സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല, പെൺകുട്ടിയോട് എല്ലാം പറഞ്ഞിരുന്നു, കണ്ടക്ടറിന്റെ മൊഴി ഇങ്ങനെ
മിന്നൽ ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടില്ലെന്നു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: രാത്രിയിൽ പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ പോയ സംഭവത്തിൽ മിന്നൽ ബസ് ജീവനക്കാരെ പിന്തുണച്ച് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥനും തെഴിലാളി സംഘടനകളും രംഗത്ത് . മിന്നൽ ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടില്ലെന്നു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്നു കണ്ടെത്തിയതായി സൂചനയുണ്ട്. കെഎസ്ആർടിസി വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് കിട്ടയാലുടൻ മിന്നൽ ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു കെഎസ്ആർടിസി എംഡി ഹേമചന്ദ്രൻ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മിന്നൽ ജീവനക്കാരെ പിന്തുണച്ച് ഉന്നത ഉദ്യോഗസ്ഥനും തൊഴിലാളി സംഘടനകളും രംഗത്തെത്തിയത്.

പെൺകുട്ടിയെ നേരത്തെ അറിയിച്ചിരുന്നു
പെൺകുട്ടിയ്ക്ക് സുരക്ഷ പ്രശ്നങ്ങൾ ഒന്നു തന്നെയുണ്ടായിരുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അതിവേഗ ബസായ മിന്നലിന് രാത്രി 11 മണിക്കു ശേഷം യാത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് സ്റ്റോപ്പുകളിൽ നിർത്തേണ്ടതില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചതായി കെഎസ് ആർടിസി അധികൃതർ പറയുന്നുണ്ട്. അതിനാൽ തന്നെ യാത്രക്കാരിയോട് പയ്യോളിയിൽ ബസിന് സ്റ്റോപ്പില്ലെന്നു അറിയിച്ചിരുന്നതായി കണ്ടക്ടർ മേൽ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നു.

സുരക്ഷാപ്രശ്നങ്ങൾ ഇല്ലായിരുന്നു
കെഎസ് ആർടിസിയുടെ മിന്നൽ ബസിനു ജില്ല കേന്ദ്രത്തിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. കോഴിക്കോട് കഴിഞ്ഞാൽ അടുത്തത് ബസ് നിർത്തുന്നത് കണ്ണൂരിലാണ്. മിന്നലിനു തൊട്ടു പുറകെയായി കോഴിക്കോട്-കണ്ണൂർ പാതയിൽ പയ്യോളിയിൽ സ്റ്റോപ്പുള്ള ഒരു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഉണ്ടായിരുന്നെന്നു ഉദ്യോഗസ്ഥർ പറയുന്നുണ്ട്. മിന്നലിനു അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് സുരക്ഷാപ്രശ്നങ്ങൾ ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്പെഷ്യൽ ബസ് സർവീസ്
കെഎസ്ആർടിസിയുടെ അതിവേഗ ബസായ മിന്നൽ സ്പെഷ്യൽ സർവീസാണ്. ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിൽ മാത്രമാണ് ബസിനു സ്റ്റോപ്പുള്ളത്. ഇതിനു കെഎസ്ആർടിസി എംഡിയുടെ ഉത്തരവുണ്ടെന്നു കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടന പ്രതിനിധികൾ പറഞ്ഞിരുന്നു. എംഡിയുടെ ഉത്തരവിൽ ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണ് . അതേസമയം രാത്രി തനിച്ച് യാത്ര ചെയ്ത വിദ്യാർഥിനിയോട് മാനുഷിക പരിഗണന പോലും ജീവനക്കാർ കാണിച്ചില്ല എന്നത് ചർച്ചയായപ്പോഴാണ് കേസിൽ എംഡി കേസിൽ നേരിട്ട് ഇടപെട്ടത്.

പെൺകുട്ടി പരാതി നൽകി
രാത്രിയിൽ താൻ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലയെന്ന് കാണിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ മിന്നൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്നും കണ്ടെത്തിയതായാണ് സൂചന. കൂടാതെ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര റൂറല്‍ എസ്പി കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആലപ്പുഴക്കാരായ ജീവനക്കാരോട് ചോദ്യം ചെയ്യലിനായി ചോമ്പാല പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും എത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. ആലപ്പുഴക്കാരായ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് കേസെടുക്കും












Click it and Unblock the Notifications