സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തി; അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുമായി കെപിസിസി
തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളകുട്ടിക്കെതിരെ പരാതി. ഫേസ്ബുക്കിലൂടെയായിരുന്നു സോമിയ ഗാന്ധിയെ എപി അബ്ദുള്ളക്കുട്ടി ആക്ഷേപിച്ചിരുന്നത്. സംഭവത്തിൽ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
പൗരത്വ ബിൽ പാസായതിന് ശേഷമാണ് ഫേസ്ബുക്കിൽ ചെയ്തത്. പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എഐഎംഎം നേതാവും എംപി യുമായ അസദുദ്ദിൻ ഒവൈസിയുടെ ചിത്രവുമായി ചേർത്താണ് സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇത് അപകീർത്തികരവും ഐടി നിയമത്തിന്റെ ലംഘനവുമാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ രാജു പി നായരാണ് ഡിജിപിക്ക് പരാതി നൽകിയത്. കോൺഗ്രസിലായിരുന്ന എപി അബ്ദുള്ളക്കുട്ടിയെ മോദിയുടെ വികസനത്തെ പുകഴ്ത്തിയെന്ന കാരണത്താലാണ് കോൺഗ്രസിൽ നിന്ന് പുറത്തതാക്കിയത്. പിന്നീട് ബിജെപിയിൽ അംഗത്വമെടുക്കുകയും ഞാൻ ദേശീയ മുസ്ലീമാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിന്റ് സ്ഥാനവും ലഭിക്കുകയായിരുന്നു.