്ടും അന്വേഷണം
തിരുവനന്തപുരം; സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട്. പിണറായിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് സംസ്ഥാനം വീണ്ടും തൂത്തുവാരിയപ്പോൾ വെറും 44 സീറ്റുകളിൽ യുഡിഎഫ് ഒതുങ്ങി. കോട്ടകൾ പോലും ഇളകുന്നതായിരുന്നു കാഴ്ച.
അതേസമയം കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താൻ കോൺഗ്രസ് പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കെപിസിസിയുടെ 5 അന്വേഷണ സമിതികൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 18 മണ്ഡലങ്ങൾ ബോധപൂർവ്വം നഷ്ടപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇതിൽ 8 മണ്ഡലങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വീണ്ടും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

വീണ്ടും അന്വേഷണത്തിന് കെ പി സിസി
സംഘടനാ സംവിധാനത്തിന്റെ പോരായ്മയും നേതാക്കളുടെ കാല് വാരലുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുള്ള പ്രധാന കാരങ്ങൾ എന്നായിരുന്നു കെ പി സി സി അന്വേഷണ സമിതികൾ റിപ്പോർട്ട് നൽകിയത്.തോറ്റ മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പ്രത്യേകം പരിശോധിച്ച ശേഷമായിരുന്നു സമിതി കണ്ടെത്തൽ.അതേസമയം വിജയ പ്രതീക്ഷ പുലർത്തിയ 18 മണ്ഡലങ്ങളിലെ പരാജയങ്ങൾ ബോധപൂർവ്വമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിജയ സാധ്യത ഏറെ ഉണ്ടായിട്ടും പരാജയം രുചിച്ച 8 മണഅഡലങ്ങളിലെ പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനാണ് വീണ്ടും സമിതി ഒരുങ്ങുന്നത്. അടൂരാണ് ഇക്കൂട്ടത്തിലെ ഒരു മണ്ഡലം.

അടൂരിലെ പരാജയം
ഇരുപത് വർഷത്തോളം യു ഡി എഫ് തുടർച്ചയായി വിജയിച്ച മണ്ഡലം 2011 ലായിരുന്നു ചിറ്റയം ഗോപകുമാറിലൂടെ എൽ ഡി എഫ് പിടിച്ചെടുത്തത്. 2016 ലും എൽ ഡി എഫ് നിലനിർത്തിയ മണ്ഡലം ഇക്കുറി പിടിച്ചെടുക്കാമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ടായിരുന്നു. ചിറ്റയത്തെ തന്നെ മൂന്നാം അങ്കത്തിന് എൽ ഡി എഫ് ഇറക്കിയപ്പോൾ എം ജി കണ്ണനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസ് പ്രതീക്ഷ അസ്ഥാനത്താക്കി ഗോപകുമാർ തന്നെ മണ്ഡലം നിലനിർത്തി. എം.ജി. കണ്ണനെ 2919 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്. ചിറ്റയത്തിന് 66,569 വോട്ടും എം.ജി. കണ്ണന് 63,650 വോട്ടുമായിരുന്നു ലഭിച്ചത്. ചിറ്റയത്തിന്റെ ഭൂരിപക്ഷം 2016 ൽ 25,460 ആയിരുന്നു. അതേസമയം കടുത്ത മത്സരം കാഴ്ച വെച്ചിട്ടും മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കാത്തത് നേതാക്കൾ കാലുവാരിയതിനാലാണന്നാണ് നേതൃത്വത്തിൻറെ കണക്ക് കൂട്ടൽ.

ആർ എസ് പി മത്സരിച്ച ചവറയിൽ സംഭവിച്ചത്
ഘടകകഷി മത്സരിച്ച ചവറയാണ് മറ്റൊരു മണ്ഡലം. ആർ എസ് പി കോട്ടയായ ചവറയിൽ ഇക്കുറി വിജയിക്കാനാകുമെന്ന പ്രതീക്ഷയോടെയായിരുന്നു ഷിബു ബേബി ജോൺ മത്സരത്തിനിറങഅങിയത്. എന്നാൽ ഡോ സുജിത്ത് വിജയന് ഷിബുവിന് ദയനീയ തോൽവി രുചിക്കേണ്ടി വന്നു. അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആർ എസ് പി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ സഹകരിച്ചില്ലെന്നായിരുന്നു പരാതി. അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനോടകം തന്നെ യു ഡി എഫ് ചെയർമാനെതിരെ കോൺഗ്രസ് നടപടി എടുത്തു കഴിഞ്ഞു.

കായംകുളത്തെ ഫലം
കായംകുളത്ത് യു പ്രതിഭയ്ക്കെതിരെ പാർട്ടിയിൽ പ്രതിഷേധം നിലനിന്ന സാഹചര്യത്തിൽ മണ്ഡലം പിടിക്കാമെന്നായിരുന്നു കോൺഗ്രസ് കണക്ക് കൂട്ടൽ. യുവ നേതാവായ അരിത ബാബുവായിരുന്നു കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയത്. അരിത ബാബുവിനെതിരെ 6,270 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതിഭ നേടിയത്. അതേസമയം 22 ഡി സി സി ഭാരവാഹികളും 6 കെ പി സി സി ഭാരവാഹികൾ ഉണ്ടായിട്ടും സംഘടനാപരമായ ജാഗ്രത കുറവാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പീരുമേടിലും ഇടുക്കിയിലും
എൽ ഡി എഫ് ഘടകകക്ഷി സിപിഐ മത്സരിച്ച പീരുമേടിൽ കോൺഗ്രസിന്റെ സിറിയക് തോമസ് ആയിരുന്നു സ്ഥാനാർത്ഥി. കടുത്ത പോരാട്ടത്തിനൊടുവിൽ വെറും 1698 വോട്ടുകൾക്കായിരുന്നു എൽഡിഎഫ് മണ്ഡലം പിടിച്ചത്. കൂടാതെ വർഷങ്ങളായി യുഡിഎഫിനെ തുണച്ച ഇടുക്കി മണ്ഡലത്തിലും കോൺഗ്രസ് വീണ്ടും അന്വേഷണം നടത്തും. റോഷി അഗസ്റ്റിന്റെ മുന്നണി മാറ്റത്തോടെയാണ് മണ്ഡലം യുഡിഎഫിന് നഷ്ടമായത്.

അഴീക്കോട് മണ്ഡലത്തിലെ കനത്ത തോൽവി
അഴീക്കോട് മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി ഇറങ്ങിയ കെ എം ഷാജിക്ക് വേണ്ടി ഒറ്റ്കെട്ടായ പ്രചരണത്തിന് കോൺഗ്രസ് തയ്യാറായില്ലെന്നാണ് പാർട്ടി നിഗമനം... ഇത്തവണ യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു അഴിക്കോട് സംഭവിച്ചത്. മൂന്നാം തവണയും ജയം ലക്ഷ്യമിട്ടിറങ്ങിയ ഷാജിക്കെതിരേ 5000ത്തിലേറെ വോട്ടുകള്‍ക്കാണ് സിപി എമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.വി സുമേഷ് വിജയിച്ചത്. മറ്റൊരു മണ്ഡലമായ തൃശ്ശൂരിലെ കനത്ത തോൽവിയിൽ സ്ഥാനാർത്ഥിയായ പദ്മജ വേണുഗോപാൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ വലിയ പരാതികൾ ഉയർത്തിയിരുന്നു. എൽ ഡി എഫ് വോട്ടുകൾ ഉൾപ്പെടെ തനിക്ക് കിട്ടിയപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിൽ കാലുവാരിയെന്ന ആക്ഷേപം അവർ ഉന്നയിച്ചിരുന്നു. കുന്നത്തൂർ,ബാലുശേരി എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. ധർമജൻ ബോൾഗാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിവാണ് ബാലുശേരിയിലും തുടരന്വേഷണം പ്രഖ്യാപിച്ചത്..

നടപടി ഉടൻ
അതേസമയം ഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് കെ പി സി സി അന്വേഷണ സമിതി കണ്ടെത്തിയ 97 പേർക്കും അധ്യക്ഷൻ കെ സുധാകരൻ വിശദീകരണം തേടി നോട്ടീസ് നൽകിയിട്ടുണ്ട്. 58 പേരെക്കെതിരെ പ്രത്യേകം അന്വേഷണം നടക്കുകയാണെന്നും കെ പി സി സി വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായാണ് കെ പി സി സി ഇത്രയധികം പേര്‍ക്ക് നോട്ടീസ് നല്‍കുന്നത്. നിലവിൽ ദില്ലിയില്‍ കെ പി സി സി പുനഃസംഘടന നടപടികളിലാണ് കെ സുധാകരൻ അതിന് ശേഷമായിരുന്നു നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചേക്കുക.
എവി ഗോപിനാഥ് വൈസ് പ്രസിഡന്റാകും? നേതൃത്വത്തിലേക്ക് ഇവർ..പ്രഖ്യാപനം നാളെ