ഡിസംബറിലെ വൈദ്യുതി ബില്ല് കുറയും..!! ഇന്ധന സര്‍ചാര്‍ജ് കുറച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഉപഭോക്താക്കള്‍ക്ക് ഡിസംബറിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും എന്ന് കെ എസ് ഇ ബി അറിയിച്ചു. ഇന്ധന സര്‍ചാര്‍ജില്‍ ഗണ്യമായ കുറവ് വരും എന്നാണ് കെ എസ് ഇ ബി പറയുന്നത്. സെപ്റ്റംബര്‍ - നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെയാണ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കിയിരുന്നത്.
ഇത് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു. ഇതോടെ ഇനി പ്രതിമാസ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 5 പൈസയും, രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 8 പൈസയുമായി ഇന്ധന സര്‍ചാര്‍ജ് കുറയും. നേരത്തെ സര്‍ചാര്‍ജ് പരിധി എടുത്ത് കളഞ്ഞതോടെ വൈദ്യുതി നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യതി മന്ത്രിയുടെ ഓഫീസ് പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് പരമാവധി 10 പൈസ എന്ന പരിധി ഒഴിവാക്കുന്നതോടെ വൈദ്യുതി നിരക്ക് കൂടാന്‍ വഴിയൊരുങ്ങും എന്ന തരത്തില്‍ ആയിരുന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നത്. ഓരോ സമയത്തും പുറത്തു നിന്നു കെ എസ് ഇ ബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക പരിധിയില്ലാതെ സര്‍ചാര്‍ജ് ചുമത്താന്‍ ഇത് അവസരമൊരുക്കും എന്നായിരുന്നു വിമര്‍ശനം.
ഉപയോക്താക്കള്‍ക്ക് അമിത ഭാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ സര്‍ചാര്‍ജിന് പരിധി നിശ്ചയിച്ചത്. കെ എസ് ഇ ബി ആവശ്യപ്പെടുന്ന തുക കൂടുതലാണെങ്കില്‍ പല മാസങ്ങളിലായി ഇത് തിരിച്ചുപിടിക്കാം. എന്നാല്‍ 10 പൈസയെന്ന പരിധി ഇല്ലാതാകുന്നതോടെ കെ എസ് ഇ ബി ആവശ്യപ്പെടുന്ന സര്‍ചാര്‍ജ് എത്ര കൂടുതലാണെങ്കിലും റെഗുലേറ്ററി കമ്മിഷനു ബോധ്യപ്പെട്ടാല്‍ വൈദ്യുതി ബില്ലില്‍ ഈടാക്കിയേക്കും എന്നായിരുന്നു ആരോപണം.
മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അര ശതമാനം കൂടി കടമെടുപ്പുപരിധി കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥ പാലിക്കാനാണ് ഇന്ധന സര്‍ചാര്‍ജിലെ ഉയര്‍ന്ന പരിധി നീക്കിയത് എന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തേ റഗുലേറ്ററി കമ്മിഷന് കത്തു നല്‍കിയെങ്കിലും നയപരമായ തീരുമാനമായതിനാല്‍ ഉത്തരവിറക്കണം എന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വൈദ്യതി മന്ത്രിയുടെ ഓഫീസ് പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications