ജാനകിയെ കൊന്നതാര്? കിണറ്റിലെ വെള്ളം വറ്റിച്ച് പോലീസ്, നാട്ടുകാരുടെ യോഗം വിളിച്ചു, ഒടുവില്‍...
കാസര്‍കോട്: പുലിയന്നൂരിലെ പിവി ജാനകിയുടെ കൊലപാകത്തില്‍ പോലീസ് നടത്തുന്നത് വിചിത്രമായ അന്വേഷണം. ഒന്നര മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് കിണറ്റിലെ വെള്ളം വറ്റിച്ചും നാട്ടുകാരുടെ യോഗം വിളിച്ചും വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കുന്നു. ഒരു തരത്തില്‍ നാട്ടുകാര്‍ക്ക് പൊല്ലാപ്പായി മാറുകയാണ് പോലീസിന്റെ നീക്കങ്ങള്‍. ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചിലര്‍ പറഞ്ഞു തുടങ്ങി. നാട്ടുകാരുടെ സഹായമില്ലാതെ അക്രമികള്‍ക്ക് കൊലപാതകം നടത്താന്‍ സാധിക്കില്ലെന്ന് പോലീസ് സംശയിക്കുന്നു. പലവിധ തന്ത്രങ്ങള്‍ മെനഞ്ഞിട്ടും കൊലപാതകികളെ കുറിച്ച് ഒരുവിവരം പോലീസിന് ലഭിച്ചില്ല. ഒടുവില്‍ തടിതപ്പാന്‍ പോലീസ് ഒരുങ്ങുന്നുവെന്നാണ് വിവരം.

കഴുത്തറുത്ത് കൊലപാതകം
ചീമേനിക്കടുത്ത റിട്ടയേഡ് അധ്യാപികയായ പിവി ജാനകിയെ അക്രമികള്‍ കഴുത്തറുത്താണ് കൊന്നത്. ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ ക്രൂരമായി ആക്രമിച്ച ശേഷമായിരുന്നു ജാനകിയെ കൊലപ്പെടുത്തിയത്. മോഷണ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

മൂന്നംഗ സംഘം
മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കൊല നടത്തിയത്. ഡിസംബര്‍ 12നാണ് സംഭവം. രാത്രി പത്തു മണിയോടെ വീട്ടിലെത്തിയ അക്രമികള്‍ വാതില്‍ മുട്ടി വിളിക്കുകയായിരുന്നു. ജാനകി വാതില്‍ തുറന്നപ്പോള്‍ തന്നെ അക്രമികള്‍ അകത്തുകയറി.

കുത്തി വീഴ്ത്തി
ജാനകിയെ കുത്തി വീഴ്ത്തി. ശബ്ദം കേട്ടെത്തിയ കൃഷ്ണന്റെ കഴുത്തിന് വെട്ടി. ജാനകിയുടെ ആഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നു. ഹിന്ദി ഭാഷ സംസാരിച്ചവരാണ് അക്രമം നടത്തിയതെന്ന് പ്രചാരണമുണ്ടായിരുന്നു.

മണിക്കൂറുകള്‍ക്കകം മുങ്ങി
എന്നാല്‍ ഹിന്ദി ഭാഷ സംസാരിച്ചത് മനപ്പൂര്‍വമാണെന്നും കേസന്വേഷണം വഴിതിരിച്ചുവിടാന്‍ അക്രമികള്‍ നടത്തിയ തന്ത്രമായിരിക്കാം ഇതെന്നും പോലീസ് സംശയിക്കുന്നു. കൊലപാതകം നടന്നു മണിക്കൂറുകള്‍ക്കകം അക്രമികള്‍ ഗ്രാമം വിട്ടിരുന്നു.

വന്‍ പട
സംഭവം വിവാദമായതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വന്‍ പട തന്നെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത്. പക്ഷേ, ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. യാതൊരു തെളിവും അവശേഷിക്കാതെയാണ് അക്രമികള്‍ കൊലപാതകം നടത്തിയത്.

നാട്ടുകാരുടെ സഹായം
പുലിയന്നൂര്‍ ഗ്രാമത്തില്‍ നിന്ന് പ്രതികള്‍ സംഭവം നടന്നു നിമിഷങ്ങള്‍ക്കകം രക്ഷപ്പെട്ടുവെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചുവെന്നാണ് പോലീസ് പരിശോധിക്കുന്നത്. നാട്ടുകാരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കാനും കാരണം ഇതുതന്നെ.

150 പേരുടെ ഫോണ്‍
ഗ്രാമത്തിലെ 150 പേരുടെ ഫോണ്‍ നമ്പര്‍ പോലീസ് പരിശോധിച്ച് വരികയാണ്. നിരവധി പേരെ ചോദ്യം ചെയ്തു. സംശയമുള്ള എല്ലാവരെയും വിളിപ്പിക്കുന്നുണ്ട്. എന്നിട്ടൊന്നും ഒരു തെളിവും ലഭിച്ചില്ല.

കിണര്‍ വറ്റിച്ചു
കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെ പോലാസ് ജാനകിയുടെ വീട്ടിലെ കിണര്‍ വറ്റിച്ചു പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. നാട്ടുകാരുടെ യോഗം വിളിച്ച് അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെടുന്ന വിചിത്ര സാഹചര്യവും ഈ കേസിലുണ്ടായി.

മഹാരാഷ്ട്ര വരെ
കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മഹാരാഷ്ട്ര വരെ അന്വേഷണം നീണ്ടിരുന്നെങ്കിലും ഇതുവരെ തുമ്പ് ലഭിക്കാത്തത് പോലീസിനെ കുഴക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള ശ്രമം നടക്കുന്നുണ്ട്.

എങ്ങനെ അറിഞ്ഞു
മഹാരാഷ്ട്ര വരെ അന്വേഷണം നടത്തിയിട്ടും തുമ്പില്ലാത്ത സാഹചര്യത്തിലാണ് അക്രമികള്‍ ഹിന്ദി സംസാരിച്ചത് തന്ത്രമായിരിക്കുമോ എന്ന് പോലീസ് സംശയിക്കാന്‍ കാരണം. പ്രാദേശിക സഹായമില്ലാതെ ഒരു ഗ്രാമത്തിലെത്തി കൊലപാതകം നടത്തി രക്ഷപ്പെടാന്‍ കഴിയില്ലെന്നും പോലീസ് കരുതുന്നു. മാത്രമല്ല, വീട്ടില്‍ ആഭരണങ്ങളും പണവും സൂക്ഷിച്ച കാര്യം അക്രമികള്‍ എങ്ങനെ അറിഞ്ഞെന്നും പോലീസ് പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications