"തൊരപ്പൻ്റെ" പണിയാണ് എടുക്കുന്നത്: ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ
കോഴിക്കോട്: സമസ്ത നേതാവ് ഡോ: ബഹാവുദ്ദീൻ കൂരിയാടിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീല്‍ എംഎല്‍എ. സുപ്രഭാതത്തിൻ്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂതാസിനെപ്പോലും നാണിപ്പിക്കുമെന്നും പറയുന്ന കെടി ജലീല്‍ ചന്ദ്രികക്ക് ഇപ്പോൾ നല്ലൊരു ചീഫ് എഡിറ്ററില്ലാത്തതിനാല്‍. ആ പദവി അലങ്കരിക്കാൻ സുപ്രഭാതത്തിൽ നിന്ന് രാജിവെച്ച് പോകലല്ലേ ഡോക്ടർ സാഹിബേ ഭംഗിയെന്നും ചോദിക്കുന്നു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന താങ്കൾ കപ്പലിൽ വെള്ളമില്ലാതായപ്പോൾ താഴത്തെ നിലയിൽ ഓട്ടയുണ്ടാക്കി പ്രശ്നം പരിഹരിച്ച "തൊരപ്പൻ്റെ" പണിയാണ് എടുക്കുന്നത്. സുന്നിസത്തിൻ്റെ കാര്യം വരുമ്പോൾ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും താനൊരു "സമസ്ത"ക്കാരനാണെന്ന് പറയാൻ എന്തേ താങ്കൾക്ക് കഴിയുന്നില്ലെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"സുപ്രഭാതത്തിൽ" വേലിതന്നെ വിള തിന്നുന്നു!
എം.വി രാഘവനും സി.പി ജോണും കെ.കെ രമയും ഒരുമതത്തിലും വിശ്വസിക്കാത്ത തികഞ്ഞ നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റുകാരാണ്. അവരെയൊന്നും എതിർക്കാതെ, ലീഗ്സുന്നി നേതാവ് ഡോ: ബഹാവുദ്ദീൻ കൂരിയാട് സി.പി.എം നേതാക്കളെ മാത്രം വേറിട്ട് നിർത്തി അക്രമിക്കുന്നതിലെ "താൽപര്യം" സുന്നിസത്തോടുള്ള ആഭിമുഖ്യമല്ലെന്ന് ആർക്കാണ് അറിയാത്തത്? പ്രാക്ടീസിംഗ് മുസ്ലിങ്ങളല്ലാത്ത നിരവധി പേർ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലും പ്രവർത്തകരിലും ഉണ്ട്. ലീഗുകാരുടെ കൂട്ടത്തിൽ പോലും അത്തരം ആളുകളെ കാണാം. അവരെ തുറന്നു കാട്ടാൻ എന്താണ് കൂരിയാട് സാഹിബ് ചാനലുകൾക്ക് അഭിമുഖം നൽകാത്തത്?
നിരീശ്വരവാദത്തെക്കാൾ ഇസ്ലാം എതിർത്തത് ബഹുദൈവ ആരാധനയെ അല്ലേ? ലോകത്തിലെ ഏറ്റവും വലിയ പാപം ''ഷിർക്ക്" ആണെന്നല്ലേ നദവി സാഹിബേ അങ്ങയുടെ പക്ഷം? ബഹുദൈവ വിശ്വാസികളായ എത്ര യുഡിഎഫ് നേതാക്കളെയും മന്ത്രിമാരെയും പട്ടിക്കാട് ജാമിഅയുടെ പരിപാടിക്ക് ക്ഷണിക്കുകയും അവരുടെ പ്രസംഗത്തെ തക്ബീർ ചൊല്ലി സുന്നി പ്രവർത്തകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്? അതിലൊന്നും കാണാത്ത അപരാധം സി.പി.എം നേതാക്കളുടെ കാര്യത്തിത്തിൽ മാത്രം കാണുന്നത് "ലീഗ്പ്രേമ"മല്ലാതെ മറ്റെന്താണ്? ഡോ: കൂരിയാട് ചീഫ് എഡിറ്ററായ പത്രം ഉൽഘാടനം ചെയ്തത് ഉമ്മൻചാണ്ടിയും കോടിയേരിയും സമസ്ത നേതാക്കളും ഉൾപ്പടെ പത്തോളം മഹത് വ്യക്തികൾ ചേർന്നാണ്. അന്നും സുന്നി പ്രവർത്തകർ തക്ബീർ ചൊല്ലിയാണ് ചടങ്ങിന് സാക്ഷികളായത്. ബഹാവുദ്ദീൻ സാഹിബിന് കോടിയേരിയോട് അന്ന് തോന്നാത്ത "കമ്മ്യൂണിസ്റ്റ്" വിരോധം ഇപ്പോൾ ഉണ്ടായതിൻ്റെ "ഗുട്ടൻസ്" അരിയാഹാരം കഴിക്കുന്നവർക്ക് തിരിയും!
സുപ്രഭാതത്തിൻ്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂതാസിനെപ്പോലും നാണിപ്പിക്കും. "ചന്ദ്രിക"ക്ക് ഇപ്പോൾ നല്ലൊരു ചീഫ് എഡിറ്ററില്ല. ആ പദവി അലങ്കരിക്കാൻ "സുപ്രഭാത"ത്തിൽ നിന്ന് രാജിവെച്ച് പോകലല്ലേ ഡോക്ടർ സാഹിബേ ഭംഗി? അങ്ങ് സമസ്തയുടെ മുശാവറയിലല്ല അംഗമാകേണ്ടത്. മുസ്ലിംലീഗിൻ്റെ ഹൈപവർ കമ്മിറ്റിയിലാണ്. സയ്യിദുൽ ഉലമാ ജിഫ്രിമുത്തുക്കോയ തങ്ങളുടെയും ശൈഖുൽ ജാമിഅ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാരുടെയും നിലപാടിൽ ഒരു പിശകും സംഭവിച്ചിട്ടില്ല. അവരാണ് ശരിയെന്ന് വൈകാതെ താങ്കൾക്ക് ബോദ്ധ്യമാകും. നദവി സാഹിബേ അങ്ങേക്കാണ് തെറ്റ് പറ്റിയത്, സമസ്തയുടെ നേതൃത്വത്തിനല്ല.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന താങ്കൾ കപ്പലിൽ വെള്ളമില്ലാതായപ്പോൾ താഴത്തെ നിലയിൽ ഓട്ടയുണ്ടാക്കി പ്രശ്നം പരിഹരിച്ച "തൊരപ്പൻ്റെ" പണിയാണ് എടുക്കുന്നത്. സുന്നിസത്തിൻ്റെ കാര്യം വരുമ്പോൾ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും താനൊരു "സമസ്ത"ക്കാരനാണെന്ന് പറയാൻ എന്തേ താങ്കൾക്ക് കഴിയുന്നില്ല? മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം "സമസ്ത" എന്ത് നേട്ടമാണ് മുസ്ലിം സമുദായത്തിന് നേടിക്കൊടുത്തതെന്ന് ചോദിച്ച് സയ്യിദുനാ ജിഫ്രി തങ്ങളുൾപ്പടെയുള്ള മുഴുവൻ പണ്ഡിതശ്രേഷ്ഠരേയും വലിച്ചുകീറി അവഹേളിച്ചപ്പോൾ ബഹാവുദ്ദീൻ സാഹിബേ, എന്തേ അങ്ങയുടെ നാക്ക് പൊങ്ങിയില്ല? അങ്ങയെപ്പോലുള്ള "ഒറ്റുകാരെ" ഉപയോഗിച്ച് സമസ്തയെന്ന കപ്പൽ മുക്കാനാണ് ലീഗിൻ്റെ ശ്രമം. ആ സത്യം സമസ്തയുടെ പ്രവർത്തകർ ഉൾക്കൊണ്ടില്ലെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയെ ലീഗിൻ്റെ മറ്റൊരു പോഷക സംഘടനയാക്കി അവർ മാറ്റും. അതിനവർ "സ്വതന്ത്ര പണ്ഡിത തൊഴിലാളി യൂണിയൻ" എന്ന് പേരും നൽകും. അതിൻ്റെ പ്രസിഡണ്ടായി ഡോ: ബഹാവുദ്ദീൻ കൂരിയാടിന് ആജീവനാന്തം വാഴാം.












Click it and Unblock the Notifications