എന്തിനാ കപ്പലണ്ടി? പൊരിച്ച കോഴിയല്ലേ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത്? ഫിറോസിനോട് 15 ചോദ്യങ്ങളുമായി ജലീൽ
അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളുടെ പേരിൽ വെട്ടിലായിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫ്രൈഡ് ചിക്കൻ റെസ്റ്റോറെന്റിന്റെ ചെയിൻ, യുഎഇയിൽ കമ്പനിയിൽ അഞ്ചര ലക്ഷത്തിന്റെ പാർടൈം ജോലി , ലണ്ടനിലും അമേരിക്കയിലും ബിസിനസ്സ് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഫിറോസിന് നേർക്കുളളത്.
അതിനിടെ എസി മൊയ്തീൻ അടക്കമുളള സിപിഎം നേതാക്കൾ ഡിവൈഎഫ്ഐ നേതാവിന്റെ ഓഡിയോ പുറത്ത് വന്നതോടെ കുരുക്കിലായിരിക്കുകയാണ്. ഇതിനെ പരിഹസിച്ച് കപ്പലണ്ടി വിറ്റ് നടന്നാൽ മതിയായിരുന്നു എന്ന് പികെ ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ഫിറോസിനോട് 15 ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീൽ.
എന്തിനാ കപ്പലണ്ടി വിൽക്കുന്നത്? സാക്ഷാൽ പൊരിച്ച കോഴിയല്ലേ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് "മൊതലാളി" ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കൽ തന്നെയായിരുന്നു.

ഫിറോസ് ഉത്തരം പറയേണ്ട ചോദ്യങ്ങൾ 15
1) ഫിറോസ് സെയിൽസ് മാനേജരായ കമ്പനിക്ക് ദുബായിയിലെ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉണ്ടോ?
2) Fortune House General Trading എന്ന കമ്പനിയുടെ ബിസിനസ് വ്യാപ്തി എത്രയാണ്?
3) കമ്പനിയുടെ ഏതൊരു വിൽപ്പനക്കും വാങ്ങലിനും ക്രയവിക്രയം നടത്തുന്ന സ്ഥാപനം തയ്യാറാക്കിയ ഇൻവോയ്‌സുകൾ ഉണ്ടായിരിക്കും. അതിൽ 5% വാറ്റും ഉൾപ്പെടുത്തിയിട്ടുണ്ടാകും. അതത് സാമ്പത്തിക വർഷത്തേക്കുള്ള ഒരു ഓഡിറ്റ് റിപ്പോർട്ടുമുണ്ടാകും. ഫിറോസ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇത്തരമൊരു സർട്ടിഫൈഡ് ഓഡിറ്റ് റിപ്പോർട്ട് ഉണ്ടോ?
4) ദുബായിലെ ഏതൊരു കമ്പനിയാണെങ്കിലും അതിലെ ജീവനക്കാരുടെ ശമ്പളം ഓരോ ജവനക്കാരൻ്റെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഫിറോസിന് ഒരു അക്കൗണ്ട് ഉണ്ടോ?
5) ഫിറോസിന് അക്കൗണ്ടുള്ള ബാങ്ക് ഏതാണ്?
6) നിയമപ്രകാരം, ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന ആരെയും ഒരു എൻ.ആർ.ഐ ആയി കണക്കാക്കാൻ കഴിയില്ല. അതിനാൽ എവിടെ നിന്നുള്ള വരുമാനത്തിനാണെങ്കിലും നികുതി നൽകാൻ ബന്ധപ്പെട്ടയാൾ ബാദ്ധ്യസ്ഥനാണ്. ഇതുപ്രകാരം ഫിറോസ് വാങ്ങിയ ശമ്പളത്തിന് ഇന്ത്യാ ഗവ:ന് നികുതി അടച്ചിട്ടുണ്ടോ?
7) ഇതുവരെ ശമ്പളമായി ഫിറോസിന് ലഭിച്ച പണം എങ്ങനെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?
8 ) ഫിറോസിന് ഇന്ത്യയിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടോ?
9) ഇന്ത്യയിൽ അദ്ദേഹത്തിന് ഒരു എൻ.ആർ.ഐ അക്കൗണ്ട് ഉണ്ടോ?
10) ഫിറോസിന് വിദേശത്ത് അക്കൗണ്ട് ഉണ്ടായിരുന്നെങ്കിൽ, നാമനിർദ്ദേശ പത്രികയുടെ ഡിക്ലറേഷനിൽ അതെന്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചില്ല?
11) ദുബായിലെ ഫിറോസിൻ്റെ തൊഴിൽ കരാർ പ്രകാരം, വിദേശത്തു മാത്രമേ അദ്ദേഹത്തിന് പേയ്‌മെന്റുകൾ ലഭിക്കാൻ അർഹതയുള്ളൂ.
12) അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ തനിക്ക് ബിസിനസ് വിസയുണ്ടെന്നാണ് ഫിറോസ് തന്നെ വീമ്പു പറഞ്ഞത്. അങ്ങിനെ ഉണ്ടെങ്കിൽ, ഫിറോസ് അവിടങ്ങളിൽ ചെയ്യുന്ന ബിസിനസ്സ് എന്താണ്?
13) സേവനങ്ങളാണോ സാധനങ്ങളാണോ ഫിറോസ് വിദേശ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നത്. നിക്ഷേപത്തിന്റെ സ്വഭാവം എന്താണ്?
14) കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിൻ്റെ വിദ്യാർത്ഥി-യുവജന സംഘടനയുടെ അമരക്കാരൻ എന്ന നിലയിൽ മുഖം കാണിക്കുന്ന വ്യക്തിയാണ് ഫിറോസ്! അദ്ദേഹത്തിന് ഏതെങ്കിലും ബാഹ്യ ഏജൻസികളിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ?
15) ഇന്ത്യയിൽ താമസിച്ച് ചെയ്യാത്ത ജോലിക്ക് നിയമ വിരുദ്ധമായി പണം കൈപ്പറ്റി പൊതുപ്രവർത്തകനായി ഫിറോസ് തുടരുന്നത് ശരിയാണോ?












Click it and Unblock the Notifications