നാളെ വിദ്യാഭ്യാസ ബന്ദ്; സമരം ശക്തമാക്കി കെഎസ്‌യു... സ്‌കൂളുകള്‍ക്ക് അവധിയുണ്ടാകുമോ? അറിയാം
കോഴിക്കോട്: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌യു ആണ് പഠിപ്പ് മുടക്കല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, സിദ്ധാര്‍ഥന്റെ മരണത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തി വന്ന നിരാഹാര സമരം സംസ്ഥാന തലത്തേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലാണ് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ്-മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരം.

വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇന്ന് കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, കര്‍ശന നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധ മാര്‍ച്ച്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വിദ്യാര്‍ഥികള്‍ ചിതറി ഓടുകയും വീണ്ടും തിരിച്ചെത്തി പ്രതിഷേധിക്കുകയും ചെയ്തു.
കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധമുണ്ടാകും. സംഘടനയ്ക്ക് സ്വാധീനമുള്ള കോളജുകളില്‍ സമരം ശക്തമാകുമെന്നാണ് കരുതുന്നത്. അതേസമയം, മറ്റിടങ്ങളില്‍ പ്രവര്‍ത്തനം സാധാരണ പോലെയാകുമെന്നും പ്രതീക്ഷിക്കുന്നു. സമരം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് സമരം.
''സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും തീരുമാനം ക്രിമിനലുകളെ സംരക്ഷിക്കാനാണ് എന്ന് മനസിലാക്കുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലീസിന്റെ അന്വേഷണം മതിയാകില്ല. സമഗ്രമായ സിബിഐ അന്വേഷണം വേണം. നിരവധി മുറിവുകളുണ്ടായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തണം. ഡീന്‍ നാരായണനെ പുറത്താക്കി പ്രതി ചേര്‍ക്കണം, സിപിഎം നേതാവ് സികെ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് അനിശ്ചതകാല നിരാഹാര സമരം നടത്തുന്നതെന്ന്'' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.












Click it and Unblock the Notifications