പിഎം ശ്രീ വിവാദം; മുസ്ലിം ലീഗിനെതിരെ കെടി ജലീല്‍, കേരളം 5ാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കുന്നുണ്ട്
പിഎം ശ്രീ വിവാദത്തില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ. സിലബസില്‍ മാറ്റം വരുത്താതെ കേന്ദ്ര സഹായം സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് അദ്ദേഹം ചോദിക്കുന്നു. അടുത്ത വര്‍ഷത്തേക്കുള്ള എല്ലാ പുസ്തകങ്ങളും അച്ചടിച്ചു കഴിഞ്ഞിരിക്കെ എന്ത് മാറ്റമാണ് സിലബസില്‍ വരുത്താന്‍ സാധിക്കുക എന്നും ജലീല്‍ ചോദിക്കുന്നു.
തമിഴ്‌നാട് പിഎംശ്രീയെ എതിര്‍ത്തത് ഹിന്ദിയുടെ പേരിലാണ്. കേരളത്തില്‍ അതല്ല സാഹച്യം. സിബിഎസ്ഇ സിലബസിലൂടെയാണ് കേന്ദ്രം ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നത്. ഈ സിലബസ് അനുസരിച്ച് പഠിപ്പിക്കുന്ന മുസ്ലിം ലീഗ് അനുകൂല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ അവര്‍ തയ്യാറാകുമോ എന്നും കെടി ജലീല്‍ ചോദിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''പി.എം ശ്രീയും CBSE സ്കൂളുകളും ലീഗും!
സിലബസിൽ മാറ്റം വരുത്താതെ പി.എം ശ്രീ സഹായം സ്വീകരിക്കുന്നതിൽ എന്തു തെറ്റ്? കേന്ദ്ര സർക്കാർ നൽകുന്ന ഗ്രാൻ്റ് മോദിയുടെയോ അമിത് ഷായുടേയോ തറവാട്ടിൽ നിന്ന് എടുത്ത് തരുന്നതല്ല. കേരളത്തിൽ നിന്നുള്ള നികുതിപ്പണമാണ് നമുക്ക് തിരിച്ചു കിട്ടുന്നത്! പി.എം ശ്രീയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ അഭിപ്രായം പ്രസക്തമാണ്. പല കാര്യങ്ങളിലും എനിക്കദ്ദേഹത്തോട് എതിരഭിപ്രായമുണ്ട്. പക്ഷെ ഇക്കാര്യത്തിൽ ഞാനദ്ദേഹത്തോട് 100% യോജിക്കുന്നു.
RSS-ൻ്റെ വിദ്യാഭ്യാസ അജൻഡ നടപ്പിലാക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാതെ എസ്.എസ്.എ, പി.എം ശ്രീ സഹായങ്ങൾ നൂറുവട്ടം സ്വീകരിക്കാം. അടുത്ത വർഷത്തേക്കുള്ള എല്ലാ പുസ്തകങ്ങളും അച്ചടിച്ചു കഴിഞ്ഞിരിക്കെ എന്ത് മാറ്റമാണ് സിലബസിൽ ഇനി വരുത്താനാവുക? കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്ന ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇതെങ്കിലും ഒന്ന് ആലോചിച്ചു കൂടെ?
തമിഴ്നാട് പി.എം ശ്രീയെ എതിർത്തത് പ്രസ്തുത പദ്ധതിയിലെ ഹിന്ദി നിർബന്ധമായും പഠിപ്പിക്കണമെന്ന വ്യവസ്ഥയെയാണ്. ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ആണിക്കല്ലാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുക എന്നുള്ളത്. കേരളം കാലാകാലങ്ങളായി ഹിന്ദി അഞ്ചാം ക്ലാസ് മുതൽ സ്കൂളിൽ പഠിപ്പിച്ചു വരുന്നുണ്ട്. അതിനാൽ തന്നെ ത്രിഭാഷാ (ഹിന്ദി, ഇംഗ്ലീഷ്, മലയാളം) നിർദ്ദേശത്തോട് നമുക്ക് വിയോജിക്കേണ്ട കാര്യമില്ല.
സി.ബി.എസ്.ഇ സിലബസിലൂടെയാണ് കേന്ദ്ര സർക്കാർ RSS അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഗാന്ധി വധം ഒഴിവാക്കിയതും മധ്യകാലത്തെ മുസ്ലിം ഭരണ ചരിത്രം CBSE ചരിത്ര പുസ്തകത്തിൽ നിന്ന് നീക്കിയതും ഉദാഹരണം. കേരളത്തിലെ സ്കൂളുകളിൽ സ്റ്റേറ്റ് സിലബസാണ് പഠിപ്പിക്കുന്നത്. CBSE സിലബസ് അനുസരിച്ച് ലീഗ് അനുകൂല സംഘടനകളും വ്യക്തികളും നടത്തുന്ന വിദ്യാലയങ്ങൾ അടച്ചു പൂട്ടാൻ അവർ തയ്യാറാകുമോ?
സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിലേക്ക് മാറ്റിയത് കോൺഗ്രസ്സാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ തക്ക രൂപത്തിലേക്ക് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 1976-ൽ മാറ്റം വരുത്തിയത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. കോൺഗ്രസ് തുറന്നു കൊടുത്ത വാതിലിലൂടെയാണ് BJP സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത്? കേരളം അതിനെ ശക്തിയുക്തം എതിർക്കുകയാണ്. ഇതു കാണാതെ ലീഗ് നടത്തുന്ന കള്ള പ്രചണം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.
എന്നെങ്കിലും കാലക്കേടിന് UDF കേരളത്തിൽ അധികാരത്തിൽ വന്നാൽ ഒരു കേന്ദ്ര ഫണ്ടും സ്വീകരിക്കില്ലെന്ന് പറയാൻ ലീഗിനോ കെ.സി വേണുഗോപാലിനോ ധൈര്യമുണ്ടോ? പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് പണം വാങ്ങിയാൽ ആകെ ഉണ്ടാകുന്ന മാറ്റം 300 സ്കൂളുകൾ അഞ്ചു വർഷത്തേക്ക് പി.എം ശ്രീ സ്കൂൾ എന്നാകും അറിയപ്പെടുക എന്നത് മാത്രമാണ്. അഞ്ചു വർഷം കഴിഞ്ഞാൽ ആ പേരു മാറ്റി സംസ്ഥാന സർക്കാറിന് ഇഷ്ടമുള്ള പേരിടുകയും ചെയ്യാം.
ലീഗിൻ്റെ മോദി വിരോധം കാപട്യമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അഹമ്മദ് സാഹിബും ബഷീർ സാഹിബും കൂടി നരേന്ദ്ര മോദിയെ ഏൽപ്പിക്കുന്ന ഫോട്ടോ ആരും മറന്നിട്ടില്ല. ബാബാ രാംദേവിൻ്റെ കൂടെ വേദി പങ്കിട്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ഇടതുപക്ഷ നേതാക്കളല്ല. ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് നാരങ്ങാ നീര് കൊടുത്ത് സത്യാഗ്രഹ സമരം അവസാനിപ്പിച്ചതും ഇടതുപക്ഷ നേതാക്കളല്ല. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിമാനം വൈകി വോട്ടിംഗിൽ പങ്കെടുക്കാതിരുന്നത് ഇടതുപക്ഷ എം.പിമാരാണോ?
RSS വിരോധത്തിൻ്റെ കാര്യത്തിൽ കമ്മ്യൂണിസ്റ്റുകാരുടെയും പിണറായി വിജയൻ്റെയും ശിവൻകുട്ടിയുടേയും ബിനോയ് വിശ്വത്തിൻ്റെയും അടുത്തെത്താൻ കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും ആയിരം കൊല്ലം തപസ്സിരുന്നാലും കഴിയില്ല. ഓരോ സഖാവും വാർത്തടുക്കപ്പെട്ടിട്ടുള്ളത് RSS ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ ശവക്കല്ലറയുടെ മുകളിലാണ്.''












Click it and Unblock the Notifications