ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 4 മരണം; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: പുല്ലുപ്പാറയ്ക്ക് സമീപം വിനോദയാത്ര സംഘവുമായി പോയ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 4 മരണം. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിച്ചത്. ഇന്ന് പുലർച്ചെ 6.30 യോടെയാണ് അപകടം നടന്നത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഘം തഞ്ചാവൂരിലേക്ക് പോയത്. തിരികെ ഇന്ന് പുലർച്ചെ മാവേലിക്കരയിൽ എത്തേണ്ടതായിരുന്നു. അതേസമയം അപകടകാരണം എന്താണെന്ന് വ്യക്തമല്ല. ബസിന്റെ ബ്രേക്ക് പോയതാകാം കാരണം എന്നാണ് റിപ്പോർട്ടുകൾ.
അപകടം ഉണ്ടായ കുട്ടിക്കാനം-മുണ്ടക്കയം മേഖല സ്ഥിരം അപകട വളവാണ്. ഇവിടെ അടുത്തിടെ ശബരിമല ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.












Click it and Unblock the Notifications