കുഞ്ഞിനെ കയ്യിലേന്തി വേദിയില്‍ കളക്ടര്‍: ഓവറാക്കി ചളമാക്കിയെന്ന് കമന്റ്, മറുപടിയുമായി ശബരീനാഥന്‍
പത്തനംതിട്ട: ആറാമത്ത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേഖലയില്‍ കുഞ്ഞുമായി വേദിയിലെത്തി പ്രസംഗിച്ച ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരെ വിമര്‍ശിച്ച ഗാനരചയിതാവ് രാജീവ് ആലുങ്കലിന് മറുപടിയുമായി കളക്ടറുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ രാജീവ് ആലുങ്കല്‍ പങ്കുവച്ച കമന്റിനാണ് ശബരിനാഥന്‍ മറുപടി നല്‍കിയത്.

ഇത് അനുകരണീയമല്ല. കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത് .ഇത് അവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കിയെന്നാണ് രാജീവ് ആലുങ്കല്‍ കമന്റായി കുറിച്ചത്. ഈ കമന്റിന് മറുപടിയുമായാണ് കെ എസ് ശബരീനാഥന്‍ രംഗത്തെത്തിയത്.

ആറു ദിവസവും ജോലി ചെയ്തു ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമില്‍ ക്ഷണം സ്വീകരിച്ചു പോയപ്പോള്‍ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചകമല്ല കവി. പിന്നെ അവധി ദിവസം അവന്‍ അമ്മയുടെ പുറകെ നടന്നാല്‍ പറ്റില്ല എന്ന് പറയാന്‍ കഴിയുമോ ? ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജന പ്രതിനിധി സഭകളിലും വനിതകള്‍ കൈകുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ലോകം മാറുകയാണ് ,നമ്മളും - കെ എസ് ശബരീനാഥന്‍ ഫേസ്ബുക്ക് കമന്റായി കുറിച്ചു.

ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം ആദരണീയ കളക്റ്റര്‍ നിര്‍വഹിച്ചപ്പോള്‍ വേദിയില്‍ മുഖ്യാകര്‍ഷണം ആയി മകന്‍ മല്‍ഹാര്‍ എന്നായിരുന്നു ചിറ്റയം ഗോപകുമാര്‍ പങ്കുവച്ച വീഡിയോയുടെ തലക്കെട്ട്. ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിലേക്കാണ് മുഖ്യപ്രഭാഷകയായി കളക്ടര്‍ എത്തിയത്.

ഈ സമയത്ത് മകനെ എടുക്കുകയും കളക്ടര്‍ പ്രസംഗം തുടരുകയുമായിരുന്നു. ഇതിനെതിരെയാണ് രാജീവ് ആലുങ്കല്‍ കമന്റ് പങ്കുവച്ചത്. ചിലര്‍ രാജീവ് ആലുങ്കലിന്റെ കമന്റിന് പിന്തുണച്ചെങ്കിലും മറ്റ് ചിലര്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതൊന്നും
വിവാദമാക്കാതെ..അമ്മയോട് കൊഞ്ചുന്ന കുഞ്ഞ്. ആ മാതൃഭാവം.. സിനിമ സര്‍ഗ്ഗാത്മകമായ കല. കളക്ടര്‍ പിന്തുണ എന്നായിരുന്നു ഒരാള്‍ കളക്ടറെ പിന്തുണച്ച് പങ്കുവച്ച കമന്റ്.

സ്വന്തം കുഞ്ഞിനെ കൂടെ തന്നെ കൊണ്ട് നടക്കണം, കളക്ടര്‍ ആണെന്നു കരുതി സ്വന്തം കുഞ്ഞു സ്വന്തം കുഞ്ഞുതന്നെ അല്ലാ താകുന്നില്ലല്ലോ. മറ്റുള്ള അമ്മമാര്‍ക്ക് കളക്ടര്‍ മാതൃക ആയി. കുട്ടികളെ മുറിക്കുള്ളില്‍ മാത്രം തളച്ചിടരുത് വല്ലപ്പോളെങ്കിലും ഇത്തരം പരിപാടികളില്‍ കൊണ്ടുപോകുന്നത് നല്ലതാണ്. മറ്റുള്ളവരും മാതൃകയാക്കട്ടെ. ഭാവുകങ്ങള്‍ നേരുന്നു- എന്നാണ് മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.












Click it and Unblock the Notifications