കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു തുടങ്ങി, ചുവടുവയ്ക്കുന്നത് വലിയൊരു ലക്ഷ്യത്തിലേക്ക്; വിടി ബല്‍റാം പറയുന്നത്
പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പില്ലാ രാഷ്ട്രീയത്തിന് വലിയ സാധ്യതയുണ്ടെന്നതിന്റെ വലിയ തെളിവാണ് തന്റെ സ്ഥാനമെന്ന് കെപിസിസി വൈസ് പ്രസിഡന്റായി നിയമിതനായ വിടി ബല്‍റാം പറഞ്ഞു. എ, ഐ ഗ്രൂപ്പുകളുടെ ഭാഗമല്ലെങ്കിലും അവരുടെ കൂടി പിന്തുണയോടെയാണ് താന്‍ ഈ സ്ഥാനത്തെത്തിയതെന്നും വിടി ബല്‍റാം പറഞ്ഞു. തന്റെ കാര്യത്തില്‍ ഗ്രൂപ്പുകാരുടെ എതിര്‍പ്പില്ലായിരുന്നെന്നും എല്ലാവരും തന്റെ കാര്യത്തില്‍ പോസിറ്റീവായിരുന്നെന്നും ബല്‍റാം പറയുന്നു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്ക് എല്ലാ നേതാക്കളുമായി മികച്ച ബന്ധമാണുള്ളത്. ഗ്രൂപ്പില്ലായ്മ വലിയ സാധ്യതയും സൗകര്യവുമാണ്. വിഷയാധിഷ്ഠിതമായ ഇടപെടല്‍ നടക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സെമി കേഡര്‍ എന്ന വലിയ ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ് ചുവടുവയ്ക്കുന്നതെന്നും ഇപ്പോഴുള്ളത് പരിവര്‍ത്തന ഘട്ടത്തിലാണെന്നും അദ്ദേഹം പറയുന്നു. കുത്തഴിഞ്ഞ സംവിധാനവുമായി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു തുടങ്ങിയെന്നും ബല്‍റാം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി അടിമുടി മാറണമെന്ന് പറഞ്ഞത് പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകര്‍ ആഗ്രഹിച്ച മാറ്റമാണിത്. ഈ വലിയ മാറ്റത്തിന് നേതൃത്വം കൂടി തയ്യാറായത് വലിയ കാര്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കാത്ത ആളാണെന്നും വ്യക്തി കേന്ദ്രീകൃത ഗ്രൂപ്പുകള്‍ക്ക് താന്‍ എതിരാണെന്നും വിടി ബല്‍റാം പറയുന്നു.

വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. മറിച്ച് ഒരു ചുവടുവയ്ക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഗ്രൂപ്പിന്റെ തീരുമാനത്തിന് അതീതമായാണ്. എംഎല്‍എ ആകുന്നതിന് മുമ്പ് തന്നെ എല്ലാ ഗ്രൂപ്പില്‍ നിന്നും വിട പറഞ്ഞിരുന്നെന്നും ബല്‍റാം വ്യക്തമാക്കുന്നു. ഗ്രൂപ്പിന് എന്താണ് കുഴപ്പമെന്ന ചോദ്യത്തിനും ബല്‍റാം വ്യക്തമായ മറുപടി നല്‍കി.

ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത അഭിപ്രായം ജനാധിപത്യ പാര്‍ട്ടിയില്‍ ഉണ്ടാകും. തിരുത്തലിന്റെ ഭാഗമായുള്ള ജൈവിക പ്രക്രിയ ആണത്. അതിനുള്ള ഇടം കോണ്‍ഗ്രസില്‍ ഉണ്ടെന്ന് ബല്‍റാം പറയുന്നു. എന്നാല്‍ അതൊന്നും സ്ഥിരം സ്വഭാവമുള്ള ഗ്രൂപ്പ് സ്ട്രക്ചര്‍ ആയി മാറരുത്. പത്ത് മുപ്പത് കൊല്ലമായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ വിഷയാധിഷ്ഠിതമോ ആശയാധിഷ്ഠിതമോ ആയിരുന്നില്ല. വ്യക്തികളുടെ അധികാര പങ്കാളിത്തമോ പദവികളുടെ വീതം വയ്ക്കലുമായിരുന്നു നടന്നത്. അതില്‍ ഒരു വരാന്‍ ആഗ്രഹിച്ചിരുന്നെന്നും ബല്‍റാം വ്യക്തമാക്കുന്നു.

സംഘടന തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നവരാണ് ഞങ്ങളൊക്കെയെന്നും ബല്‍റാം പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത് സംഘടന തിരഞ്ഞെടുപ്പിലൂടെയാണ്. എനിക്ക് എംഎല്‍എ ആകാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. പൂര്‍ണമായ തരത്തിലുള്ള നോമിനേഷന്‍ ആയിരുന്നെങ്കില്‍ എനിക്ക് കടന്നുവരാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ല. ഇപ്പോള്‍ തന്നെ തേടിയെത്തിയ ചുമതലയോ ഏറെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ബല്‍റാം വ്യക്തമാക്കുന്നു.

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ചും ബല്‍റാം വ്യക്തമാക്കി. ഭാഗ്യന്വേഷികളായ വ്യക്തികളുടെ മാറ്റം പാര്‍ട്ടിയെ ബാധിക്കുകയില്ല. നിര്‍ണായക പദവിയില്‍ ഇരുന്ന പലരും കോണ്‍ഗ്രസ് വിട്ടുപോയെങ്കിലും ആരെയും കൂടെകൊണ്ടു പോയിട്ടില്ല. സിപിഎം സഹയാത്രികരായ പലരും ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് വരണമെന്ന് പറയുന്നു. അവരും ആയിരക്കണക്കിന് പ്രവര്‍ത്തകരെ കൊണ്ടല്ല വരുന്നത്. കനയ്യ കുമാറിനെ പോലെ ഐഡിയോളജി എന്ന നിലയിലയില്‍ കോണ്‍ഗ്രസിനെ തിരിച്ചറിയുന്നവരുണ്ട്. ബീഹാര്‍ പോലുള്ള സംസ്ഥാനത്ത് കനയ്യ കുമാറിന് ഒട്ടേറെ സാധ്യതകളുണ്ട്. ഭരണഘടനയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നത് കൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നത്.

പരിമിതമായ ഉത്തരവാദിത്തമല്ല ഇപ്പോള്‍ പാര്‍ട്ടി തനിക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയ രംഗത്തേക്ക് കോണ്‍ഗ്രസിനെ ശക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല. ഇടതുപക്ഷം ഒപ്പീനിയന്‍ മേക്കിംഗിന് സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചു. കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ മേസേജ് ശക്തമാക്കണം. സോഷ്യല്‍ മീഡിയയിലെ പല സാധ്യതകളെ കുറിച്ച് ഡിസിസി പ്രസിഡന്റുമാര്‍ക്ക് ക്ലാസ് നയിച്ചിരുന്നു. ഇത് തുടരുകയാണെന്നും ബല്‍റാം വ്യക്തമാക്കുന്നു.

തൃത്തല നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം സിപിഎമ്മും ബിജെപിയും വേട്ട്് കച്ചവടം നടത്തിയതുകൊണ്ടാണ്. രണ്ട് പേരെയും രാഷ്ട്രീയമായി എതിര്‍ത്തിരുന്ന ആള്‍ എന്ന നിലയില്‍ അവര്‍ ഒരുമിച്ച് എന്നിരുന്നാലും എനിക്ക് കിട്ടേണ്ട വോട്ട് ലഭിച്ചു ബിജെപി വോട്ട് ലഭിച്ചതുകൊണ്ടാണ് സിപിഎം ജയിച്ചതെന്നും ബല്‍റാം പറയുന്നു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് കെപിസിസി ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. വലിയൊരു ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഞാനടക്കമുള്ള പുതിയ കെപിസിസി ഭാരവാഹികളെ ഏല്‍പ്പിച്ചിട്ടുള്ളത് എന്നാണ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ബല്‍റാം പ്രതികരിച്ചത്. സംസ്ഥാനമെമ്പാടുമുള്ള സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ആ പ്രതീക്ഷകളെ യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കുക എന്നതാണ് ഇനി നമുക്ക് മുന്നിലുള്ള ദൗത്യം. നമ്മുടെ പ്രവര്‍ത്തന വിജയം ഈ പ്രസ്ഥാനത്തിന് മാത്രമല്ല, നാടിന്റെ മതേതര ജനാധിപത്യത്തിനും കരുത്തുപകരും.

ചെറിയ പതര്‍ച്ചകളിലും വലിയ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന, മുന്നോട്ടുള്ള പ്രയാണത്തിന് പിന്തുണയും ഊര്‍ജ്ജവും പകരുന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഈ മഹത്തായ ദേശീയ പ്രസ്ഥാനത്തോടുള്ള കടപ്പാട് എങ്ങനെയാണ് വാക്കുകളില്‍ ഒതുക്കാനാവുക!
പ്രവൃത്തിപഥത്തില്‍ ഏവരുടേയും പിന്തുണ ഇനിയുമുണ്ടാവണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications