പോക്‌സോ കേസ് പരാമര്‍ശം; എംവി ഗോവിന്ദനെതിരെ കെ സുധാകരന്‍ മാനനഷ്ട കേസ് നല്‍കും
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാര്‍ശത്തിനെതിരെയാണ് കേസ് കൊടുക്കുന്നത്. പാര്‍ട്ടി പത്രത്തെ ഉദ്ധരിച്ചാണ് എം വി ഗോവിന്ദന്‍ കെ സുധാകരനെതിരെ പരാമര്‍ശം നടത്തിയത്.
നാളെ തന്ന മനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഭിഭാഷകനെ കണ്ട് സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോന്‍സന്‍ മാവുങ്കല്‍ കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് ആരോപണം. ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.

ഈ പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനടപടപടിയുമായി മുന്നോട്ടുപോകാന്‍ കെ സുധാകരന്‍ തീരുമാനിച്ചത്. അതേസമയം, എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ കള്ളി അന്വേഷണ സംഘവും രംഗത്തെത്തിയിരുന്നു. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മാത്രമാണ് വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിശദീകരണം. സുധാകരനെതിരെ അതിജീവിതയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു മൊഴിയില്ല. എല്ലാ ആരോപണങ്ങളിലും ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
എം വി ഗോവിന്റെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്. തലച്ചോറില്‍ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. 'എന്താണ് ഗോവിന്ദന്‍? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?'- കെ സുധാകരന്‍ ചോദിച്ചിരുന്നു.
'ആന്തൂരിലെ സാജനെ 'കൊന്ന' ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭര്‍ത്താവിനോട് 'മാന്യത' കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും.... ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകള്‍ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേള്‍ക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓര്‍ക്കുക.'
'നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തില്‍ സ്വയം നില്‍ക്കുമ്പോള്‍, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തില്‍ കണ്‍വീനര്‍ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാര്‍ട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്. പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ ഉടന്‍ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ താങ്കള്‍ക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുത്, ഗോവിന്ദന്‍.'- കെ സുധാകരന്‍ പറഞ്ഞു.


Click it and Unblock the Notifications