സ്ത്രീകളുടെ സൗജന്യ യാത്ര ഓഡിനറി ബസുകളിൽ മാത്രം; ജൂണ്‍ 15 മുതൽ നടപ്പാക്കും
ജൂണ്‍ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും.ആദ്യ ഘട്ടത്തിൽ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും യാത്ര ചെയ്യാനാകുക. ട്രാൻ്സ്ജെൻ്റേഴ്സിനും സൌജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് പ്രതികരണം.

'ഇന്ദിരാ ഗ്യാരണ്ടിയിലുള്ള ഈ പദ്ധതി പ്രിയദർശിനി എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. പദ്ധതി സർക്കാരിന് ഒരു മാസം 65-70 കോടിയോളം ബാധ്യത വരുത്തും. 800 കോടി രൂപയിൽ അധികം ഒരു വർഷത്തിൽ കെഎസ്ആർടിസിക്ക് വരുമാനക്കുറവ് വരും. ആ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ഇപ്പോൾ കെഎസ്ആർടിസിക്ക് 1500 കോടി എല്ലാ വർഷവും സർക്കാർ കൊടുക്കുന്നുണ്ട്. ശമ്പളവും പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു മാസം 125 കോടി വെച്ചാണ് കൊടുക്കുന്നത്. അതിൻ്റെ കൂടെ ഇതിനാവശ്യമായ തുക നൽകും',മുഖ്യമന്ത്രി പറഞ്ഞു.
'കെഎസ്ആർടിസി ആറ് മാസത്തിനുള്ളിൽ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള വിവിധ മാർഗങ്ങൾ ആരായണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാരിൻറെ അഭ്യർത്ഥന അവർ സ്വീകരിച്ചിട്ടുണ്ട്. ആറു മാസ ത്തിനുള്ളിൽ കെഎസ്ആർടിസിയുടെ വരുമാനം കൂടി കുറച്ചുകൂടി വർദ്ധിപ്പിച്ച് ഇതിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കൂടി കടക്കാൻ പറ്റും എന്നാണ് സർക്കാര കരുതുന്നത്', മുഖ്യമന്ത്രി വ്യക്തമാക്കി.
' സ്വതന്ത്രമായി വരുമാനം ഉണ്ടാക്കാൻ കഴിയുന്ന തലത്തിലേക്ക് കെഎസ്ആർടിസിയെ ഉയർത്തുന്നതിനd വേണ്ടിയിട്ടുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കും. കൂടുതൽ വാഹനങ്ങൾ വാങ്ങി, കൂടുതൽ ഷെഡ്യൂളുകൾ നടപ്പിലാക്കി, കൂടുതൽ പരസ്യങ്ങൾ നൽകി വരുമാനം വർദ്ധിപ്പിക്കുന്നുള്ള നടപടികൾ ഉണ്ടാകും. കെഎസ്ആർടിസിയുടെ നില കുറച്ചുകൂടി മെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തിനെ കുറിച്ച് നമ്മൾ ആലോചിക്കും.
ഒരു പുതിയ സംവിധാനം ഏർപ്പെടുത്തുമ്പോൾ അതിനെ കുറിച്ച് പഠിക്കണം. എല്ലാ മാസവും നമ്മളത് റിവ്യൂ ചെയ്യും. മലബാറിലെ ബസുകളുടെ കുറവ് ഉക്ൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടെ പഠിക്കും. അതിനുശേഷം എവിടെയാണ് കുറവ് എന്താണോ കുറവ് എന്ന് മനസ്സിലാക്കി അതുകൂടി പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകും.
ഓരോ ജില്ലയിൽ നിന്നും ഓർഡിനറി ബസ്സിൽ കയറുന്ന സ്ത്രീകളുടെ എണ്ണം എത്രയാണ് ,ഒരു മാസം എത്ര വരും എന്ന് കെഎസ്ആർടിസി സർവ്വെ നടത്തിയ കണക്കാണ് നമ്മുടെ കൈയ്യിൽ ഉള്ളത്.അതുകൊണ്ട് കൃത്യമായ കണക്കുകളൊക്കെ പഠിക്കേണ്ടതുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications