എല്‍ദോസ് കുന്നപ്പിള്ളി ഖേദം പ്രകടിപ്പിച്ചു, ഇന്ന് ഇനി നടപടിയില്ല; കെ സുധാകരന്‍
തിരുവനന്തപുരം: ബലാത്സംഗക്കേസ് പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് നടപടി ഉണ്ടായിരിക്കില്ല എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടി അച്ചടക്ക സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും കൈക്കൊള്ളുക എന്ന് സുധാകരന്‍ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടിയെടുക്കുന്നതിന് മുന്‍പ് നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ട് എന്നാണ് കെ സുധാകരന്‍ പറയുന്നത്. അതേസമയം എല്‍ദോസ് കുന്നപ്പിള്ളി തന്നെ വിളിച്ചിരുന്നു എന്നും കെ സുധാകരന്‍ വെൡപ്പെടുത്തി. ബലാത്സംഗ പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്ന ആരോപണം പരിശോധിക്കും എന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ബലാത്സംഗ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതില്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.എ കെ ജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജിതിന് ലഭിച്ച ജാമ്യം നീതിന്യായ വ്യവസ്ഥതയുടെ യശസ് ഉയര്‍ത്തുന്നതാണ് എന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഉടന്‍ നടപടിയുണ്ടാകും എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി വൈകുന്നതില്‍ കെ പി സി സിക്കെതിരെ കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.നടപടി വൈകുന്നത് ശരിയല്ല എന്നും കേസില്‍ ഒളിവില്‍ പോകേണ്ട കാര്യമില്ലായിരുന്നു എന്ന നിലപാടാണ് പാര്‍ട്ടിക്കുണ്ടായിരുന്നത് എന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് എല്‍ദോസ് കുന്നിപ്പിള്ളിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.അതേസമയം എല്‍ദോസ് കുന്നിപ്പിള്ളിക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ എം എല്‍ എ ഓഫീസില്‍ ലഡു വിതരണം നടത്തിയിരുന്നു.

ഈ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ലഡു വിതരണത്തില്‍ അസ്വഭാവികതയില്ല എന്നാണ് സതീശന്‍ പറഞ്ഞത്.എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം കിട്ടിയതിലെ സന്തോഷം പ്രവര്‍ത്തകര്‍ പങ്കിട്ടതാവാം എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

അതേസമയം ഇന്നലെ ജാമ്യം ലഭിച്ചതിന് പിന്നാലെ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് പെരുമ്പാവൂരില്‍ എത്തി.കേസ് കെട്ടിച്ചമച്ചതാണ് എന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി ഇന്നും ആവര്‍ത്തിച്ചത്. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗത്തിന് പുറമെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്












Click it and Unblock the Notifications