'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിങ്ങള്‍ക്കൊരു ഇടമുണ്ടാകും'; പിണറായിയോട് കെ സുധാകരന്‍, വെല്ലുവിളി
കണ്ണൂര്‍: തന്നെ ദുര്‍ബലമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ അത് സ്വപ്‌നം മാത്രമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ അഴിമതിക്കേസുകളിലും അന്വേഷണമുണ്ടാകും. പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഇമ്പാച്ചി കാട്ടിയൊന്നും പിണറായി വിജയന്‍ എന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട. നിങ്ങള്‍ക്ക് എന്നെ കേസിലെ പ്രതിയാക്കാം. പക്ഷേ, ശിക്ഷിക്കാന്‍ സാധിക്കില്ല. കാരണം ശിക്ഷിക്കുന്നത് കോടതിയാണ്. അവിടെ ഇത്തിരി നീതിയും ന്യായവും ബാക്കിയുണ്ട്. ആ നീതിയും ന്യായവും നിലനില്‍ക്കുന്ന കാലം വരെ ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റത്തിലേക്കൊന്നും കെ സുധാകരന്‍ കടന്നുപോകില്ലെന്ന് പിണറായിയും പരിവാരങ്ങളും മനസിലാക്കണം'- കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റേത് ഇരട്ടനീതിയാണെന്ന ആരോപണം അടിവരയിടുന്ന നടപടികളാണ് അടുത്തിടെയുണ്ടായ എല്ലാ സംഭവങ്ങളിലുമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
'മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണത്തില്‍ ബെന്നി ബഹ്നാന്‍ എം.പി ഡി.ജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും അന്വേഷണത്തിന് തയാറായില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള കമ്പനികളെ സംബന്ധിച്ചുള്ള ആരോപണങ്ങളിലും കേസെടുത്തില്ല. കോവിഡ് മഹാമാരി കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ച്ചേസ് കൊള്ളയിലും കേസില്ല'
'മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ പെണ്‍കുട്ടി സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെയോ അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനെതിരെയോ പരാതി നല്‍കിയിട്ടും കേസില്ല. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍മാരോട് സംസ്ഥാനത്തെ ഉന്നതനായ ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി എല്‍.ഡി.എഫ് ഘടകകക്ഷി നേതാവ് കൂടിയായ ശ്രേയാംസ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല'
'അതേസമയം ദേശാഭിമാനി വാര്‍ത്തയെ അടിസ്ഥാനമാക്കി ആലപ്പുഴയിലെ കെ.എസ്.യു നേതാവിനെതിരെ കേസെടുത്തു. വ്യാജ വാര്‍ത്തക്കെതിരെ കെ.എസ്.യു നേതാവ് നല്‍കിയ പരാതിയില്‍ കേസില്ല. സമരം ചെയ്ത എം.എസ്.എഫ് നേതാക്കള്‍ക്ക് പൊലീസ് കൈവിലങ്ങണിയിച്ചു.'
'വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. എഴുതാത്ത പരീക്ഷ ജയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. സി.പി.എം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ നിരന്തര വെളിപ്പെടുത്തലുണ്ടായിട്ടും കേസെടുത്തില്ല. ഇത് ഇരട്ടനീതിയാണ്- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications