കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഒരുകോടി ലാഭത്തിൽ; മാസം ലഭിക്കുന്ന വരുമാനം കേട്ടാൽ ശരിക്കും ഞെട്ടും
തിരുവനന്തപുരം: ഒരു സമയത്ത് കെ എസ് ആർ ടി സിക്ക് നഷ്ടങ്ങളുടെ കഥ മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ലാഭക്കണക്കുകൾ ആണ് പറയാനുള്ളത്. ടിക്കറ്റിതര വരുമാനത്തിൽ ശ്രദ്ധകൊടുത്തതോടെയാണ് കെ എസ് ആർ ടി സിക്ക് ലാഭം ലഭിച്ചുതുടങ്ങിയത്. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ കെ എസ് ആർ ടി സി ആരംഭിച്ച ഒന്നായിരുന്നു കൊറിയർ ആന്റ് ലോജിസ്റ്റിക്സ്. ഈ സർവീസ് ഇപ്പോൾ ലാഭത്തിലാണ്. കൊറിയർ സർവീസ് ആരംഭിച്ച് ഒരു വർഷം കൊണ്ട് 3. 82 കോടി രൂപയാണ് നേടിയത്. ഒരു കോടിയോളം രൂപയാണ് ലാഭം.
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ജൂൺ 15 ന് സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നഗാർകോവിലിനെയും ബന്ധിപ്പിച്ച് ആരംഭിച്ച കൊറിയർ സർവീസ് പ്രവർത്തനം ഒരു വർഷമാകുമ്പോഴാണ് കെ എസ് ആർ ടി സിയുടെ ഈ നേട്ടം. 2023 ജൂൺ 15 ന് കൊറിയർ ആന്റ് ലോജിസ്റ്റിക്സ് പ്രവർത്തനം ആരംഭിക്കുമ്പോൾ 1,95,000 മാത്രമാണ് മാസ വരുമാനം. ഇന്ന് 45 ലക്ഷം പിന്നിട്ടതായി കെ എസ് ആർ ടി സി കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കുമെന്നാണ് കെ എസ് ആർ ടി സി പറയുന്നത്.

4,32,000 കൊറിയറുകളാണ് ഒരു വർഷത്തിനിടെ കെ എസ് ആർ ടി സി വഴി കൈമാറിയത്. ദിവസവും 2200 ഉപഭോക്താക്കളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന് കൺട്രോൾ റൂമിന്റെ പിന്തുണയുണ്ട്. വാതിൽപ്പടി സേവനവും ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ആണ് കെ എസ് ആർ ടി സി.
രണ്ടാം ഘട്ടം നടപ്പാകുന്നതോടെ വീടുകളിൽ നിന്ന് സാധനങ്ങൾ ശേഖരിക്കുന്ന തലത്തിലേക്ക് പദ്ധതി മാറും. സ്വകാര്യ കൊറിയർ സർവീസുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം നിരക്കിൽ കുറവുണ്ട്. ഈ സേവനം നിരവധിപേർ ഉപയോഗിക്കുന്നുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രണ്ട് വാൻ സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പും ഉണ്ട്.
സ്വകാര്യ കൊറിയർ സർവീസുകൾക്ക് വാനുകളിൽ സ്ഥലം വാടകയ്ക്ക് നൽകാനും ആലോചനയുണ്ട്. ഒരു കിലോ ഗ്രാം മുതൽ 120 കിലോ ഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ പാഴ്സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറിൽ പാഴ്സൽ, കൊറിയറുകൾ നൽകി പണം അടച്ചാൽ മതി. കെഎസ്ആർടിസിയുടെ കൊമേഴ്ഷ്യൽ വിഭാഗത്തിനാണ് നടത്തിപ്പ് ചുമതല.












Click it and Unblock the Notifications