കെഎസ്ആര്‍ടിസി 10000 രൂപ സമ്മാനം നല്‍കും; സൗജന്യ യാത്രയ്ക്ക് മികച്ച ലോഗോ വേണം
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ ജനപ്രിയ പദ്ധതിയാണ് പ്രിയദര്‍ശനി യാത്രാ പദ്ധതി. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് പദ്ധതി. പ്രതി വര്‍ഷം 800 കോടി രൂപയോളമാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രഖ്യാപനത്തിന് ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ വനിതാ യാത്രക്കാര്‍ കൂടിയിട്ടുണ്ട്.
ഇപ്പോള്‍ ഈ പദ്ധതിക്ക് ലോഗോ ക്ഷണിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. മികച്ച ലോഗോ അയക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. ഏതൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോഗോ വേണ്ടത് എന്നു കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ലോഗോ തയ്യാറാക്കി, അതിന്റെ ആശയം കുറഞ്ഞ വാക്കില്‍ വിശദീകരിച്ച് പേരും വിലാസവും ഉള്‍പ്പെടെയാണ് സമര്‍പ്പിക്കേണ്ടത്. കെഎസ്ആര്‍ടിസി ഇതുസംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ അറിയാം...

''ലോഗോ രൂപകല്‌പനാ മത്സരം...
സ്ത്രീ ശാക്തീകരണത്തിന്റെ നാഴികക്കല്ലായി മാറിയ, വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി യാത്രാ പദ്ധതി' യ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു.
മികച്ച ലോഗോയ്ക്ക് ₹10,000/- (പതിനായിരം രൂപ) സമ്മാനമായി നൽകുന്നതാണ്.
ലോഗോ ഡിസൈൻ നിർദ്ദേശങ്ങൾ
1. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
2. ലോഗോയിൽ "പ്രിയദർശിനി" പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണ്.
3. ലോഗോ പൂർണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. പകർപ്പവകാശ ലംഘനം ഉണ്ടാകാൻ പാടില്ല.
4. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആർ.ടി.സി.യ്ക്ക് ആയിരിക്കും.
ഫയൽ സ്പെസിഫിക്കേഷൻ
- ഫോർമാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കിൽ AI/EPS/SVG കൂടി സമർപ്പിക്കാം)
- റസലൂഷൻ: കുറഞ്ഞത് 300 DPI
- സൈസ്: കുറഞ്ഞത് 6000 × 6000 Pixels
- കളർ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേർഷൻ അഭികാമ്യം)
- ഫയൽ വലുപ്പം: പരമാവധി 100 MB
സമർപ്പിക്കേണ്ട വിവരങ്ങൾ
- പേര്
- വിലാസം
- മൊബൈൽ നമ്പർ
- ഇ-മെയിൽ വിലാസം
- ലോഗോയുടെ ആശയ വിവരണം (50 മുതൽ 100 വാക്കുകൾ വരെ)
എൻട്രികൾ അയക്കേണ്ട ഇ-മെയിൽ: *[email protected]
അവസാന തീയതി 30.06.2026
കേരളത്തിന്റെ വനിതാ ശാക്തീകരണ ചരിത്രത്തിലെ സുപ്രധാന പദ്ധതിയായ 'പ്രിയദർശിനി'യ്ക്ക് അനുയോജ്യമായ സൃഷ്ടിപരമായ ലോഗോകൾ രൂപകല്പന ചെയ്തത് ഈ ജനകീയ സംരംഭത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.''














Click it and Unblock the Notifications