കെഎസ്ഇബിയുടെ കൊലച്ചതി! ലൈനില്‍ മുട്ടിയെന്ന് പറഞ്ഞ് 406 കുലവാഴകള്‍ വെട്ടിനിരത്തി; കര്‍ഷകന് ലക്ഷങ്ങള്‍ നഷ്ടം
കോതമംഗലം: വാഴയില ലൈനില്‍ തട്ടിയെന്ന പേരില്‍ കുലച്ച നൂറ് കണക്കിന് വാഴകള്‍ വെട്ടിനിരത്തി കെ എസ് ഇ ബി അധികൃതര്‍. കോതമംഗലം വാരപ്പെട്ടിയില്‍ ആണ് സംഭവം. 220 കെവി ലൈനിന് താഴെയുള്ള സ്ഥലത്ത് കൃഷി ചെയ്ത 406 ഏത്തവാഴകളാണ് വെട്ടിയത്. ലൈനില്‍ തട്ടിയതിന്റെ പേരിലാണ് മുന്നറിയിപ്പ് പോലുമില്ലാതെ കെ എസ് ഇ ബി അധികൃതരുടെ നടപടി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കര്‍ഷകനുണ്ടായിരിക്കുന്നത്.
ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയതെന്ന് കര്‍ഷകനായ വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസ് പറഞ്ഞു. ഒമ്പത് മാസം പ്രായമായ കുലവാഴകളാണ് നശിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുന്ന കുലകളായിരുന്നു ഇവയെന്ന് തോമസിന്റെ മകന്‍ അനീഷ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് മൂലമറ്റത്ത് നിന്നെത്തിയ കെ എസ് ഇ ബി ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്.

രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണ തോമസിനുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. അതേസമയം അപകടമൊഴിവാക്കാനാണ് വാഴ വെട്ടിയത് എന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്. സംഭവ ദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിയിരുന്നു. രണ്ട് മാസം മുന്‍പും ഇത്തരത്തില്‍ അപകടമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അപകടമൊഴിവാക്കാനായിരുന്നു നടപടി.
അതേസമയം ഈ ഭാഗത്ത് ടവര്‍ ലൈന്‍ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്നും രണ്ട് ടവറുകള്‍ക്കിടയില്‍ അകലം കൂടുതലായതിനാല്‍ ലൈനുകളില്‍ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയില്‍ മുട്ടാന്‍ കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ലൈനില്‍ മുട്ടാന്‍ സാധ്യതയുള്ള വാഴക്കൈ വെട്ടിനീക്കിയാല്‍ തീരാവുന്ന പ്രശ്നത്തിന് പകരമാണ് വാഴ വെട്ടിവീഴ്ത്തിയിരിക്കുന്നത് എന്ന് അനീഷ് പറഞ്ഞു.
വെട്ടിനീക്കിയതിനാല്‍ ഇന്‍ഷുറന്‍സ് ലഭിക്കാനും സാധ്യതയില്ല. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി, കൃഷി വകുപ്പ് മന്ത്രിമാരും രംഗത്തെത്തി. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ വിളകള്‍ വെട്ടിനശിപ്പിച്ചത് ക്രൂരതയാണ്.
ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും എന്നാല്‍ ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ പാടില്ലെങ്കില്‍ നേരത്തേ തന്നെ അറിയിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതാഘാതം മൂലം ഒരു ജീവന്‍ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല. എന്നാല്‍ വാഴകുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
വിഷയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും പ്രസാദ് പറഞ്ഞു. ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേണ്ട നടപടികളെടുക്കും എന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കെ എസ് ഇ ബിയുടെ നടപടിയില്‍ സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications