ധനമന്ത്രി ചന്ദ്രഹാസമിളകുന്നു; മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് വന്‍ വിവാദമായിരുന്നു. തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആരുടെ വട്ടാണെന്ന് അറിയില്ലെന്നായിരുന്നു ധനമന്ത്രി പ്രതികരിച്ചത്. ഇപ്പോഴിതാ ധനമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ് എന്ന് തോമസ് ഐസക് ഓര്‍ക്കണമെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിക്കാണോ വട്ടെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളകുന്നു. അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്തുകൊണ്ടാണ് പൊതുജനങ്ങളെ അറിയിക്കാത്തത്. കെഎസ്എഫ്ഇയില്‍ ഗുരുതരമായ അഴിമതിയാണ് നടക്കുന്നത്. റെയ്ഡ് ഇടയ്ക്ക് വച്ച് നിര്‍ത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ കഴിഞ്ഞ ദിവസാണ് വ്യാപക വിജിലന്‍സ് റെയ്ഡ് നടന്നത്.. ഓപ്പറേഷന് ബചത് എന്ന പേരിലുളള റെയ്ഡില്‍ വിജിലന്‍സ് വ്യാപക സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി റെയ്ഡുകളില് വിജിലന്‍സ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നോ എന്നും വിജിലന്‍സ് സംശയിക്കുന്നതായാണ് സൂചന. ബിനാമി പേരുകളില്‍ ചില ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കെഎസ്എഫ്ഇയിലെ ചില ബ്രാഞ്ച് മാനേജര്‍മാര്‍ ചിട്ടികളിലെ ക്രമക്കേടിന് ഒത്താശ നല്‍കുന്നതായുളള പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് നാല്പതോളം ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഇതില്‍ 35 ഓഫീസുകളിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെ ഒരു കെഎസ്എഫ്ഇ ബ്രാഞ്ചില്‍ രണ്ട് പേര് 20 ചിട്ടികളിലും ഒരാള്‍ പത്ത് ചിട്ടികളിലും ചേര്‍ന്നതായി കണ്ടെത്തി.