തട്ടിപ്പ് നടത്തുമ്പോള്‍ ഒരു മയമൊക്കെ വേണ്ടേ; ഫണ്ട് മുക്കല്‍ കഥയുമായി മുസ്ലിം ലീഗിനെതിരെ കെടി ജലീല്‍
മലപ്പുറം: മുസ്ലിം ലീഗിലെ പണമിടപാട് സുതാര്യമല്ലെന്ന് കെടി ജലീല്‍ എംഎല്‍എ. ഏറ്റവും ഒടുവില്‍ വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്ക് വീട് വയ്ക്കാന്‍ വേണ്ടി ഭൂമി വാങ്ങിയതിലും സംശയമുണ്ടെന്ന് അദ്ദേഹം പറയുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് സ്ഥലം വാങ്ങിപ്പിച്ചെന്ന ആക്ഷേപം ഉണ്ടെന്നും ജലീല്‍.
ലീഗിന്റെ ഒരു പഞ്ചായത്ത് അംഗം 50 കോടി മുക്കി, കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസ്, ഡല്‍ഹി ഓഫീസ് വാങ്ങിയ ഇടപാട് തുടങ്ങിയ കാര്യങ്ങളെല്ലാം സൂചിപ്പിച്ചാണ് കെടി ജലീല്‍ മുസ്ലിം ലീഗിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തട്ടിപ്പ് നടത്തുമ്പോള്‍ ഒരു മയമൊക്കെ വേണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചക വചനം കൂടി സൂചിപ്പിച്ചാണ് കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. വായിക്കാം-

ഫണ്ട് മുക്കല്‍ ലീഗില്‍ തുടര്‍ക്കഥയാകുന്നു!
വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്കു വേണ്ടി പൊതു ജനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി മുസ്ലിംലീഗ് സ്വരൂപിച്ചത് 40 കോടിയിലധികം രൂപയാണ്. സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന ന്യായം പറഞ്ഞാണ് സ്വന്തമായി ലീഗ് പിരിവിനിറങ്ങിയത്. വീടു നിര്‍മ്മാണത്തിന്റെ ആദ്യപടിയായി നടന്ന സ്ഥലം വാങ്ങലില്‍ ലീഗിലെയും യൂത്ത് ലീഗിലെയും ആഢംബര ജീവികളായ ചില പറമ്പു കച്ചവടക്കാരായ സംസ്ഥാന ഭാരവാഹികളും എം.എല്‍.എമാരും ലീഗ് സംസ്ഥാന അദ്ധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് മാര്‍ക്കറ്റ് വിലയെക്കാള്‍ വലിയ തുകക്ക് സ്ഥലം വാങ്ങിപ്പിച്ചതായി ഉയര്‍ന്ന ആക്ഷേപം ഗൗരവമേറിയതാണ്. വാങ്ങിയ വില അറിയാന്‍ വിവരാവകാശ പ്രകാരം ബന്ധപ്പെട്ട റജിസ്റ്റര്‍ ആഫീസില്‍ അപേക്ഷ നല്‍കിയാല്‍ നിഷ്പ്രയാസം കിട്ടും. ലീഗ് ആയത് കൊണ്ടു തന്നെ സ്ഥലം വാങ്ങിയ ഇനത്തില്‍ ഇടനിലക്കാരായി നിന്ന ലീഗ് നേതാക്കള്‍ കമ്മിഷന്‍ പറ്റി എന്ന ആരോപണം തള്ളിക്കളയാന്‍ കഴിയില്ല.
ലീഗിന്റെ ഒരു ജില്ലാ പഞ്ചായത്ത് മെമ്പര്‍ 50 കോടിയാണ് പിരിച്ച് മുക്കിയത്. പാര്‍ട്ടി നേതൃത്വം അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കിയില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ലീഗ് നേതാവായ ഭര്‍ത്താവിനെയാണ് സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.
കാശ്മീരിലെ പിഞ്ചു പെണ്‍കുട്ടികളുടെ കണ്ണീരിന്റെ കഥ പറഞ്ഞ് പിരിച്ച കത്വ-ഉന്നാവോ ഫണ്ട് അണ്ണാക്ക് തൊടാതെ വിഴുങ്ങിയ യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കുന്ദമംഗലം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. പ്രസ്തുത ഉത്തരവ് ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി തല്‍ക്കാലം മുഖം രക്ഷിക്കാനായത് ആശ്വാസമായി ആരും കാണേണ്ട. സ്റ്റേ വെക്കേറ്റ് ചെയ്ത് ഫണ്ട് മുക്കികളെ സമൂഹ മദ്ധ്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമം യൂത്ത് ലീഗിന്റെ മുന്‍ ദേശീയ നേതാവ് യൂസുഫ് പടനിലം തുടരുകയാണ്.
ലീഗ് നേതാക്കളില്‍ പലര്‍ക്കും സമുദായ താല്‍പര്യത്തെക്കാള്‍ സ്വന്തം സാമ്പത്തിക നേട്ടങ്ങളിലാണ് കണ്ണ്. ഡല്‍ഹിയില്‍ ഖാഇദെ മില്ലത്ത് സൗധം പണിയാന്‍ പിരിച്ച ഫണ്ടും ശരിയാംവിധം ചെലവിട്ടില്ലെന്ന അഭിപ്രായം ലീഗണികള്‍ക്കിടയില്‍ ശക്തമാണ്. പണി പൂര്‍ത്തിയാകാത്ത കെട്ടിടം ചുളു വിലക്ക് വാങ്ങി തട്ടിക്കൂട്ട് ആപ്പീസാക്കി ലീഗ് ദേശീയ ആസ്ഥാനം മാറ്റിയെന്ന വേദന ലീഗ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത് ഈയുള്ളവനും കേട്ടിട്ടുണ്ട്. ഡല്‍ഹിയിലെ വസ്തുവും സ്ഥലവും എത്ര രൂപക്കാണ് വാങ്ങിയത് എന്നറിയാന്‍ ഒരു വിവരാവകാശം കൊടുത്താല്‍ മതിയാകും എന്ന കാര്യം ലീഗ് നേതാക്കള്‍ മറക്കണ്ട.
നിലമ്പൂര്‍ കവളപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട് ലീഗ് പിരിച്ച ഫണ്ടും വിനിയോഗത്തിലെ ക്രമക്കേട് കാരണം വിവാദമായത് ആര് വിസ്മരിച്ചാലും ലീഗുകാര്‍ക്ക് വിസ്മരിക്കാനാവില്ല. ഗുജറാത്ത് ഫണ്ടും സുനാമി ഫണ്ടും അര്‍ഹരായവര്‍ക്ക് കൊടുക്കാതിരുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണല്ലോ 2005-ല്‍ പാര്‍ട്ടി എന്നെ പുറത്താക്കിയത്. തെറ്റു തിരുത്താനുള്ള ശ്രമങ്ങള്‍ക്കു പകരം സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കുന്ന നിലപാടാണ് നേതൃത്വം ഇപ്പോഴും സ്വീകരിക്കുന്നത്.
ലീഗിന്റെ സമുന്നത നേതാക്കളെ മുന്നില്‍ നിര്‍ത്തി സമീപകാലത്തായി സ്വകാര്യ സംരഭം എന്ന പേരില്‍ വ്യാപക ഷെയര്‍ കളക്ഷന്‍ സ്വദേശത്തും വിദേശത്തും പൊടിപൊടിക്കുകയാണ്. നേതാക്കളെ വിശ്വസിച്ച് ലക്ഷങ്ങള്‍ കൊടുത്ത സാധാരണ ലീഗ് പ്രവര്‍ത്തകര്‍ മുതലും ലാഭവും കിട്ടാതെ ഉഴലുന്നത് പതിവായിരിക്കുന്നു. സാമ്പത്തിക തട്ടിപ്പിന്റെ സിരാകേന്ദ്രമായി ലീഗ് മാറുന്നത് ആത്മാര്‍ത്ഥതയുള്ള ലീഗണികളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ചോദ്യം ചെയ്യുന്നവരെ നിഷ്‌കരുണം പുറത്താക്കുന്ന പ്രക്രിയ അഭംഗുരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികള്‍ക്കായി ആരംഭിച്ച 'സാമൂഹ്യ സുരക്ഷാ പദ്ധതി' വാലും തലയുമില്ലാത്ത അവസ്ഥയിലായതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. വാര്‍ഷിക വരിസംഖ്യയായി 500 രൂപയാണ് ഈടാക്കിയിരുന്നത്. കോടികള്‍ ഈ ഇനത്തില്‍ പിരിഞ്ഞു കിട്ടിയതായാണ് കേള്‍വി. സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏത് ഇന്‍ഷൂറന്‍സ് കമ്പനിയിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് ഇതുവരെയും ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സ്‌കീമില്‍ 500 രൂപ വാര്‍ഷിക വരിസംഖ്യ നല്‍കി ചേര്‍ന്ന ലീഗ് പ്രവര്‍ത്തകര്‍ മരണപെട്ടാല്‍ 5 ലക്ഷവും പരിക്കു പറ്റിയാല്‍ 3 ലക്ഷവും നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ആര്‍ക്കെങ്കിലും പദ്ധതി പ്രകാരം വല്ലതും തിരിച്ചു കിട്ടിയതായി അറിവില്ല. വെറും 500 രൂപയുടെ കാര്യത്തിന് ആരും കേസിനു പോവില്ലെന്ന ഉറപ്പിലാണ് നേതാക്കളുടെ പ്രതീക്ഷ. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ചുമതലക്കാരനായ ജില്ലാ ലീഗ് നേതാവിന്റെ ബാങ്കിലെ കോടികളുടെ കടം തിരിച്ചടച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നാണ് ലീഗ് അണികള്‍ക്കിടയിലെ സംസാരം. പണപ്പിരിവുകളില്‍ കാണിക്കുന്ന ആവേശവും സുതാര്യതയും പണം ചെലവഴിക്കുന്ന കാര്യത്തിലും നിര്‍ബന്ധമായും ലീഗ് നേതൃത്വം കാണിക്കണം. വയനാട്ടിലെ പാവം മനുഷ്യര്‍ക്ക് വീടുണ്ടാക്കാന്‍ എടുത്ത സ്ഥലത്തിന്റെ യഥാര്‍ത്ഥ വില എത്രയാണെന്ന് പൊതു സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ ലീഗ് ഒട്ടും അമാന്തിക്കരുത്.
നിലവില്‍ പ്രസിദ്ധപ്പെടുത്തിയ കണക്ക് ഒട്ടും വിശ്വാസ യോഗ്യമല്ല. പതിനൊന്ന് ഏക്കര്‍ ഒരുമിച്ചെടുക്കുമ്പോള്‍ എങ്ങിനെയാണ് സെന്റിന് ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയാവുക? വയനാട്ടിലെ ഏത് കുട്ടിയോട് ചോദിച്ചാലും അറുപതിനായിരത്തില്‍ ഒരു പൈസ പോലും അവിടെ ഒരു സെന്റിനില്ല. സ്ഥലം വാങ്ങിയത് ആരില്‍ നിന്നാണെന്ന് ലീഗ് വ്യക്തമാക്കണം. ഇതിനെക്കാള്‍ കണ്ണായ സ്ഥലത്താണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ വിലയായി സെന്റിന് ഇരുപത്തിമൂവായിരം രൂപയാണ് കോടതിയില്‍ കെട്ടിവെച്ചത്. തട്ടിപ്പ് നടത്തുമ്പോള്‍ ഒരു മയമൊക്കെ വേണ്ടേ? ചോദിക്കാനും പറയാനും ആളില്ലെന്ന് കണ്ട് ഇങ്ങിനെ പകല്‍കൊള്ള നടത്താന്‍ പാടുണ്ടോ? പിരിച്ച ഓരോ രൂപക്കും നാളെ പടച്ചവന്റെ മുന്നില്‍ കണക്കു പറയേണ്ടി വരുമെന്ന ഓര്‍മ്മ ലീഗ് നേതാക്കള്‍ക്കില്ലേ? അതോ വിശ്വാസം അവര്‍ക്ക് വെറും 'ലേബല്‍' മാത്രമാണോ?
'ഒരാള്‍ മുസ്ലിമാണോ എന്നറിയാന്‍ അയാളുമായി നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി നോക്കുക' (മുഹമ്മദ് നബി).












Click it and Unblock the Notifications