കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിനായി ട്രാൻ ഡിപ്പോയുടെ മതിലിടിച്ചു: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം : വെള്ളനാട് - ചെറ്റച്ചൽ റോഡ് വികസനത്തിന്റെ ഭാഗമായി വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയുടെ മതിലിടിച്ചു. അനുമതിയില്ലാതെ മതിലിടിച്ചെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെയും ജെ.സി.ബി ഡ്രൈവർ എറണാകുളം എരുമല്ലൂർ കോതമംഗലം ചെറുവെട്ടൂർ ചേരുംമൂട്ടിൽ വീട്ടിൽ അജിത്തിനെയും (28)ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. തുടർന്ന് രാത്രി എട്ടോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ വെള്ളനാട് ശശി ഒന്നാം പ്രതിയും അജിത്ത് രണ്ടാം പ്രതിയുമാണ്.അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വെള്ളനാട്ട് ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ പ്രഖ്യാപിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് വെള്ളനാട് ഡിപ്പോയ്ക്ക് മുന്നിലെ പുറമ്പോക്ക് ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങളുണ്ടായത്.

velland

ഡിപ്പോ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് സ്ഥലത്തെത്തി ജെ.സി.ബി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് ജനകീയ പ്രതിഷേധം തുടങ്ങിയത്. രാവിലെ പിടികൂടിയ ജെ.സി.ബി ഡ്രൈവറെ വൈകിട്ടായിട്ടും വിടാത്തതിൽ പ്രതിഷേധിച്ച് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, വൈസ് പ്രസിഡന്റ് സജിത, ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ, രാജലക്ഷ്മി, ബിജുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തി. എന്നാൽ ഇയാളെ വിട്ട് കൊടുക്കാൻ പൊലീസ് വിസമ്മതിച്ചു.

ഇതോടെ വെള്ളനാട് നിന്ന് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി സ്റ്റേഷൻ ഉപരോധിച്ചു. ഡി.സി.സി സെക്രട്ടറി എൻ. ജയമോഹനൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. എൻ. രഞ്ചകുമാർ, വെള്ളനാട് ശ്രീകണ്ഠൻ, വൈസ് പ്രസിഡന്റ് സജിത, പുതുക്കുളങ്ങര മണികണ്ഠൻ, മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്ത്, കെ.കെ. രതീഷ് കുമാർ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം, ഫോർവേർഡ് ബ്ലോക്ക് മണ്ഡലം സെക്രട്ടറി ആർ.എസ്. ഹരി, വെള്ളനാട് ശൈലേന്ദ്രൻ, ആര്യനാട് ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉപരോധം അവസാനിപ്പിച്ച് പ്രതിഷേധക്കാർ ആര്യനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വെള്ളനാട്ട് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

സംഭവം വഷളായതോടെ നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ സ്റ്റേഷനിലെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ ഡ്രൈവറെ വിട്ടില്ലെങ്കിൽ തന്നെയും കോടതിയിൽ ഹാജരാക്കണമെന്ന് വെള്ളനാട് ശശി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി തീരുമാനമാണ് പ്രസിഡന്റ് നടപ്പാക്കിയതെന്നും തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് സജിതയും വനിതകൾ ഉൾപ്പെടെയുള്ള മെമ്പർമാരും മുന്നോട്ടുവന്നു. പിന്തിരിപ്പിക്കാൻ ഡിവൈ.എസ്.പി ശ്രമിച്ചെങ്കിലും വെള്ളനാട് ശശി തീരുമാനത്തിൽ നിന്ന് പിൻമാറിയില്ല. തുടർന്നായിരുന്നു അറസ്റ്റ്.

English summary
ksrtc depo's compound wall damaged for road construction,panchayath president arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X