അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കെപിസിസി വഹിക്കും; റെയിൽവേയെ ഇക്കാര്യം അറിയിച്ചെന്ന് മുല്ലപ്പള്ളി
ദില്ലി; അതിഥി തൊഴിലാളികളുടെ യാത്രച്ചെലവ് കെപിസിസി വഹിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചീഫ് സെക്രട്ടറിയേയും റെയിൽവേയേയും ഇക്കാര്യം അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു. നിർധനരായ അതിഥി തൊഴിലാളികൾക്കളുടെ യാത്രക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാവിലെ പറഞ്ഞിരുന്നു. അതത് കെപിസിസികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായും സോണിയ വ്യക്തമാക്കിയിരുന്നു.
അതിഥിത്തൊഴിലാളികളെ സഹായിക്കാനായി ഇന്ദിരാഭവനില്‍ സെല്‍ തുറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. അതിഥി തൊഴിലാളികളോടു സര്‍ക്കാരുകള്‍ കാണിക്കുന്ന നയം നീതികരിക്കാനാവില്ല. പ്രവാസികളെ മടക്കികൊണ്ടുവരാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും തിരുവനന്തപുരത്ത് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് വൻ തുക ഈടാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കൂടി നല്‍കേണ്ടി വന്നത് ഇരുട്ടടിയായിരിക്കുകയാണ്. സ്ലീപ്പര്‍ ടിക്കറ്റ് ചാര്‍ജാണ് ഇവരില്‍ നിന്ന് ഈടാക്കുന്നത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് സൗജന്യ വിമാന യാത്ര ക്രമീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമ്പോൾ ഗുജറാത്തിലെ ഒരു പൊതുപരിപാടിക്ക് 100 കോടി മുടക്കുമ്പോൾ പിഎം കൊറോണ ഫണ്ടിലേക്ക് 150 കോടി നൽകാൻ റെയിൽവേ തയ്യാറാകുമ്പോൾ അതേ മര്യാദയും ഉത്തരവാദിത്തവും എന്തേ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിക്കാത്തതെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ ചോദ്യം.
അതേസമയം ട്രെയിനുകളിൽ ചാർജ്ജ് ഈടാക്കാനുള്ള തിരുമാനം മനപ്പൂർവ്വമാണെന്നായിരുന്നു റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് വ്യക്തമാക്കിയത്. യാത്ര സൗജന്യമാക്കിയാൽ നിരവധി തൊഴിലാളികൾ മടക്ക യാത്രയ്ക്ക് ഒരുങ്ങും. ഇതോടെ സ്റ്റേഷനുകളിൽ എത്തുന്നവർ ആരെന്നോ ആരൊക്കെയാണോ യാത്ര നടത്തുന്നതെന്നോയുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യുന്നത് സങ്കീർണമാകും. ഇപ്പോൾ സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തിയിരിക്കുന്നത് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥിക്കുമാണ്. പൊതുജനങ്ങൾക്കല്ലെന്നും യാദവ് പറഞ്ഞു.
അതിനിടെ വിമർശനം ശക്തമായതോടെ തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കില്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. യാത്രാചെലവിന്റെ 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications