'സിപിഎം ഓഫീസുകള്‍ക്ക് മീതെ രാഹുലിനെ കാണാന്‍ കാത്തുനിന്നവര്‍... അതാണ് പിണറായിക്ക് മറുപടി'
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയന്‍ ആര്‍എസ്എസ് സേവകനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ പുലഭ്യം പറയുന്നത് ആര്‍എസ്എസ്സിന്റെ നിര്‍ദേശ പ്രകാരമാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ മറുപടി പറയേണ്ട യോഗ്യത പിണറായിക്കില്ല. നെഹ്രു കുടുംബത്തിലെ ഒരാളുടെ പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും പിണറായിയെ പോലെ ഒരു ക്രമിനല്‍ നേതാവിനില്ല. സിപിഎം ഓഫീസുകള്‍ക്ക് മുകളില്‍ കയറി രാഹുല്‍ ഗാന്ധിയെ ഒരു നോക്ക് കാണാന്‍ കാത്തിരുന്ന ജനങ്ങളാണ് പിണറായിക്കുള്ള മറുപടിയെന്നും കെ സുധാകരന്‍ പറഞ്ഞു.

മൂന്നാംകിട ഗുണ്ടയുടെ നിലവാരമാണ് പിണറായി വിജയന്. അദ്ദേഹത്തെ ഓര്‍ത്ത് കേരളം സഹതപിക്കുന്നു. ലാവ്‌ലിന്‍ കേസ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ പിണറായി ചീത്ത വിളിക്കുകയാണ്. അമിത് ഷായെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണിത്. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ആര്‍എസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ലെന്നും സുധാകരന്‍ പരിഹസിക്കുന്നു. കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...
പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം സഹതപിക്കുന്നു.
ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ് നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി, മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ RSS നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല!
വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ RSS ന്റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി രാഹുൽ ഗാന്ധി എന്ന ജനനായകൻ നടന്നു നീങ്ങുകയാണ്. അതിൽ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ഥ ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്.
കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മറുപടി പറയാൻ മാത്രമുള്ള പ്രാധാന്യമൊന്നും താങ്കൾക്കില്ല പിണറായി വിജയൻ. നെഹ്‌റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും താങ്കളെപ്പോലൊരു ക്രിമിനൽ നേതാവിനില്ല.
സ്വന്തം പാർട്ടി ഓഫീസുകൾക്ക് മീതെ, രാഹുലിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ജനങ്ങളാണ് താങ്കൾക്കുള്ള മറുപടി.












Click it and Unblock the Notifications