കെഎസ്ആര്‍ടിസി സൗജന്യ യാത്രയ്ക്ക് 600 കോടി; ഇതിന്റെ ആറിരട്ടിയുടെ പദ്ധതി എവിടെ?
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 35നും 60നുമിടയില്‍ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു എല്‍ഡിഎഫിന്റെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം 1000 രൂപ നല്‍കുന്നതായിരുന്നു പദ്ധതി.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ മുഖേനയാണ് ഇതിനുള്ള അപേക്ഷ സ്വീകരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നത്. പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന സംശയമുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറയുന്നു. കെഎസ്ആര്‍ടിസി സൗജന്യ യാത്രയേക്കാള്‍ ആറിരട്ടി ചെലവുള്ള പദ്ധതിയായിരുന്നു ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ 35 നും 60 നും ഇടയില്‍ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഈ പദ്ധതിയില്‍ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച അവസാനത്തെ ബജറ്റില്‍ 3720 കോടി രൂപയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനായി മാറ്റിവച്ചിരുന്നത്. അതായത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാപദ്ധതിക്ക് യു ഡി എഫ് സര്‍ക്കാറിന് ആകെ ചിലവാക്കേണ്ടിവരുന്ന 600 കോടിയുടെ ആറ് ഇരട്ടിയിലധികം തുക.
തികച്ചും സുതാര്യവും സാര്‍വത്രികവുമായ ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് സര്‍ക്കാര്‍ തന്നെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ പരാതികളോ ഒരു ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചതിനുശേഷമാണ് അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി നടത്തുന്ന പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ആണ്. രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.''














Click it and Unblock the Notifications