ബൈക്കിന് സൈഡ് നൽകാത്തതിന് കെഎസ്ആർടിസി ബസ് ഡ്രൈവറെ തല്ലിച്ചതച്ചു
നെടുമങ്ങാട്: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് കെ എസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ചു. എന്നിട്ടും അരിശം മാറാത്ത യുവാവ് ബസിന്റെ സൈഡ് ഗ്ളാസ് കൂടി തകർത്ത ശേഷമാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ അരശുപറമ്പ് കൊപ്പം സ്വദേശി ഹാഷിമിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് 4.15ന് ആനാട് ആയിരുന്നു സംഭവം. കുളത്തൂപ്പുഴ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്. പിഎസ്സി പരീക്ഷയായതിനാൽ ബസിൽ നിറയെ സ്ത്രീകളായിരുന്നു. ബസിനു പിറകേ ബൈക്കിൽ വന്ന യുവാവ് ആനാട് എത്തിയപ്പോൾ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി ബൈക്ക് കുറുകെ നിറുത്തി തടഞ്ഞു.

തുടർന്ന് അസഭ്യം പറയുകയും ഡ്രൈവറുടെ ഡോർ തുറന്നു കയറി ആക്രമിക്കുകയുമായിരുന്നു. സ്ത്രീകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ബസിന്റെ ഒരു വശത്തെ ചില്ലു തകർത്ത ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മർദ്ദനമേറ്റു കുഴഞ്ഞു വീണ ഹാഷിമിനെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. നെടുമങ്ങാട് പൊലീസ് കേസെടുത്തു. അക്രമിയെ തിരിച്ചറിഞ്ഞെന്നും ഉടനെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications