കർക്കടകവാവിന് കൂടുതൽ ബസുകളുമായി കെഎസ്ആർടിസി, സർവീസ് സമയം ദീർഘിപ്പിച്ച് മെട്രോ
കർക്കടകവാവിന് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് കെ എസ് ആർ ടി സി. 12-ന് പുലർച്ചെ 2 മണി മുതൽ കേരളത്തിലെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സെപ്ഷ്യൽ സർവ്വീസ് നടത്തുക . ഇതിന് പുറമെ വിവിധ യൂണിറ്റുകളിൽ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ പൂൾ ചെയ്തിരുന്നെങ്കിൽ ഈ വർഷം ഏകദേശം 100 ബസുകൾ അധികമായി പൂൾ ചെയ്ത് സർവീസുകൾക്കായി സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാൻഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്പെഷ്യൽ സർവീസുകൾ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസർമാരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൂടുതൽ അധിക സ്പെഷ്യൽ ബസുകൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും കെ എസ് ആർ ടി സി അറിയിച്ചു.
തിരുവനന്തപുരത്തെ സർവ്വീസുകൾ
ജില്ലയിലെ ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്പെഷൽ ബസുകൾ കൂടുതലായി സർവീസ് നടത്തും. ബുധനാഴ്ച പുലർച്ചെ രണ്ട് മണി മുതൽ കെ.എസ്.ആർ.ടി.സി സ്‌പെഷൽ സർവീസുകൾ ആരംഭിക്കും.
ജില്ലയിൽ ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ വെള്ളനാട്,കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽ നിന്ന് 10 ബസുകളും കണിയാപുരം യൂണിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്ന് നാല് ബസുകളും തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽ നിന്ന് 10 ബസുകളും പാപ്പനംകോട് യൂണിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽ നിന്ന് രണ്ട് ബസുകളും സ്പെഷൽ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമേ ആറ്റിങ്ങൽ, കണിയാപുരം തിരുവനന്തപുരം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്നായി മുപ്പതോളം ഓർഡിനറി ബസുകളും സർവീസ് നടത്തും. തിരുവല്ലത്തേക്ക് തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ ഡിപ്പോകളിൽ നിന്നും ശംഖുമുഖത്തേക്ക് പാപ്പനംകോട്, പേരൂർക്കട, പൂവാർ, വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്നും സ്‌പെഷൽ സർവീസുകൾ ഉണ്ടാകും.
വേളിയിലേക്ക് വികാസ് ഭവൻ, കണിയാപുരം ഡിപ്പോകളിൽ നിന്നും, കഠിനംകുളത്തേക്ക് കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നും അരുവിക്കരയിലേക്ക് നെടുമങ്ങാട്, വെള്ളനാട്, പേരൂർക്കട ഡിപ്പോകളിൽ നിന്നും അരുവിപ്പുറത്തേക്ക് നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട ഡിപ്പോകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്നും വർക്കലയിലേക്ക് ആറ്റിങ്ങൽ, വെഞ്ഞാറമൂട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളിൽ നിന്നും സ്‌പെഷൽ സർവീസുകൾ ഉണ്ടായിരിക്കും.
കർക്കിടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു
കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ഓഗസ്‌റ്റ് 12 ബുധനാഴ്ച്ച പുലർച്ചെ ആലുവയിൽ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറ ലേക്ക് സർവീസ് ഉണ്ടായിരിക്കും.


Click it and Unblock the Notifications