'അങ്ങനെയൊരു മൂരാച്ചി ഭർത്താവ് അല്ല ഞാൻ'; കളക്ടറോ രാഷ്ട്രീയക്കാരനോ ആരാണ് റൊമാന്റിക്? മറുപടി
തിരുവനന്തപുരം: 2017 ൽ ആയിരുന്നു കോൺഗ്രസ് നേതാവായ കെ എസ് ശബരീനാഥും കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ശബരീനാഥ്. ദിവ്യ പത്തനംതിട്ട ജില്ലാ കളക്ടറും.
തങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വിവാഹ ജീവിതത്തെ കുറിച്ചും പരസ്പര ഇഷ്ടങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഇപ്പോൾ ഇരുവരും. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. വായിക്കാം

അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം പഠിപ്പിച്ചത് എന്തെന്ന ചോദ്യത്തിന് സഹനശക്തിയാണെന്നായിരുന്നു ചെറു ചിരിയോടെ ശബരീനാഥൻ പറഞ്ഞത്. ഇതിനിടയിൽ ദിവ്യ ഇടപെട്ടു ആര് ആരെ പഠിപ്പിച്ചു എന്നതാണ് ചോദിക്കേണ്ടതെന്നായിരുന്നു തമാശാ രൂപേണ ദിവ്യയുടെ വാക്കുകൾ. 'എല്ലാവർക്കും ജീവിതത്തിൽ അവരുടേതായ സ്പേസ് ഉണ്ടെന്ന് താൻ പഠിച്ചു. സ്പേസ് കൊടുക്കുക, സ്പേസ് വാങ്ങുക എന്നതാണ് ഉദാത്തമായ ദാമ്പത്യ ബന്ധത്തിന് ആവശ്യം', ശബരി പറഞ്ഞു.

'ദാമ്പത്യ ബന്ധം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിന് രണ്ട് പേരുടേയും ഐഡന്റിറ്റി കാത്ത് സൂക്ഷിക്കണമെന്ന കാര്യം ഞങ്ങൾ രണ്ട് പേരും ശ്രദ്ധിച്ചിട്ടുണ്ട്. അതല്ലാതെ വ്യക്തിപരമായി പറയുകയാണെങ്കിൽ അൽപം ഹ്യൂമർസെൻസ് എനിക്ക് വന്നിട്ടുണ്ട്', ദിവ്യ പറഞ്ഞു.

'കേരളത്തിൽ തന്നെ വളരെ നന്നായി മലയാളം പറയുന്നയാൾ ദിവ്യയാണ്. എനിക്ക് അങ്ങനെ ഇംഗ്ലീഷ് വാക്കുകളൊന്നും വരാതെ ചിലകാര്യങ്ങൾ പറയാൻ സാധിക്കില്ല. പക്ഷേ ദിവ്യ വ്യക്തിമായി എല്ലാ വാക്കുകളും മലയാളത്തിൽ പറയും. പലരും എന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ട്', അഭിമുഖത്തിൽ ദിവ്യയുടെ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന കഴിവിനെ കുറിച്ചുള്ള ചോദ്യത്തിന് ശബരീനാഥൻ പറഞ്ഞു.

'ശബരിയുമായുള്ള ജീവിതത്തിൽ നിരവധി കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ടത് ഭക്ഷണം തന്നെയായിരുന്നു. ഞാൻ വെജിറ്റേറിയനും ശബരി നോൺ വെജിറ്റേറയിനുമാണ്. അത് ഞങ്ങൾ അതുപോലെ തന്നെ തുടരുന്നു', ദിവ്യ പറഞ്ഞു. താൻ വെജിറ്റേറിയനായെന്നാണ് ദിവ്യയുടെ ബന്ധുക്കൾ കരുതി കാണുക. ഈയടുത്താണ് ദിവ്യയുടെ മാതാപിതാക്കൾ പോലും താൻ നോൺ വെജ് തുടരുകയാണെന്ന് അവർ മനസിലാക്കിയത്'

ജാഡ കൂടുതൽ ആർക്കാണെന്ന് ചോദ്യത്തിന് അത് സാഹചര്യം അനുസരിച്ചായിരിക്കുമെന്നായിരുന്നു ഇരുവരുടേയും മറുപടി. 'ജാഡയാണോയെന്ന് അറിയില്ല എന്നാൽ ശബരിക്ക് പബ്ലിക്ക് സ്പേസിൽ പോകുമ്പോൾ ഭയങ്കരമായി പ്രിം ആന്റ് പ്രോപ്പറായി ഇരിക്കണമെന്നത് നിർബന്ധമാണ്. സിനിമാ തീയറ്റിൽ പോയാൽ സാധാരണ ആസ്വാദയെന്ന നിലയിൽ ഞാൻ ചിരിക്കുകയും കരയുകയും ഒച്ചവെയ്ക്കുകയുമെന്ന ചെയ്യും. ശബരി പറയും അങ്ങനെ ചെയ്യല്ലേ ആളുകൾ കാണുമെന്ന്. ഇതിലെന്താണ് ആളുകൾ കണ്ടാൽ എല്ലാവരും കാണുന്നതല്ലേയെന്ന് ഞാൻ ചോദിക്കും',ദിവ്യ പറഞ്ഞു.

ഇതിനോട് ശബരിയുടെ മറുപടി ഇങ്ങനെ- അച്ഛനൊരു രാഷ്ട്രീയക്കാരനായിരുന്നല്ലോ, അതുകൊണ്ട് തന്നെ എന്ത് ചെയ്താലും ആളുകൾ നമ്മളെ ശ്രദ്ധിക്കുമെന്നൊരു തോന്നൽ ചെറുപ്പത്തിലേ ഉണ്ട്. കുടുംബത്തിന്റെ കൂടെ പുറത്ത് പോകമ്പോൾ പെട്ടെന്നൊരു ചട്ടക്കൂട് ഉള്ളതായി എനിക്ക് തോന്നും.എന്നാൽ സുഹൃത്തുക്കളുടെ കൂടെ പോകുമ്പോൾ അങ്ങനെ ഇല്ല. അത് മാറ്റേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്' , ശബരി പറഞ്ഞു. അതിനിടെ വീട്ടിലെ സ്പീക്കർ ആരെന്ന ചോദ്യത്തിന് അമ്മ എന്നയായിരുന്നു രണ്ട് പേരും നൽകിയ മറുപടി.

വീട്ടിൽ വഴക്ക് ഉണ്ടാകാറുണ്ടോയെന്ന ചോദ്യത്തിന് അതിന് ഇപ്പോൾ സമയം ലഭിക്കുന്നില്ലെന്നായിരുന്നു ശബരിയുടെ മറുപടി. കളക്ടറാണോ രാഷ്ട്രീയക്കാരനാണോ കൂടുതൽ റൊമാന്റിക് എന്ന ചോദ്യത്തിന് എനിക്കാണ് കൂടുതൽ കവി ഹൃദയം ഉള്ളതെന്നായിരുന്നു ദിവ്യ നൽകിയ മറുപടി. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും കാവ്യാത്മകമായും മനോഹാരിതയോടും കൂടി ചിന്തിക്കുന്നത് ഞാനാണെന്ന് ദിവ്യ പറഞ്ഞു. കൂടുതൽ പ്രണയ ലേഖനം ലഭിച്ചയാൾ താനാണെന്നും ചിരിച്ച് കൊണ്ട് ദിവ്യ പറഞ്ഞു. ജയജയജയജയഹേ എന്ന ചിത്രത്തിന് യഥാർത്ഥ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യത്തിന് താനൊരിക്കലും അത്തരമൊരു മൂരാച്ചി ഭർത്താവ് അല്ല ഞാൻ എന്നായിരുന്നു ശബരി നൽകിയ മറുപടി.












Click it and Unblock the Notifications