'ഫണ്ട് ഇല്ലെങ്കിൽ എന്താ, പുതിയ കിയ കാര്‍ണിവൽ; സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ തോറ്റു പോകുമല്ലോ'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ നാല് എസ് യു വികള്‍ വാങ്ങുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാര്‍ണിവലുമാണ് വാങ്ങുന്നത്. നേരത്തെ ഹാരിയറാണ് വാങ്ങാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് കാര്‍ണിവല്‍ വാങ്ങാന്‍ ഡി ജി പി നിര്‍ദ്ദേശിക്കുകയായിരുന്നു. നാല് വാഹനങ്ങള്‍ക്ക് കൂടി 88,69,841 രൂപയാണ് വിലയിരുത്തിയിരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ അടുത്താണ് മുഖ്യമന്ത്രിക്കും എസ്‌കോര്‍ട്ടിനുമായി കറുത്ത ഇന്നോവകള്‍ വാങ്ങിയത്. പിന്നാലെ തന്നെ പുതിയ വാഹനം വീണ്ടും വാങ്ങുന്നതിനെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍.

മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍ ആണെന്ന് ശബരിനാഥന്‍ പറയുന്നു,. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ തോറ്റു പോകുമല്ലോ എന്ന് ശബരിനാഥന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ശബരിനാഥന്റെ വാക്കുകളിലേക്ക്...
മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവള്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും 88,69,841 രൂപ മാത്രം..
കെ എസ് ആര്‍ ടി സിക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ! എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതി.
അതേസമയം, ഏറ്റവും ഒടുവിലായി വാങ്ങിയ ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാന്യം കണക്കിലെടുത്ത് എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിര്‍ത്തണമെന്നും ഡി ജി പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ഇന്നോവകളും കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് അനുമതി നല്‍കണമെന്നുമുള്ള ഡിജിപിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം












Click it and Unblock the Notifications