കെഎസ്ആര്‍ടിസിയില്‍ എല്ലാം മാറും!! ഡ്രൈവര്‍ക്ക് ഇനി ബസോടിച്ചാല്‍ മാത്രം പോരാ...ഇത് കൂടി ചെയ്യണം!!
തസ്തികയിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂടുതുല്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നു. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ ഇനി ബസോടിക്കാനും ടിക്കറ്റ് നല്‍കാനും കഴിവുള്ളവരായിരിക്കണം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രണ്ടു ജോലിയും ചെയ്യാന്‍ മിടുക്കുള്ളവരെ മാത്രം നിയമിക്കാന്‍ തയ്യാറെടുക്കുകയാണ് കെഎസ്ആര്‍ടിസി.

രണ്ടിലും മികവുള്ളവരെ ക്ഷണിച്ചു കൊണ്ടു ചൊവ്വാഴ്ച ഉത്തരവിറങ്ങി. കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്കും ഡ്രൈവിങ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ക്കും മാത്രമേ പുതിയ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കണ്ടക്ടര്‍ കം ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നാണ് പുതിയ തസ്തികയുടെ പേര്. വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

മെയ് 16നു മുമ്പ് ഇരുവിഭാഗങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കണം. ഇരുതസ്തികകളിലേക്കും പിഎസ്എസി നിഷ്‌കര്‍ഷിച്ച യോഗ്യത ഉണ്ടായിരിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പരിശീലനം നല്‍കിയ ശേഷമായിരിക്കും ഡ്യൂട്ടിക്കു നിയോഗിക്കുക. ഏപ്രില്‍ 28നു നടന്ന യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍ ബസ്സുകളും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറവാണ്. കേരളത്തിലും ഇതു കൊണ്ടുവരാനാണ് പുതിയ നീക്കത്തിനു പിന്നില്‍. ഇപ്പോള്‍ ഒരു ബസിന് കേരളത്തില്‍ എട്ടു ജീവനക്കാര്‍ വീതമുണ്ട്. ഇതു ദേശീയ ശരാശരിയനുസരിച്ച് 5.5 ആയി കുറയ്ക്കും.

ദീര്‍ഘദൂര ബസുകളില്‍ നിലവില്‍ രണ്ടു ഡ്രൈവര്‍മാരെയും രണ്ടു കണ്ടക്ടര്‍മാരെയുമാണ് അയക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നാലെന്നത് രണ്ടായി കുറയും. ആറു ഡ്യൂട്ടി നല്‍കിയിരുന്നിടത്ത് നാലു ഡ്യൂട്ടി മതി. പുതിയ ക്രമീകരണം വരുന്നതോടെ ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറയുകയും ചെയ്യും.

ദീര്‍ഘ ദൂര ബസുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ സംവിധാനം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. മാനേജ്‌മെന്റിന്റെ നിര്‍ദേശം പ്രശംസനീയമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് ആര്‍ ശശിധരന്‍ പറഞ്ഞു. പുതിയ ക്രമീകരണം അനിവാര്യമാണെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസേസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി ശാന്തകുമാറും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications