ടൂറിസം ട്രിപ്പുകള്‍ സൂപ്പര്‍ ഹിറ്റ്; മെഗാ ഹിറ്റിനായി ബജറ്റ് സ്റ്റേയുമായി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ഇപ്പോള്‍ പഴയ കെഎസ്ആര്‍ടിസി അല്ല, പുതിയ മുഖം പുതിയ രീതി. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുമെന്ന് എല്ലാവരും വിധി എഴുതിയ കെഎസ്ആര്‍ടിസി ഇപ്പോള്‍ ലാഭത്തിലേക്ക് കുതിക്കുകയാണ്..ഓട്ടം കൊണ്ട് മാത്രമല്ല കെഎസ്ആര്‍ടസി ഇന്ന് വരുമാനം ഉണ്ടാക്കുന്നത്.
കൃത്യമായ ആവിഷ്‌ക്കരിച്ച പദ്ധതികളാണ് കെഎസ്ആര്‍ടിസിയുടെ ബലം. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം അവതരിപ്പിച്ചാല്‍. അത് നല്ല രീതിയില്‍ ഫലം കാണുകയും ചെയ്തു. ഇപ്പോള്‍ ബജറ്റ് ടൂറിസം ഒരുപടി കൂടി മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി, ബജറ്റ സ്‌റ്റേയാണ് കെഎസ്ആര്‍ടിസി നടപ്പാക്കാന്‍ പോകുന്നത്..

വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഒരുക്കാൻ മൂന്നാർ, സുൽത്താൻ ബത്തേരി മാതൃകയിൽ കൂടുതൽ കേന്ദ്രങ്ങളിൽ എ.സി സ്ലീപ്പർ ബസുകളും എ.സി ഡോർമിറ്ററികളും സജ്ജമാക്കും എന്നാണ് റിപ്പോർട്ട്. കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്ന സ്വകാര്യ ഹോട്ടൽ സംരംഭകരുമായി സഹകരിച്ച് 'കെ.എസ്.ആർ.ടി.സി ബജറ്റ് സ്റ്റേ' പേരിലുള്ള പദ്ധതിയും ഉടൻ നടപ്പാക്കും.

പ്രതിദിനം വിവിധ കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ 10,000 പേർക്ക് താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാർക്ക് ഉറപ്പുവരുത്താൻ കെ.എസ്.ആർ.ടി.സി റിഫ്രഷ് എന്ന റസ്റ്റാറന്റ് ശൃംഖലയും ഒരുക്കാൻ നീക്കമുണ്ട്. ഇതിനകം ജനപ്രിയമായ ബജറ്റ് ടൂറിസം ട്രിപ്പുകൾ വഴി കോർപറേഷന് ലക്ഷങ്ങൾ അധികവരുമാനം ലഭിക്കുണ്ട്. 2021 നവംബർ ഒന്നിന് ആയിരുന്നു പദ്ധതി ആരംഭിച്ചത്. ഒരു വർഷത്തിനകം ടൂറിസം ട്രിപ്പുകൾ പ്രയോജനപ്പെടുത്തിയത് രണ്ടുലക്ഷത്തിലധികം പേരാണ്..

പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുക ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കീഴിൽ വിവിധ സർക്കാർ വകുപ്പുകളുമായും ഏജൻസികളുമായും ബന്ധപ്പെട്ടാണ് കൂടുതൽ ടൂർ പാക്കേജുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് മൂന്നാർ വിനോദയാത്രക്കാണ്. വിവിധ ജില്ലകളിലെ 25 ഡിപ്പോകളിൽനിന്ന് മൂന്നാറിലേക്ക് ടൂർ പാക്കേജുകളുണ്ട്.

വനംവകുപ്പ് സഹകരണത്തോടെ ദിവസേന മൂന്ന് ബസുകൾ ഗവിയിലേക്ക് ജംഗിൾ സഫാരി ട്രിപ്പുകൾ നടത്തുന്നു. വയനാട് കേന്ദ്രീകരിച്ച് സൈറ്റ് സീയിങ് യാത്രക്കളും ഈയിടെ ആരംഭിച്ചു. പുതിയ സംരംഭകർക്ക് കഞ്ചിക്കോട് വ്യവസായ മേഖല സന്ദർശനത്തിന് അവസരമൊരുക്കുന്ന ട്രിപ്പുകൾ പാലക്കാട്ട് ആസൂത്രണം ചെയ്തിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച 'ബജറ്റ് ടൂറിസം സെല്ലി'ന്റെ നേതൃത്വത്തില്‍, പഴയ ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നുവെന്ന റിപ്പോർട്ട് നേരത്തെ തന്നെ വന്നിരുന്നു. ബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തില്‍ 116 പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം മൂന്നാറില്‍ ഒരുക്കിയിട്ടുണ്ട്.

ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. ടോയ്ലറ്റ്-ബാത്ത് റും സൗകര്യം സ്റ്റേഷനില്‍ തന്നെ ഉണ്ടാക്കും., വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണത്തി, ചുരുങ്ങിയ ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് 'ബജറ്റ് ടൂറിസം സെല്‍'. പഴയ ബസുകൾ വിനോദസഞ്ചാരത്തിനായി സ്ലീപ്പർ കോച്ചുകളാക്കി മാറ്റാൻ തീരുമാനിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കാലഹരണപ്പെടാറായ ബസുകൾ രൂപാന്തരപ്പെടുത്തി 6,500 സ്ലീപ്പർ ബർത്തുകൾ സമീപഭാവിയിൽ ലഭ്യമാക്കാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications