ആര്യാടന്‍ ഷൗക്കത്തിനെ അത്രവേഗം തൊടില്ല; നോട്ടീസിന് പിന്നാലെ നോട്ടീസുമായി കെപിസിസി
തിരുവനന്തപുരം: നിര്‍ദേശം ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനും കൂട്ടര്‍ക്കുമെതിരെ തിടുക്കത്തില്‍ കെപിസിസി നടപടിയുണ്ടാകില്ലെന്ന് വിവരം. കെപിസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഷൗക്കത്ത് നല്‍കിയ മറുപടി കെപിസിസിക്ക് തൃപ്തികരമായിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മറ്റൊരു നോട്ടീസ് കൂടി ഷൗക്കത്തിന് നല്‍കിയിരിക്കുകയാണിപ്പോള്‍.
ആര്യാടന്‍ ഷൗക്കത്തിനെതിരെ തിടുക്കത്തില്‍ നടപടിയെടുത്താന്‍ പലവിധത്തിലുള്ള പ്രചാരണത്തിനും കാരണമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതാണ് പാര്‍ട്ടി കാണുന്ന പ്രധാന തടസം. മലപ്പുറത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് മറ്റൊരു തടസം. പരിപാടിയിലെ ജനസാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായ നടപടിയില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.

ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ബാനറിലാണ് മലപ്പുറത്ത് പലസ്തീന്‍ റാലി ആര്യാടന്‍ ഷൗക്കത്തും സംഘവും നടത്തിയത്. പല കൂട്ടായ്മകളും പലസ്തീന്‍ റാലി സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത് വിവാദമാക്കുന്നത് എന്തിന് എന്ന ചോദ്യമാണ് ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കുള്ളത്. എന്നാല്‍ പുതിയ ഗ്രൂപ്പ് ശക്തമാകുന്നതിന്റെ ലക്ഷണമായി നേതൃത്വം ഇതിനെ കാണുന്നു.
എ, ഐ ഗ്രൂപ്പുകളെ പൂര്‍ണമായും അസ്ഥാനത്താക്കിയാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതമായ ഐക്യം വേണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാദേശികമായി ഇപ്പോഴും ഗ്രൂപ്പ് സമവാക്യങ്ങള്‍ ലംഘിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്.

വിലക്കിയിട്ടും റാലി നടത്തിയത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും നേതൃത്വത്തെ ഗൗനിക്കാതെ മുന്നോട്ട് പോകുമെന്ന സൂചനയാണെന്നും കെപിസിസി കരുതുന്നു. ഇത്തരം പ്രവണത അനുവദിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് ലംഘിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ നോട്ടീസ് ഷൗക്കത്തിന് നല്‍കിയിരിക്കുന്നത്.
ആദ്യ നോട്ടീസിന് ഷൗക്കത്ത് നല്‍കിയ മറുപടി തൃപ്തികരമല്ല എന്നാണ് പുതിയ നോട്ടീസില്‍ കെപിസിസി വ്യക്തമാക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. പരിപാടി നടത്തിയതിനുള്ള വിശദീകരണവും പുതിയ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഇതില്‍ ലഭിക്കുന്ന മറുപടി കെപിസിസി അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സമിതി അധ്യക്ഷന്‍.
ശേഷം അച്ചടക്ക സമിതി കെപിസിസിക്ക് ശുപാര്‍ശ ചെയ്യുന്നതിന് അനുസരിച്ചാകും നടപടി. ഇത്രയും കാര്യങ്ങള്‍ നടക്കണമെങ്കില്‍ ഏറെ സമയം പിടിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ തിടുക്കത്തില്‍ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകില്ല. നടപടിയെടുത്താല്‍ മലപ്പുറത്ത് പുതിയ കോണ്‍ഗ്രസ് ഗ്രൂപ്പ് രൂപപ്പെടുമോ എന്ന ആശങ്കയും ചില നേതാക്കള്‍ക്കുണ്ട്.












Click it and Unblock the Notifications