ആനവണ്ടിയില്‍ ഒന്നും ശരിയായില്ല... ഇനി പണിമുടക്കിന്‍റെ നാളുകള്‍ ശമ്പളമില്ലാതായാല്‍ ഇടതനും പണിമുടക്കും
ശമ്പളം വൈകുന്നതിലും ഡിഎയുടെ ശേഷിക്കുന്ന ആറു ശതമാനം നല്‍കാനാകില്ല എന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിലും പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഇടതു തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.
കോഴിക്കോട്: എല്ലാം ശരിയാക്കും എന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പക്ഷേ കെഎസ്ആര്‍ടിസിയിലെ കാര്യങ്ങള്‍ ശരിയാക്കുന്നതില്‍ പരാജയപ്പെട്ടു എന്നു കരുതേണ്ടിയിരിക്കുന്നു.
ശമ്പളം മുടങ്ങലും വൈകലും പതിവായ കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയിട്ടും ഈ സ്ഥിതിക്കു മാറ്റമൊന്നുമില്ല. പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ ആരോപണങ്ങള്‍ക്കു മറുപടി പറയുകയും വേണം, ശമ്പളമില്ലായ്മ സഹിക്കുകയും വേണം എന്ന ഗതികേടിലാണ് കെഎസ്ആര്‍ടിസിയിലെ ഇടതു സംഘടനകള്‍
ഗതികെട്ടപ്പോള്‍ സ്വന്തം സര്‍ക്കാരിന്‍റേയും കെഎസ്ആര്‍ടിസി മാനെജ്മെന്‍റിന്‍റേയും തീരുമാനങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങുകയാണ് കോര്‍പറേഷനിലെ ഇടതു തൊഴിലാളി സംഘടനകള്‍.

സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്‍റെ നയത്തിനെതിരേ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന തന്നെയാണു സമരമാരംഭിക്കുന്നത്. സിപിഎമ്മിന്‍റെ പോഷക സംഘടനയായ കെഎസ്ആര്‍ടിഇഎയും സിപിഐയുടെ സംഘടനയായ കെഎസ്‍ടിഇയുമാണു അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിഇഎ 21 മുതലും കെഎസ്‍ടിഇ 22 മുതലുമാണ് സമരമാരംഭിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു വര്‍ധിപ്പിച്ച ഡിഎയുടെ ശേഷിക്കുന്ന ആറു ശതമാനം നല്‍കാന്‍ സാധിക്കില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമാണ് സമരത്തിന്‍റെ പെട്ടന്നുള്ള കാരണം. ശമ്പളം വൈകുന്നതിനു പതിവായതിനാല്‍ ശമ്പളം നല്‍കുന്നതിനു സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു 39 ശതമാനം വര്‍ദ്ധിപ്പിച്ച ഡിഎയില്‍ 33 ശതമാനം നല്‍കിയിരുന്നു. ശേഷിക്കുന്ന ആറു ശതമാനം ഈ മാസമാണു നല്‍കേണ്ടത്.

ആറു കോടി രൂപയുടെ അധിക ബാധ്യത വരുന്നതിനാല്‍ വര്‍ദ്ധിപ്പിച്ച ഡിഎയുടെ ശേഷിക്കുന്ന ആറു ശതമാനം ഇപ്പോള്‍ നല്‍കാനാകില്ലെന്നാണു ഡയറക്ടര്‍ ബോര്‍ഡിന്‍റെ നിലപാട്. ഇതിനെത്തുടര്‍ന്നാണു തൊഴിലാളി സംഘടനകള്‍ പണി മുടക്കിലേക്കു കടന്നത്. ഡിപ്പോകളില്‍ പണിമുടക്കു നോട്ടീസ് വിതരണം ചെയ്യുന്നതായാണു വാര്‍ത്തകള്‍. ഡയറക്ടര്‍ ബോര്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച് ഐന്‍ടിയുസി പ്രതിനിധി ആര്‍ ശശിധരന്‍ ബോര്‍ഡ് അംഗത്വം രാജിവച്ചിരുന്നു.

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്നാരംഭിക്കുമെന്നു ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കെടിഡിഎഫ്‍സി അനുവദിച്ച വായ്പ തുക ഇന്നു ലഭിക്കും. ഇതിനു പിന്നാലെ ശമ്പള വിതരം ആരംഭിക്കും. എന്നാല്‍ 130 കോടിയോളം രൂപ വേണ്ടിടത്ത് 77 കോടി മാത്രമാണു ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന തുകയ്ക്ക് ബദല്‍ സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു.

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎഎസ്‍ടിഇയു പ്രവര്‍ത്തകര്‍ ഇന്നലെ തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ആസ്ഥാനം ഉപരോധിച്ചിരുന്നു. ട്രാന്‍സ്പോര്‍ട് ഭവന്‍റെ നാലു കവാടങ്ങളും ഉപരോധിച്ച പ്രവര്‍ത്തകര്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരേയും പോലും അകത്തേക്കു കടത്തിവിട്ടില്ല.












Click it and Unblock the Notifications