വിദ്യാഭ്യാസ ബന്ദ്: നേതാക്കളെ മർദ്ദിച്ചു; വ്യാഴാഴ്ച പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് കെ.എസ്.യു
സംസ്ഥാന ഗവർണ്ണർ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകള്‍. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടന്ന പരിപാടിയില്‍ ആർ എസ് എസിന്റെ ഭാരതാംബ ചിത്രം ഉപയോഗിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകള്‍ നടത്തിയത്. വിദ്യാലയങ്ങളേയും കാവിവത്കരിക്കാന്‍ ഗവർണ്ണർ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു.
സംസ്ഥാനതല പ്രതിഷേധ പരിപാടികളോടൊപ്പം തന്നെ വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെ എസ് യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ് എസ് - യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് അഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് വ്യക്തമാക്കി.

'സംസ്ഥാനത്തെ തന്നാലാവുന്ന സമസ്ത മേഖലകളെയും കാവിവത്കരിക്കുന്നതിനായി ആർഎസ് എസ്സിന്റെ ക്വട്ടേഷൻ എടുത്ത് വന്നയാളാണ് കേരള ഗവർണർ അർലേക്കർ. അയാളെ പ്രതിരോധിക്കുക എന്നത് വിദ്യാർത്ഥി സംഘടന എന്ന നിലയിൽ കെ എസ് യുവിന്റെ കൂടി ഉത്തരവാദിത്തമാണ്. കാവി കൊടി ഏന്തിയ ഭാരതാമ്പയുടെ ചിത്രം കേരള സെനറ്റ് ഹാളിൽ ഉപയോഗിച്ച ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയവരെ കയ്യേറ്റം ചെയ്യാൻ ബി ജെ പി പ്രവർത്തകരെ ഉപയോഗിച്ച ഗവർണർ നിലപാട് തിരുത്തപ്പെടണം. കേരളം അർലേക്കറിന്റെയോ ആർ എസ് എസ്സിന്റെയോ കുടുംബ സ്വത്ത് അല്ല . ഗവർണർ വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ചൂടറിയും.' എന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും വ്യക്തമാക്കി.
ഗവർണർ ഓഫീസിലെ കാവി കൊടിയേന്തിയ സ്ത്രീ സർവ്വകലാശാലയുടെ അകത്തളങ്ങളിലേക്കും എത്തുന്നു എന്നത് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതും ജനാധിപത്യ സംസ്കാരത്തെ ഇല്ലാതാക്കുന്നതുമാണെന്ന് എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പിക നവാസും പ്രതികരിച്ചു. കേരളം പോലെ സംഘി രാഷ്ട്രീയത്തിന് ഇടം നൽകാത്ത ജനാധിപത്യ മണ്ണിൽ രാജ്ഭവൻ വഴി കാവി കൊടി കുത്തി കയറ്റുന്നത് മലയാള ദേശം ഒരുമിച്ച് എതിർക്കുക തന്നെ ചെയ്യും.
ആർ എസ് എസിന്റെ കൊടി പിടിച്ച സഹോദരിയുടെ ചിത്രo നിങ്ങളുടെ സംഘി ഓഫീസിൽ കൊണ്ട് പോയി തൂക്കിയേക്കണം. അത് തൂക്കാനുള്ള ചുമരും ചാരാനുള്ള ഇടവും സർവകലാശാലകളിൽ കണ്ടെത്താനാണ് ശ്രമമെങ്കിൽ കേരളം ശക്തമായി ചെറുക്കും.
അത് ഏത് ചാൻസിലറായാലും വൈസ്റോയിയാലും- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications