രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധം; സുധാകരന്‍ ചികിത്സയ്ക്കായി വിദേശത്തേക്ക്
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് സുധാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോകുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന്‍ കേരളത്തില്‍ തന്നെ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ വിദേശത്ത് പോയി ചികിത്സിക്കണം എന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു.
ഇത് കണക്കിലെടുത്താണ് കെ സുധാകരന്‍ ചികിത്സക്കായി വിദേശത്തേക്ക് പോകുന്നത്. സുധാകരന്‍ പോകുന്നതോടെ രണ്ടാഴ്ചയില്‍ ഏറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇത് അദ്ദേഹം കഴിഞ്ഞ ദിവസം കെ പി സി സി ഭാരവാഹികളെ അറിയിച്ചു. അതേസമയം സുധാകരന്‍ വിദേശത്തേക്ക് പോയാലും പാര്‍ട്ടി അധ്യക്ഷന്റെ പകരം ചുമതല മറ്റാര്‍ക്കും നല്‍കില്ല.

സുധാകരന്റെ വിദേശയാത്രയുടെ തിയതി തീരുമാനിച്ചിട്ടില്ല. വിസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും എന്നാണ് വിവരം. വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം നടന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ തന്നെ വ്യക്തമാക്കി. ന്യൂറോ സംബന്ധമായ ചികിത്സക്ക് വേണ്ടിയാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത് എന്നാണ് വിവരം.
സുധാകരന്‍ കേരളത്തില്‍ നിന്ന് മാറി നില്‍ക്കുന്ന അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹഭാരവാഹികള്‍ ചേര്‍ന്നാവും പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് നയിക്കുക. എന്നാല്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഡി ജി പി ഓഫീസ് മാര്‍ച്ചിന് കെ സുധാകരന്‍ തന്നെ നേതൃത്വം നല്‍കും. പക്ഷെ ജനുവരിയില്‍ നടത്താനിരിക്കുന്ന കെ പി സി സി പ്രസിഡന്റിന്റെ കേരളയാത്രയുടെ തീയതി ചിലപ്പോള്‍ മാറ്റിയേക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ സുധാകരന്‍ കേരളയാത്ര സംഘടിപ്പിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരിടത്തു സ്വീകരണമുണ്ടാകുന്ന തരത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം യു ഡി എഫിന്റെ കേരള പര്യടനവും നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റേയും തിയതി തീരുമാനിച്ചിട്ടില്ല. സുധാകരന്റെ യാത്ര ജനുവരി ഫെബ്രുവരി മാസങ്ങളിലാണെങ്കില്‍ ഫെബ്രുവരി അവസാനമാകും യു ഡി എഫിന്റെ കേരളയാത്ര തുടങ്ങുക.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന് മറുപടയായി ഡിസംബര്‍ 1 മുതല്‍ 20 വരെ നിയമസഭാ മണ്ഡലങ്ങളില്‍ കുറ്റവിചാരണാ സദസ് സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ് യു ഡി എഫ്.












Click it and Unblock the Notifications