സംഘി മനസുള്ള ഇത്തരക്കാരെ വച്ചാണോ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്; കെടി ജലീല്‍
മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ് സെക്രട്ടറിയായി നിയമനം ലഭിച്ച റോയ് മാത്യുവിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് ചോദ്യങ്ങളുമായി കെടി ജലീല്‍. റോയ് മാത്യു ഇത്തരത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണം എന്ന് ജലീല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെയും അവരെ പിന്തുണയ്ക്കുന്ന മത സംഘടനകളുടെയും നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ജലീല്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗില്‍ വന്നിരിക്കുന്ന പുതിയ മാറ്റങ്ങളും കെടി ജലീല്‍ ചോദ്യം ചെയ്തു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തൊപ്പി വയ്ക്കുന്ന പതിവ് എന്തുകൊണ്ട് മാറ്റി. അല്ലാഹുവിന്റെ നാമത്തിന് പകരം ദൈവ നാമത്തില്‍ എന്നാക്കിയത് എന്തിന്. താന്‍ മുമ്പ് ദൈവനാമത്തില്‍ സത്യപ്രതജ്ഞ ചെയ്തപ്പോള്‍ വിമര്‍ശിച്ചവരാണ് ഇക്കൂട്ടര്‍ എന്നും കെടി ജലീല്‍ പറയുന്നു.

ഏതാനും മാസം മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അല്ലാഹുവിന്റെ നാമത്തിലാണ് മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇപ്പോള്‍ കൂട്ടത്തോടെ ദൈവ നാമത്തില്‍ ആകാന്‍ എന്തു മാറ്റം സംഭവിച്ചു എന്നും കെടി ജലീല്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-
''പുതിയ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായി നിയമനം ലഭിച്ച റോയ് മാത്യുവിൻ്റേതെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന 2020-ലെ എഫ്.ബി പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടാണ് ഇമേജിൽ കൊടുത്തിരിക്കുന്നത്.
ഇത് സത്യമാണോ അല്ലയോ എന്ന് വ്യക്തത വരുത്തേണ്ടത് അദ്ദേഹമാണ്. മുഖപുസ്തകത്തിൽ റോയ് മാത്യു എഴുതി എന്നു പറയപ്പെടുന്ന വാചകങ്ങൾ വസ്തുതയാണെങ്കിൽ പരമത നിന്ദയും കടുത്ത മുസ്ലിം വിരുദ്ധതയും പ്രചരിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണം. സംഘി മനസ്സുള്ള ഇത്തരക്കാരെയും കൊണ്ടാണോ യു.ഡി.എഫ് സർക്കാർ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നത്?
ഇക്കാര്യത്തിൽ മുസ്ലിംലീഗിൻ്റെയും ലീഗിനെ പിന്തുണക്കുന്ന മത സംഘടനകളുടെയും അഭിപ്രായം എന്തെന്നറിയാൻ മതേതര കേരളത്തിന് താൽപര്യമുണ്ട്.
തൊപ്പിയൂരി സത്യപ്രതിജ്ഞ ചെയ്ത ലീഗുമന്ത്രിമാർ പതിവു തെറ്റിച്ച് "അള്ളാഹു" മാറ്റി "ദൈവത്തി"ലേക്ക് ചാടിയതിൻ്റെ പ്രത്യേക സാഹചര്യം ലീഗ് നേതൃത്വം വിശദീകരിക്കണം. ആറേഴു മാസം മുമ്പ് നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ജയിച്ച മുസ്ലിം പേരുള്ള എല്ലാ മുസ്ലിംലീഗ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത് ''അള്ളാഹു"വിൻ്റെ നാമത്തിലാണ്. ആ സാഹചര്യത്തിൽ നിന്ന് എന്തു വ്യത്യാസമാണ് "അള്ളാഹു" ഉപേക്ഷിച്ച് "ദൈവ"ത്തിലേക്കു മാറാൻ കേരളത്തിൽ പുതുതായി ഉണ്ടായിരിക്കുന്നത്?
ഞാനടക്കമുള്ള ജനപ്രതിനിധികൾ "ദൈവ" നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ വക്രീകരിച്ച് "അള്ളാഹു"വിനെയും മതത്തെയും കൈവിട്ടുവെന്ന് മുസ്ലിം സമൂഹത്തിൽ കുപ്രചരണം നടത്തിയ ഇമ്മിണി വലിയ ''സമുദായസ്നേഹികളാ''ണ് ഇപ്പോൾ ഈ മലക്കംമറിച്ചിൽ നടത്തിയിരിക്കുന്നത്. മുസ്ലിംലീഗിൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ഗുലാം മഹ്മൂദ് ബനാത്ത് വാലാ സാഹിബിൻ്റെ പാർലമെൻ്റിലെ സത്യപ്രതിജ്ഞ ഒന്നാം കമൻ്റൊയി കൊടുക്കുന്നു. എൽ.കെ അദ്വാനി എന്ന ബി.ജെ.പി നേതാവിൻ്റെ തൊട്ടു മുന്നിൽ നിന്നു കൊണ്ടാണ് അദ്ദേഹം പ്രതിജ്ഞ ചൊല്ലുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.''














Click it and Unblock the Notifications