പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്; കെവി തോമസിന് സുധാകരന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെവി തോമസുമായി രാവിലെ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ ഉറപ്പിച്ചാല്‍ മാത്രമേ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു. വ്യാഴാഴ്ച നിലപാട് വ്യക്തമാക്കുമെന്നാണ് കെവി തോമസ് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസ് ശക്തമായ നടപടിയെടുക്കുമെന്ന സൂചനയാണ് കെ സുധാകരന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയം സോണിയ ഗാന്ധിയുമായി കെ സുധാകരന്‍ സംസാരിച്ചുവെന്നാണ് സൂചന. കെവി തോമസ് പങ്കെടുത്താല്‍ നടപടി വേണമെന്ന് കേരള ഘടകം ആവശ്യപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടിക്ക് പുറത്ത് പോകാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ സിപിഎം പരിപാടിയില്‍ പങ്കെടുക്കുകയുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു. കെവി തോമസിന് അങ്ങനെ മനസില്ലെന്നാണ് എന്റെ വിശ്വാസം. പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് കെവി തോമസ് പറഞ്ഞിട്ടുണ്ട്. രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും കെവി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു വികാരമുണ്ട്. സിപിഎം അക്രമത്തില്‍ മരിച്ചുവീണ ഒരുപാട് കോണ്‍ഗ്രസുകാരുള്ള നാടാണിത്. അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമുണ്ട് കണ്ണൂരില്‍. അവരുടെ വികാരത്തെ മാനിക്കണം. അതെല്ലാം ചവിട്ടിമെതിച്ച് ഒരു കോണ്‍ഗ്രസ് നേതാവിന് സിപിഎമ്മിന്റെ പരിപാടിക്ക് കയറിച്ചെല്ലാന്‍ സാധിക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസ് മറ്റു സംസ്ഥാനങ്ങളിലായിരുന്നു എങ്കില്‍ ഇത്ര വാശി പിടിക്കില്ലായിരുന്നു. കേരളത്തില്‍ സിപിഎം ഫാഷിസമാണ് നടപ്പാക്കുന്നത്. അവരോട് സന്ധി ചെയ്യാനില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് നാളെ മറുപടി പറയുമെന്ന് കെവി തോമസ് പ്രതികരിച്ചു. പരിപാടിയില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ കെവി തോമസ് ഇതുവരെ സിപിഎം നേതൃത്വത്തോട് പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വ്യാഴാഴ്ച രാവിലെ 11ന് പ്രതികരിക്കാമെന്ന് കെവി തോമസ് മറുപടി പറഞ്ഞത്. അതേസമയം, കെവി തോമസിനെ സിപിഎമ്മിലേയ്ക്കല്ല ക്ഷണിച്ചതെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്കാണെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചു. കെവി തോമസ് പങ്കെടുക്കുന്ന കാര്യം വൈകാതെ അറിയാമെന്ന് എംഎ ബേബി പ്രതികരിച്ചു. കെവി തോമസിനെ വിലക്കുന്ന കോണ്‍ഗ്രസ് നടപടി പാപ്പരത്തമാണെന്ന് എളമരം കരീം പറഞ്ഞു.












Click it and Unblock the Notifications