പുനഃസംഘടനയുമായി മുന്നോട്ട്; 40 പേർ കെപിസിസി സെക്രട്ടറിമാരാകും..അച്ചടക്ക സമിതിയും
തിരുവവന്തപുരം; പുനഃസംഘടന സംബന്ധിച്ചുള്ള അതൃപ്തികൾ പാർട്ടിയിൽ തുടരുകയാണ്. നടപടികൾ നിർത്തിവെയ്ക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്റ് തള്ളിയതോടെ കാര്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. അതേസമയം പുനഃസംഘടന സംബന്ധിച്ചുള്ള ആവശ്യത്തിൽ അനുകൂല നിലപാട് കൈക്കൊണ്ടിട്ടില്ലേങ്കിലും നേതാക്കളെ വിശ്വാസത്തിൽ എടുത്ത് കൊണ്ട് തന്നെമുന്നോട്ട് പോകണമെന്ന കോൺഗ്രസ് അധ്യക്ഷയുടെ നിർദ്ദേശം ഗ്രൂപ്പുകൾ ആയുധമാക്കുകയാണ്. മാത്രമല്ല അച്ചടക്ക സമിതി രൂപീകരിക്കണമെന്ന നിർദ്ദേശവും ഗ്രൂപ്പുകൾക്ക് ആശ്വാസം നൽകുന്നുണ്ട്.

പാര്‍ട്ടി ഭരണഘടന പ്രകാരമല്ല അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതെന്നതായിരുന്നു കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി പ്രധാനമായും ഉയർത്തിയ പരാതി. ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ കെ പി സി സി മുൻ സെക്രട്ടറി എം എഎം ലത്തീഫിനെതിരെ കൈക്കൊണ്ട നടപടി ഉമ്മൻചാണ്ടിയെ ഏറെ ചൊടിപ്പിച്ചിരുന്നു. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു കെപിസിസി തിരുമാനം.

നേരത്തേ കെ പി അനിൽ കുമാറിനെതിരേയും കെ ശിവദാസൻ നായർക്കെതിരേയും ഇത്തരത്തിൽ തിരക്കിട്ട അച്ചടക്കനടപടികളായിരുന്നു നേതൃത്വം സ്വീകരിച്ചിരുന്നത്. ലത്തീഫന്റെ ഭാഗം പോലും കേൾക്കാതെ നടപടി കൈക്കൊണ്ടതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതേസമയം സോണിയ-ഉമ്മൻചാണ്ടി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ അച്ചടക്ക സമിതി രൂപീകരിക്കാൻ കെ പി സി സി നേതൃത്വം തയ്യാറായിട്ടുണ്ട്. ഒരു ചെയർമാനും രണ്ടോ ൂന്നോ അംഗങ്ങളായിരിക്കും സമിതിയിൽ ഉണ്ടാകുക.
സമിതിയിലേക്ക് വി എസ് വിജയരാഘവൻ, കെ മോഹൻകുമാർ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കുന്നുണ്ട്.

അതേസമയം രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതാക്കള്‍ തീരുമാനമെടുക്കുന്നുവെന്നും സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി അറിയിച്ചിരുന്നു. നേതാക്കളുടെ സൗകര്യം നോക്കി സമിതി യോഗം വിളിക്കുന്ന തരത്തിലാണ് ഇപ്പോൾ പാർട്ടിയിൽ കാര്യങ്ങൾ നടക്കുന്നതെന്നായിരുന്നു ഉമ്മൻചാണ്ടി അറിയിച്ചത്. ഇതോടെ ഉടൻ തന്നെ രാഷ്ട്രീയകാര്യ സമിതിയും വൈകാതെ വിളിക്കാൻ തിരുമാനം ആയിട്ടുണ്ട്.

അതിനിടെ പുനഃസംഘടന നടപടികൾക്ക് സംസ്ഥാന നേതൃത്വം വേഗം കൂട്ടി. 10 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചർച്ച പൂർത്തിയാക്കി പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. 40 ജനറൽ സെക്രട്ടറിമാരെ നിയമിക്കാനാണ് ആലോചന. ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ തിങ്കളാഴ്ചയോടെ തുടങ്ങും. യുവാക്കളായ ജനകീയരായ നേതാക്കളേയാണ് ആലോചിക്കുന്നത്. കെ പി സി സി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്ന ചുമതലയായിരിക്കും ഇവർക്ക് ഉണ്ടാകുക. എന്നാൽ ഇവർ നിർവ്വാഹക സമിതിയുടെ ഭാഗമായിരിക്കില്ല.

ഡി സി സി അധ്യക്ഷൻമാരുടേയും കെ പി സി സി പുനഃസംഘടനയിലും നിർദ്ദേശങ്ങൾ തേടിയ സമാന രീതിയിൽ ഗ്രൂപ്പ് നേതാക്കളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റേയും തിരുമാനം. പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക നൽകാൻ ഇവർ നേതാക്കളോട് ആവശ്യപ്പെടും.

അതേസമയം പുനഃസംഘടനയുമായി ഗ്രൂപ്പ് നേതാക്കൾ സഹകരിക്കുമോയെന്നതാമ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ചോദ്യം. നേരത്തേ പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ തിരുമാനിച്ചാൽ സഹകരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഗ്രൂപ്പ് നേതാക്കൾ. നിർദ്ദേശങ്ങൾ നൽകേണ്ടതില്ലെന്ന തിരുമാനവും ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി കൈക്കൊണ്ടിരുന്നു. ഇനി സംഘടന തിരഞ്ഞടു്പപ് തന്നെയാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. ഒറ്റക്കെട്ടായി ഔദ്യോഗിക നേതൃത്വത്തെ വീഴ്ത്താനുള്ള നീക്കങ്ങളും ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications