നോട്ട് അല്ല, 'വില്ലന്‍' യുഡിഎഫ്; കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും
നോട്ട് അല്ല, 'വില്ലന്‍' യുഡിഎഫ്; കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും
കോഴിക്കോട്: നോട്ട് നിരോധനത്തില്‍ സംസ്ഥാനത്തെ ശമ്പള വിതരണവും പെന്‍ഷനും മുടങ്ങുമെന്ന് ആദ്യ വെടി പൊട്ടിച്ചത് ധനകാര്യമന്ത്രി തോമസ് ഐസകാണ്. തൊട്ടു പിന്നാലെ അദ്ദേഹം അത് ഭാഗികമായി തിരുത്തി. ശമ്പളം കിട്ടും പക്ഷെ അക്കൗണ്ടിലാണെന്നും മാത്രം. കെഎസ്ആര്‍ടിസിയും സ്ഥിതി വ്യത്യസ്തമല്ല. ഗതാഗത വകുപ്പ് മന്ത്രി അത് വ്യക്തമാക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയിലും ജനുവരിയിലെ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ വില്ലന്‍ നോട്ട് അല്ല യുഡിഎഫ് ആണെന്നാണ് അദ്ദേഹം പറയുന്നത്. യുഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ മണ്ടന്‍ തീരുമാനങ്ങളാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കടം തരുന്ന സ്ഥാപനങ്ങളെ തിരിച്ചടവ് സംബന്ധിച്ച് ബോധ്യപ്പെടുത്തുന്നതിന് കൂടുതല്‍ സമയം വേണ്ടതിനാലാണ് ശമ്പളവും പെന്‍ഷനും വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസില്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം ഏര്‍പ്പെടുത്തിയ നടപടി വന്‍ സാമ്പത്തീക ബാധ്യത ഉണ്ടാക്കി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ബാങ്കില്‍ നിന്നും കടമെടുക്കാനുള്ള തീരുമാനം തെറ്റായി പോയെന്നും മന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ കെഎസ്ആര്‍ടിസിക്ക് 26 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഡിഎഫ് ഗവണ്‍മെന്റ് സൗജന്യ യാത്ര അനുവദിച്ചത് ആരു ആവശ്യപ്പെടാതെയായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ സംഘടനകളോ ഇത്തരമൊരും സൗജന്യം ആവശ്യപ്പെട്ടിരുന്നില്ല.

ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങുകയല്ലാതെ നിലവില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നോട്ട് നിരോധനത്തോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായതിനാല്‍ അവിടെ നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട. ഇതിനു കാലതാമസം നേരിടുമെന്നതിനാല്‍ ശമ്പളവും പെന്‍ഷനും പുതുവര്‍ഷം ആഘോഷിക്കാന്‍ ജീവനക്കാര്‍ക്ക് ലഭിക്കില്ല.

ശമ്പള-പെന്‍ഷന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക് നീങ്ങുകയാണ്. ജനുവരി നാലിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications