ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ ഊരിത്തെറിച്ചു പോയി
കൊച്ചി: എറണാകുളം ചിറ്റൂർ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ടയർ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂർ റോഡിൽ വൈഎംസിഎയ്ക്ക് സമീപത്ത് വെച്ച് ആയിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അര കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയർ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.

എന്നാൽ റോഡിൽ തിരക്കില്ലായിരുന്നു ബസിന് വേഗം കുറവായിരുന്നു, അതുകൊണ്ടു തന്നെ വലിയ അപകടമാണ് ഒഴിവായത്. റോഡരികിൽ നിർത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയർ പോയി ഇടിച്ചു നിന്നത്. കാറിന് നേരിയ കേടുപാടുണ്ട്. അപകടത്തിന് പിന്നാലെ എറണാകുളം ഡിപ്പോയിൽ നിന്നും ജീവനക്കാർ എത്തി ബസിൻ്റെ അറ്റകുറ്റപ്പണി നടത്തി മറ്റൊരു ടയർ പുനസ്ഥാപിച്ചു.
അതേസമയം, തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടനെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ഈ സമയംകൊണ്ട് ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടർന്നു. യാത്രക്കാരും കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ചത്.












Click it and Unblock the Notifications