കെഎസ്ആർടിസി ബസുകൾ ഇനി വഴിയിൽ പണിമുടക്കില്ല; പകരം സംവിധാനം ഒരുക്കി കോർപ്പറേഷൻ
എന്തെങ്കിലും കാരണത്താൽ സർവീസ് നിർത്തേണ്ടി വന്നാൽ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തരുതെന്നാണ് നിർദേശം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് നേരെ ഉയരുന്ന പ്രധാന പരാതികളിലൊന്ന് വഴിയിൽ പണിമുടക്കുന്നതാണ്. സർവിസ് സമയത്ത് ബ്രേക്ക് ഡൗണായോ അപകടങ്ങൾ കാരണമോ തുടർ യാത്ര മുടങ്ങുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ. യാത്രക്കാർക്കുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിനു വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും.

എന്തെങ്കിലും കാരണത്താൽ സർവീസ് നിർത്തേണ്ടി വന്നാൽ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തരുതെന്നാണ് സിഎംഡിയുടെ നിർദേശം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും. മുൻകൂർ റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുൻപ് റദ്ദാക്കുന്നതായുള്ള പരാതിയും ഇനി മുതൽ ഉണ്ടാകില്ല.
യാത്രാക്കിടെ ബ്രേക്ക് ഡൗണോ അപകടമോ ഉണ്ടായാൽ കണ്ടക്ടർമാർ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്നും ഉടൻ തന്നെ തൊട്ടടുത്ത ഡിപ്പോയിൽ അറിയിക്കുകയും തുടർന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ദീർഘദൂര ബസുകൾ സർവിസിനിടയിൽ ബ്രേക്ക് ഡൗൺ ആകുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നും പകരം ബസ് എടുത്ത് സർവിസ് തുടരാനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും.
Recommended Video
സർവീസ് നടത്തിയ ബസിന്റെ അതേ ക്ലാസിൽ ഉള്ള ബസ് ലഭ്യമായില്ലെങ്കിൽ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയിൽ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സർവീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും. തുടർന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർമാരെ വിവരം അറിയിച്ചു പകരം സംവിധാനം അടുത്ത ഡിപ്പോയിൽ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാർക്ക് ആയിരിക്കും. യാത്രാക്കാർക്ക് തന്നെ വിവരങ്ങൾ കെഎസ്ആർടിസി കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കാനും ചിത്രങ്ങൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിൽ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.












Click it and Unblock the Notifications