കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന കാൽവരിമൗണ്ട് കണ്ടിട്ടുണ്ടോ? ഈ വണ്ടി പിടിച്ചോ, ഇടുക്കിയിലേക്ക്
കൊല്ലം: ഇടുക്കിയെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുന്നത് അവിടുത്തെ മനോഹരമായ കാഴ്ചകളാവും. കോടമഞ്ഞും തണുപ്പുള്ള പ്രഭാതങ്ങളും മലയും കാടും മേടും അങ്ങനെ മനസിനും കണ്ണിനും കുളിർമ നൽകുന്ന നിരവധി കാഴ്ചകൾ.
ഇങ്ങനെയുള്ള കാഴ്ചകൾ അതിന്റെ പൂർണ ഭംഗിയിൽ ആസ്വദിക്കണമെങ്കിൽ മൂന്നാറും വട്ടവടയുമൊക്കെ പോകണമെന്നാണ് നമ്മൾ പലരും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയെല്ല. ഒരിക്കൽ പോയാൽ മടങ്ങി വരാൻ തോന്നാത്തത്രയും ഭംഗിയുള്ള മറ്റ് ചില സ്ഥലങ്ങൾ കൂടി ഇടുക്കിയിൽ ഉണ്ട്. അവിടേക്ക് എങ്ങനെ എത്തിപ്പെടും എന്നാണെങ്കിൽ അതിന് കെഎസ്ആർടിസി ഉത്തരം നൽകും. കൂടുതൽ അറിയേണ്ടേ? വായിക്കാം

കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍രെ നേതൃത്വത്തിലാണ് ഇടുക്കിയിലെ വ്യത്യസ്തമായ കാഴ്ചകൾ തേടിയുള്ള യാത്ര പോകുന്നത്. അയ്യപ്പൻകോവിൽ തൂക്ക് പാലം, കാല്‍വരി മൗണ്ട്, ഇടുക്കി ഡാം, പഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയിൽ ഒരു പകൽ മുഴുവനും ഇടുക്കിയിൽ ചെലവഴിക്കാം.
ഓഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നും ഇടുക്കി- കാൽവരി മൗണ്ട് യാത്ര പുറപ്പെടും. പത്തനംതിട്ടയിലെത്തി അവിടുന്ന് മുണ്ടക്കയം വഴി നേരെ അയ്യപ്പൻ കോവിലിലെത്തും. ഇടുക്കിയിലെ തന്നെ ആദ്യ കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ ഇവിടെയാണ് അയ്യപ്പൻ കോവില്‍ തൂക്കുപാലമുള്ളത്. പെരിയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ തൂക്ക്പാലം കണ്ട് ഇവിടെ ചുറ്റിയടിച്ച് നടന്ന ശേഷം അടുത്ത സ്ഥലത്തേയ്ക്ക് പോകും.
കാൽവരി മൗണ്ട് ആണ് രണ്ടാമത്തെ സ്ഥലം. ചെന്നുകയറിയാൽ ഇറങ്ങിവരാൻ തോന്നിപ്പിക്കാത്ത കാഴ്ചകളും ഒരുമിനിറ്റുപോലും വിശ്രമിക്കാതെ വീശിയടിക്കുന്ന കാറ്റും ഇതിനിയടിൽ വന്നുപോയുമിരിക്കുന്ന കോടയും ഒക്കെയാകുമ്പോൾ വേറെ ലോകത്തെത്തിയ പ്രതീതിയാണ്.
വ്യൂ പോയിന്‍റിലേക്കിറങ്ങി നിന്നാൽ പിന്നെ അത്ഭുത കാഴ്ചകൾ മാത്രമായിരിക്കും ചുറ്റും. ഇടുക്കി ഡാമിന്‍റെ റിസർവോയറിൻറെയും അവിടുത്തെ വനങ്ങളുടെയും ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ചെറുദ്വീപുകളുടെയും ഒക്കെ ദൂരക്കാഴ്ച ഇവിടുന്നു കാണാം. കോടമഞ്ഞില്ലെങ്കിൽ വിദൂരദൃശ്യങ്ങളും മലനിരകളും ഇവിടെ ആസ്വദിക്കാം. ഇടുക്കിയിൽ ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല വ്യൂ പോയിന്‍റും ഇവിടെയാണ്.
ഇനി പോകുന്നത് ഇടുക്കി ഡാമിലേക്കാണ്. ഈ യാത്രയുടെ വലിയ മെച്ചവും അത് തന്നെയാണ്. ഓണക്കാലത്ത് സഞ്ചാരികൾക്കായി തുറക്കുന്ന ഇടുക്കി ഡാം കണ്ടുവരിക എന്നത് മറ്റു പാക്കേജുകൾക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല. അണക്കെട്ടിലെ കാഴ്ചകൾ നടന്നു കണ്ടുതീർക്കാം.
ഇവിടുന്നിറങ്ങിയാൽ അടുത്ത ലക്ഷ്യസ്ഥാനം പാഞ്ചാലിമേടാണ്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഒരുപോലെ ചേരുന്ന അതിമനോഹരമായ പ്രദേശമാണിത്. വനവാസസമയത്ത് പാണ്ഡവർ പാഞ്ചാലിയുമൊത്ത് നാളുകളോളം ഇവിടെ വസിച്ചിരുന്നുവെന്നാണ് വിശ്വാസം. പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ , പാഞ്ചാലിക്കുളം, ശിവലിംഗങ്ങൾ എന്നിങ്ങനെ വേറെയും കാഴ്ചകൾ ഇവിടെ കാണാം.
പാഞ്ചാലിമേടിൽ നിന്നും വൈകീട്ടോടെ ഇറങ്ങി രാത്രി 11.00 മണിക്ക് കൊല്ലം ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയെക്കുറിച്ചും ടിക്കറ്റ് നിരക്ക്, ബുക്കിങ് ആവശ്യങ്ങൾക്കായും ഫോൺ നമ്പര്‍- 9747969768, 9496110124, 7909159256












Click it and Unblock the Notifications