സംഘടന തിരഞ്ഞെടുപ്പില്‍ 1992 ആവര്‍ത്തിക്കുമെന്നേ പറയാനുള്ളു: മുന്നറിയിപ്പുമായി കെ സുധാകരന്‍
തിരുവനന്തപുരം: പ്രസിഡന്റ് പദവി ഏറ്റെടുത്താലുള്ള പ്രശ്നങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ആ പദവി ഏറ്റെടുത്തതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകാരന്‍. വളരെ കഠിനാധ്വാനം ചെയ്താല്‍ മാത്രമെ കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ സാധിക്കുകയുള്ളു. ദീര്‍ഘകാലമായി ആലോചിക്കുന്ന കാര്യങ്ങളാണ് അത് . എന്നാല്‍ സത്യം പറഞ്ഞാല്‍ ഇത്തവണ കെ പി സി സി പ്രസിഡന്റ് പദവിയില്‍ എത്തണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരോടും പദവിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഒരു നിശ്ചിത സമയം എനിക്ക് തരാനാണ്. ആ സമയത്തിനുള്ളില്‍ പാര്‍ട്ടിക്ക് ഗുണകരമായ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് പരിശോധിച്ച് എന്നെ വിലയിരുത്താനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അതിന് ശേഷം എന്നെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയാതാല്‍ പോരെയെന്ന് ഞാന്‍ ചില നേതാക്കളോട് അങ്ങോട്ട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

രോഗം അറിഞ്ഞാണ് ചികിത്സിക്കേണ്ടത്. ഒരു കാലത്ത് വലിയ പ്രതാപത്തില്‍ ഇരുന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ എന്താണ്. എന്തുകൊണ്ട് അത് അങ്ങനെയായി എന്ന് നമ്മള്‍ ചിന്തിക്കണം. സത്യം പറഞ്ഞാല്‍ പാര്‍ട്ടിയുടെ പുനഃരുദ്ധാരണത്തിന് വേണ്ട ഒരു നടപടിയും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. എന്റെ ലക്ഷ്യത്തെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ സംശയിക്കുകയോ എന്റെ കഴിവിനെ അവിശ്വസിക്കുകയോ ചെയ്യുന്നില്ല. അവര്‍ക്ക് ആകെയുള്ള പ്രശ്നം ഇന്നലെ വരെ ഞങ്ങള്‍ കയ്യാളിയ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സംഘടനിയിലേക്ക് അതിന്റെ നേതാക്കളിലേക്കും മാറ്റം ചെയ്യപ്പെടുമോയെന്ന ആശങ്കയാണെന്നും കെ സുധാകരന്‍ പറയുന്നു.
മലയാളികളുടെ താരദമ്പതികള്‍; വൈറലായി ദിലിപീന്റെ കാവ്യയുടേയും ചിത്രങ്ങള്‍

പാര്‍ട്ടിയില്‍ ഇതുവരെ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. അത് വളരെ ശക്തവുമായിരുന്നു. ആ ഗ്രൂപ്പിന്റെ നേതാക്കള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന് അകത്ത് ഇത്രയും കാലമായി നടക്കാറുള്ളു. അതിപ്പോള്‍ സംഘടന തിരഞ്ഞെടുപ്പ് ഉള്ള സമയത്ത് ആണേലും അല്ലെങ്കിലും. തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ തന്നെ അതിന് അകത്ത് സമവായം ഉണ്ടാക്കും. ഇവര്‍ ഉണ്ടാക്കുന്ന അജണ്ടയും തീരുമാനവും ആയിരുന്നു കോണ്‍ഗ്രസിന്റെ തീര്‍പ്പ്. ഇന്നുവരെ ആ മേധാവിത്വം പുലര്‍ത്തിയ നേതാക്കള്‍ക്ക് അതൊക്കെ നഷ്ടപ്പെട്ട് പോകുമെന്നുള്ളപ്പോള്‍ ഉണ്ടാവുന്ന ഒരു ആശങ്കയാണ് ഇപ്പോഴത്തേത്.

അങ്ങനെയുള്ള ആശങ്ക വേണ്ടതില്ലെന്ന് ഞാന്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒരു നേതാക്കളേയും മാറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. അവര്‍ സഹകരിക്കണം. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഭാഗത്ത് നിന്നും ഇതുവരെ ഒരു വലിയ നിസ്സഹകരണം ഒന്നും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. വലിയ എതിര്‍പ്പുകള്‍ ഉണ്ടെന്ന് കരുതുന്നില്ല. ചില മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍ വൈരാഗ്യ ബുദ്ധിയോടെയാണ് ഇതിനെയെല്ലാം നോക്കിക്കാണുന്നത്.

ഞങ്ങളെ സഹകരിപ്പിക്കുന്നില്ല എന്ന ആക്ഷേപം പുറത്ത് പറയുകയും സഹകരിപ്പിക്കാന്‍ നോക്കുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുകയാണ്. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ നമുക്ക് സ്വാഭാവികമായും ഒരു മടുപ്പ് വരുമല്ലോ. അവരുമായി ചേര്‍ന്ന് പോവേണ്ടത് തന്നെയാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം അവര്‍ തരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ അതിന് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

പുതിയ ഭാരവാഹി പട്ടിക വരുന്നതിന് മുന്നോടിയായി എല്ലാ നേതാക്കളേയും ഞാന‍് വിളിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള സമയം അടക്കം അവരെ അറിയിച്ചിരുന്നു. അതിന് വേണ്ടി ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയം ഉള്‍പ്പടെ പറഞ്ഞത് കുറ്റകരമായ ഒരു ആരോപണമായി അവര്‍ ഉയര്‍ത്തിക്കാണിച്ചു. അവര്‍ സ്വയം അങ്ങനെ പോരാടി നില്‍ക്കുകയാണ്. എന്നിട്ടും ഞാന്‍ സുധാകരന്റെ വീട്ടില്‍ പോയി സഹകരിക്കണമെന്ന് പറഞ്ഞു. എന്നിട്ടും അദ്ദേഹം സഹകരണത്തിന് തയ്യാറായില്ല. ഏതായാലും ഞാനുമായി സഹകരിക്കാനില്ലെന്ന ഒരു തീരുമാനം അവര്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കണ്ണൂര്‍ പോലുള്ള ഒരു സ്ഥലത്ത് ജീവന്‍ പണയം വെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വളര്‍ന്ന് വന്ന ഒരാളാണ് ഞാന്‍. സിപിഎമ്മിന്റെ അക്രമത്തെ ഞാന്‍ അഭിമുഖീകരിച്ചത് പോലെ, അല്ലെങ്കില്‍ അതിജീവിച്ചത് പോലെ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു നേതാവും അത്തരം ഒരു സാഹചര്യത്തിലൂടെ കടന്ന് പോയിട്ടില്ല. അതിനെയെല്ലാം അതിജീവിച്ചിട്ടാണ് കണ്ണൂരില്‍ പാര്‍ട്ടി ഉണ്ടാക്കിയതും നിലനിര്‍ത്തിയതും. കണ്ണൂര്‍ സ്റ്റൈല്‍ എന്ന് പറയുന്ന ഒരു സ്റ്റൈല്‍ ഉണ്ട്. അതിന് അവിടുത്തെ സാഹചര്യത്തില്‍ മാത്രമാണ് പ്രസക്തിയുള്ളു. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കിയാല്‍ മാത്രമെ അവര്‍ കൂടെ നില്‍ക്കുകയുള്ളു.

തന്റെ ശൈലിയെ അല്ല, കോണ്‍ഗ്രസ് തന്റെ കൈകളിലേക്ക് വരുന്നതിനെയാണ് ഇവര്‍ കൂട്ടായിട്ട് എതിര്‍ക്കുന്നത്. അതൊക്കെയാണ് ഈ പ്രചരണത്തിന് കാരണം. എവിടേയും എനിക്കൊരു സ്വീകാര്യത കുറവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതാനും ചില വ്യക്തികള്‍ എതിര്‍ക്കുന്നുവെന്നല്ലാതെ കേരളത്തിലുടനീളം നല്ല സ്വീകാര്യതയുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എനിക്ക് ഭയം ഇല്ലാത്തതിന് കാരണവും അതാണ്. പ്രവര്‍ത്തകരില്‍ ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്നു. അവര്‍ എവിടെ നില്‍ക്കുമെന്ന് അറിയാം.

1992 ല്‍ ഇതേ സാഹചര്യത്തിലാണ് കണ്ണൂര്‍ ഡി സി സി പ്രസിഡന്റായി മത്സരിച്ചത്. അന്ന് കേരളത്തില്‍ ഐ യും എ യും 13 ജില്ലകളില്‍ പരസ്പരം വെട്ടും കുത്തും നടക്കുമ്പോള്‍ കണ്ണൂരില്‍ എന്നെ എതിര്‍ക്കാന്‍ അവര്‍ ഒരുമിച്ച് മത്സരിച്ച തിരഞ്ഞെടുപ്പിലാണ് ഞാന്‍ അന്ന് ഡിസിസി പ്രസിഡന്റായി വിജയിക്കുന്നത്. അതുകൊണ്ട് ഇതൊന്നും എനിക്ക് ഒരു പുത്തന്‍ കാര്യമല്ല. അത് ഇവിടേയും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.












Click it and Unblock the Notifications