ആഴക്കടൽ മത്സ്യബന്ധനം: കെഎസ്ഐഎൻസിയും അമേരിക്കൻ കമ്പനിയുമായി 2950 കോടിയുടെ പദ്ധതിക്ക് ധാരണ
തിരുവനന്തപുരം: കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനുതകുന്ന 2950 കോടി രൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആൻറ് ഇൻലാൻറ് നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനി ഇ.എം.സി.സി ഇൻറർനാഷണലും കൈകോർക്കുന്നു. കെ.എസ്.ഐ.എൻ.സി എം.ഡി എൻ.പ്രശാന്തും ഇ.എം.സി.സി ഇൻറർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'അസൻഡ് 2020' നിക്ഷേപസമാഹരണ പരിപാടിയിൽ ഇ.എം.സി.സിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. മത്സ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെ.എസ്.ഐ.എൻ.സിയുടെ സഹായത്തോടെ ഇ.എം.സി.സി കേരളത്തിൽ നിർമിക്കുക. നിലവിൽ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പദ്ധതി.

ഇ.എം.സി.സിക്ക് ട്രോളറുകൾ നിർമിക്കാൻ അടിസ്ഥാനസൗകര്യങ്ങൾ കെ.എസ്.ഐ.എൻ.സി ഒരുക്കും. ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളർ നിർമിക്കാൻ ചെലവ്. ഇവ നിലവിലെ മത്സ്യത്തൊഴിലാളികൾക്കാണ് വിതരണം ചെയ്യുക. ഇത്രയും ട്രോളറുകൾ മത്സ്യ ബന്ധനം നടത്തി തിരിച്ചെത്തുമ്പോൾ അവയ്ക്ക് അടുക്കാൻ നിലവിലുള്ളവയ്ക്കൊപ്പം പുതിയ ഹാർബറുകളും കെ.എസ്.ഐ.എൻ.സി വികസിപ്പിക്കും. ഇത്തരത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യങ്ങൾ സംസ്‌കരിക്കാൻ ഇ.എം.സി.സി കേരളത്തിൽ യൂണിറ്റുകൾ തുറക്കും. ഇവിടെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് പ്രഥമ പരിഗണന നൽകും.
കേരളത്തിൽ തുറക്കുന്ന 200 ഔട്ട്‌ലെറ്റുകൾ വഴി സംസ്‌കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതി.
പദ്ധതിവഴി 25,000 ൽപരം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്ന് കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത് പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) ഗവേഷണ ആവശ്യങ്ങൾക്കായി ഒരു ട്രോളർ സൗജന്യമായി നൽകും. .എം.എഫ്.ആർ.ഐയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത മത്സ്യബന്ധനമാണ് ലക്ഷ്യം. ഇതിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികൾക്കായി ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പദ്ധതിയിൽ പണം മാറ്റിവയ്ക്കുന്നുണ്ട്. മുൻ ചീഫ് സെക്രട്ടറി ടോം ജോസാണ് കെ.എസ്.ഐ.എൻ.സി ചെയർമാൻ.












Click it and Unblock the Notifications