അടിമക്കാലം പോയെന്ന് ഓര്‍മ്മിപ്പിച്ച് ആനത്തലവട്ടം ആനന്ദന്‍, വൈദ്യുതി ഭവന്‍ വളഞ്ഞ് സമരക്കാര്‍; പോര് മുറുകുന്നു
തിരുവനന്തപുരം: കെ എസ് ഇ ബി തര്‍ക്കം തുറന്ന പോരിലേക്ക്. വൈദ്യുതി ബോര്‍ഡിലെ സി പി ഐ എം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷനും ചെയര്‍മാന്‍ ബി അശോകും തമ്മിലുള്ള പോര് തെരുവിലേക്ക് കടന്നിരിക്കുകയാണ്. സമരം നിരോധിച്ച് കൊണ്ടുള്ള ചെയര്‍മാന്റെ ഉത്തരവ് ലംഘിച്ച് കെ എസ് ഇ ബി ജീവനക്കാര്‍ വൈദ്യുതി ഭവന്‍ വളഞ്ഞു. വൈദ്യുതി ഭവന്‍ വളയലിന് ബോര്‍ഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇത് വക വെക്കാതെയാണ് ജീവനക്കാരുടെ പ്രതിഷേധം.
അതേസമയം വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിനെത്തിയ ജീവനക്കാരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ വൈദ്യുതി ഭവന് മുന്നിലെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അടിമക്കാലം പോയി. ഘടകകക്ഷി മന്ത്രിമാരും പ്രവര്‍ത്തിക്കുന്നത് മുന്നണിയുടെ നയത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രതിഷേധ സമരത്തില്‍ പങ്കെടുത്താല്‍ പ്രത്യേക അച്ചടക്ക നടപടികള്‍ എടുക്കുമെന്ന് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റം പിന്‍വലിക്കില്ലെന്നും ചെയര്‍മാന്‍ അശോക് വ്യക്തമാക്കി. വൈദ്യുതി ഭവന് മുന്നില്‍ കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം ചെയ്താല്‍ സര്‍വീസ് ചട്ട ലംഘനത്തിനു പ്രത്യേക നടപടിയുണ്ടാകുമെന്ന ഉത്തരവ് ലംഘിച്ചാണ് വൈദ്യുതി ഭവന്റെ കവാടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.
Recommended Video

അതേസമയം പാലക്കാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട്ടായതിനാല്‍ മന്ത്രിതല ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. മന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തിയശേഷം ചര്‍ച്ചകള്‍ നടത്തും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ചെയര്‍മാന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ പിന്‍വലിക്കുക, സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനൊപ്പം നേതാക്കളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സമരം നടത്തുന്നത്.
സംഘടനാ ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍, സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, വനിതാ നേതാവ് ജാസ്മിന്‍ ബാനു എന്നിവരെയാണ് മാനേജ്‌മെന്റ് സ്ഥലം മാറ്റിയത്. അതിനിടെ ഓഫിസേഴ്‌സ് അസോസിയേഷന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. അദ്ദേഹം തയാറായാല്‍ ചര്‍ച്ച നടത്തും എന്ന് സംഘനാ നേതാക്കള്‍ അറിയിച്ചു. പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ മേയ് 15 മുതല്‍ നിസഹകരണ സമരം ആരംഭിക്കാനാണ് തീരുമാനം. അതിന് മുന്‍പായി ജനമധ്യത്തില്‍ പ്രശ്‌നങ്ങള്‍ വിശദീകരിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications