ആനവണ്ടിയെ തകര്‍ക്കുന്നത് കുട്ടികളാണത്രേ... ഗതാഗത സെക്രട്ടറിക്ക് എംഡിയുടെ കത്ത്
വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന കണ്‍സഷന്‍ കെഎസ്ആര്‍ടിസിക്കു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് എംഡി രാജമാണിക്യം. വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നിയന്ത്രിക്കണമെന്നും ആവശ്യം.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിച്ചേ അടങ്ങൂ എന്ന തീരുമാനമെടുത്ത് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എംഡി രാജമാണിക്യം. ഇതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി കടം കയറി മുടിയാനുള്ള കാരണും അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. കാരണം കണ്ടെത്തുക മാത്രമല്ല കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്താനുള്ള നടപടികളും ആരംഭിച്ചു
ഇതിന്‍റെ ആദ്യപടിയായി കെഎസ്ആര്‍ടിസിയുടെ പ്രധാന ശത്രുക്കളായ വിദ്യാര്‍ഥികളെ നിയന്ത്രിക്കാനാവശ്യപ്പെട്ട് ഗതാഗത വകുപ്പു സെക്രട്ടറിക്ക് രാജമാണിക്യം കത്തയച്ചുകഴിഞ്ഞു. വിദ്യാര്‍ഥികള്‍ സൗജന്യ യാത്ര നടത്തുന്നതാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലേക്കു കൂപ്പു കുത്താന്‍ പ്രധാന കാരണമെന്നാണു കണ്ടെത്തല്‍
വിദ്യാര്‍ഥികള്‍ക്കു സൗജന്യം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടിയുടെ നഷ്ടമാണു കണക്കാക്കുന്നത്. സൗജന്യം കാരണം വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസിയില്‍ അടിച്ചു കേറുകയും അതുമൂലം മറ്റു യാത്രക്കാര്‍ കെഎസ്ആര്‍ടിസി ഉപേക്ഷിക്കുകയും ചെയ്തതായാണു കണ്ടെത്തല്‍.

കുട്ടികള്‍ അടിച്ചു കയറുന്നതു കാരണം പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാര്‍ കെഎസ്ആര്‍ടിസി ഉപേക്ഷിക്കുന്നു. അതിനാല്‍ വിദ്യാര്‍ഥികളെ നിയന്ത്രിക്കണം. വന്‍തുക ഫീസ നല്‍കുന്ന സ്വകാര്യ സ്‌കൂളുകളിലെയും കോളെജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യം അനുവദിക്കാനാകില്ല. അല്ലെങ്കില്‍ സൗജന്യത്തിനു വരുമാന പരിധി നിശ്ചയിക്കണം

സൗജന്യത്തിനു വരുമാന പരിധി നിശ്ചയിക്കണം എന്നതാണു മറ്റൊരു ആവശ്യം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 25% കണ്‍സഷന്‍ പരിമിതപ്പെടുത്തേണ്ടതാണ് എന്നാണു കത്തില്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ കണ്‍സഷന്‍ മൂലം നഷ്ടപ്പെടുന്ന തുക ബന്ധപ്പെട്ട വകുപ്പുകളോ സര്‍ക്കാരോ റീ ഇംപേഴ്‌സ് ചെയ്താല്‍ വരുമാന നഷ്ടം ഒഴിവാക്കാമെന്നും എംഡി കത്തില്‍ പറയുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ മാത്രമല്ല സ്വകാര്യ ബസുകളേയും നിയന്ത്രിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 241 സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളില്‍ 228 ടേക്ക് ഓവര്‍ സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു നടത്തുന്നുണ്ട്. ദൂരപരിധിയില്ലാതെ മോട്ടോര്‍വാഹന നിയമം ലംഘിച്ച് ആ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം നഷ്ടമാകുന്നു. അതിനാല്‍ സ്വകാര്യ ബസുകളുടെ സര്‍വ്വീസ് ദൂരപരിധി 140 കിലോമീറ്റര്‍ ആയും പെര്‍മിറ്റ് ഓര്‍ഡിനറി ആയും നിജപ്പെടുത്തണം.

രാജമാണിക്യത്തിന്‍റെ കത്ത് വാര്‍ത്തയായ സാഹചര്യത്തില്‍ അവസരം മുതലാക്കാന്‍ തയാറെടുക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. കെഎസ്ആര്‍ടിസി നല്‍കാത്ത ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും നല്‍കാനാകില്ല എന്ന തീരുമാനവുമായി സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സൗജന്യമാണോ കെഎസ്ആര്‍ടിസി നേരിടുന്ന പ്രധാന പ്രശ്‌നം. അല്ലെന്നാണു കൂടുതല്‍ പേരും നല്‍കുന്ന മറുപടി. ലാഭകരമായ റൂട്ടുകളിലെ സര്‍വീസുകള്‍ പിന്‍വലിക്കല്‍, സമയക്രമം പാലിക്കാതിരിക്കല്‍, പെട്ടന്നുള്ള ട്രിപ് റദ്ദാക്കല്‍ തുടങ്ങി അധികൃതരുടേയും ജീവനക്കാരുടേയും ഭാഗത്തു നിന്നുള്ള അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണു വലിയൊരു ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

എന്നാല്‍ കെഎസ്ആര്‍ടിസി എംഡി ഗതാഗത വകുപ്പു സെക്രട്ടറിക്ക് കത്തു നല്‍കിയ കാര്യം അറിയില്ലെന്നാണു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചത്. എംഡി നല്‍കിയ കത്തിലുണ്ടെന്നു പറയുന്ന ഒരു കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലില്ല. കെഎസ്ആര്‍ടിസിയുടെ എല്ലാ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിക്കണമെന്നില്ല. തീരുമാനമെടുക്കേണ്ടത് മന്ത്രിസഭായോഗമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications