ലഹരി ഉപയോഗിക്കുന്നവരെ ബഹിഷ്കരിക്കാന്‍ മഹല്ലുകള്‍; വിവാഹവും നടക്കില്ല: നല്ല തീരുമാനമെന്ന് കെടി ജലീല്‍
ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ ബഹിഷ്കരിക്കാനുള്ള പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മിറ്റിയുടെ നീക്കത്തെ അഭിനന്ദിച്ച് കെടി ജലീല്‍ എം എല്‍ എ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്ത്മായ നീക്കവുമായി രംഗത്തുവന്ന പുതുപ്പാടിയിലെ മുസ്ലിം മഹല്ല് കമ്മിറ്റികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ യുവാവ് ഭാര്യയെ കുത്തിക്കൊന്നതോടെയാണ് മഹല്ല് കമ്മിറ്റികള്‍ സംയുക്തയോഗം ചേർന്ന് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇനി മുതല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് മഹല്ലുകളില്‍ നിന്ന് വിവാഹത്തിനാവശ്യമായ സ്വഭാവശുദ്ധി സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. കെടി ജലീല്‍ എം എല്‍ എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നല്ല തീരുമാനം, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്ത്മായ നീക്കവുമായി രംഗത്തുവന്ന പുതുപ്പാടിയിലെ മുസ്ലിം മഹല്ല് കമ്മിറ്റികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മറ്റു മതസമുദായങ്ങൾ ഇത്തരമൊരു തീരുമാനവുമായി രംഗത്തു വരുന്നതിന് മുൻപ് പുതുപ്പാടിയിലെ മഹല്ല് ജമാഅത്തുകൾ ഇത്തരമൊരു പരസ്യപ്രഖ്യാപനത്തിന് മുതിർന്നത് ഒരുതരം കുറ്റസമ്മതവും ഇസ്ലാമിൻ്റെ മുഖത്ത് കരിവാരി തേക്കലുമല്ലേ എന്ന് മീഡിയാ വണ്ണിലെ "അടുപൂകൂട്ടി ചർച്ചാ വിദഗ്ദ്ധർ" നാളെ ഓരിയിട്ടേക്കാം.
പുതുപ്പാടിയിലെ മഹല്ല് ജമാഅത്തുകൾ സംഘികൾക്കും കാസക്കാർക്കും വടി കൊടുത്തു എന്ന് ആക്ഷേപിച്ച് കൊണ്ട് 'സമുദായ സ്നേഹികളും' രംഗത്തുവന്നേക്കാം. ആർ.എസ്.എസ് മുഖപത്രമായ ''ഓർഗനൈസർ" ഇത് വാർത്തയാക്കും എന്നു പേടിപ്പെടുത്തി വാളെടുക്കുന്നവരും സടകുടഞ്ഞ് എഴുന്നേറ്റേക്കാം. അത്തരം ജൽപ്പനങ്ങൾക്കൊന്നും ചെവി കൊടുക്കാതെ സധൈര്യം സ്വയം വിമർശനത്തോടെ സ്വന്തത്തിലേക്ക് നോക്കാൻ ആരും തയ്യാറായില്ലെങ്കിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകും. അവിടെയാണ് പുതുപ്പാടി പ്രദേശത്തെ മഹല്ലു കമ്മിറ്റികളുടെ തീരുമാനം പ്രസക്തമാകുന്നത്.
മതപഠനം കാലാനുസൃതമായി പരിഷ്കരിക്കണം. കരുണ, ദയ, സഹിഷ്ണുത, പരമത ബഹുമാനം, ജനാധിപത്യ മനോഭാവം, വികാരത്തേക്കാൾ വിചാരത്തിന് പ്രാമുഖ്യം നൽകേണ്ടതിൻ്റെ ആവശ്യകത, ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ വാക്കിലും പ്രവൃത്തിയിലും പാലിക്കേണ്ട മര്യാദകൾ, മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുന്നതും പറ്റിച്ച് സ്വന്തമാക്കുന്നതും, കള്ളക്കടത്ത് നടത്തുന്നതും, സാമ്പത്തിക സത്യസന്ധത പുലർത്താത്തതും മതവിരുദ്ധമാണെന്ന ശക്തമായ ബോധം, മദ്യവും, മയക്കുമരുന്നും, പുകയിലയും, പാൻമസാലയും ഉപയോഗിക്കുന്നത് അതുപയോഗിക്കുന്നവരെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും തകർക്കുമെന്ന പാഠം, തുടങ്ങി പുതിയ കാലത്തിൻ്റെ സാഹചര്യമനുസരിച്ചുള്ള വിഷയങ്ങൾ മദ്രസ്സാ സിലബസ്സിൻ്റെ ഭാഗമാകണം.
യുക്തിസഹമായി മതത്തെ പുതു തലമുറക്ക് പകർന്ന് കൊടുക്കാനായാലേ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയൂ. സ്വയം വിമർശനം നടത്താൻ തയ്യാറാകാത്ത ജനവിഭാഗങ്ങൾ തകർന്നടിയും. അങ്ങിനെ ഏതെങ്കിലും ഒരു സമൂഹം അധപ്പതിക്കുന്നത് നമുക്കെങ്ങിനെ സഹിക്കാനാകും?. മതപഠനം ലഭിക്കുന്നവരാകണം തെറ്റു ചെയ്യുന്നവരിൽ ഏറ്റവും കുറവ്. പക്ഷെ വർത്തമാന അനുഭവം അതാണോ? ഒരു ധാർമ്മിക വിദ്യാഭ്യാസവും കിട്ടാത്തവരുടെ സൂക്ഷ്മത പോലും മതം പഠിക്കുന്നവരിൽ നിന്ന് ഉണ്ടാവുന്നില്ല. ലിബറലിസവും ഭൗതിക ദർശനങ്ങളും ജീവിതത്തിൽ വരിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്.
അവരുടെ സാംസ്കാരിക ഔന്നിത്യവും അവരുടെ മക്കൾ പുലർത്തുന്ന സദാചാര ബോധവും മതവിശ്വാസികൾ എന്ന് ഘോഷിക്കുന്ന പലരിലും കാണാൻ കഴിയാറുണ്ടോ? അനധികൃതമായി പണം സമ്പാദിക്കാനുള്ള മറയായി മതത്തെയും വിശ്വാസത്തെയും ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ സമൂഹത്തിന് കഴിയണം.
അന്യായമായി സ്വത്ത് സമ്പാദിച്ച് സമ്പന്നരായവരെ പള്ളിക്കമ്മിറ്റികളുടെയും ഇടവകകളുടെയും ക്ഷേത്രങ്ങളുടെയും ദാരവാഹിത്വത്തിൽ ഒരിക്കലും കൊണ്ടുവരാതെ ബന്ധപ്പെട്ടവർ നോക്കണം. അത്തരക്കാർ മതസ്ഥാപനങ്ങളുടെ തലപ്പത്തു വന്നാൽ എങ്ങിനെയെങ്കിലും പണമുണ്ടാക്കി ആളാവുക എന്ന തെറ്റായ സന്ദേശമാകും അത് ജനങ്ങൾക്ക് നൽകുക. അതുവഴി ലഹരി വിൽപ്പനയും നിയമവിരുദ്ധ മാർഗ്ഗങ്ങളും ധനാഢ്യരാകാൻ ചെറുപ്പക്കാർക്ക് പ്രചോദനമായാൽ പൂർണ്ണമായും അവരെ പഴിക്കാനാകുമോ?
നമ്മുടെ മക്കളെ രാസ ലഹരിയുടെയും കഞ്ചാവിൻ്റെയും ശപിക്കപ്പെട്ട ലോകത്തു നിന്ന് രക്ഷിക്കണം. പുതുപ്പാടി മേഖലയിലെ മഹല്ലുകളുടെ ധീരമായ തീരുമാനം കാലാന്തരത്തിൽ സഹോദര മതസ്ഥരും ഏറ്റെടുക്കും. തീർച്ച. രാസലഹരിയും കഞ്ചാവും മറ്റു മയക്കു മരുന്നുകളും ഉപയോഗിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന മുഴുവൻ ആളുകളെയും നാടും സമൂഹവും സമുദായങ്ങളും ഒറ്റപ്പെടുത്തണം. ചെയ്ത കുറ്റത്തിൻ്റെ ശിക്ഷ നിയമാനുസൃതം ലഭ്യമാക്കിയ ശേഷം അവരെ തെറ്റു തിരുത്തിച്ച് ശരിയുടെ വഴിയിലേക്ക് കൊണ്ടുവരാൻ സാമൂഹ്യ കൂട്ടായ്മകൾ പരമാവധി പരിശ്രമിക്കണം. നന്നാവുന്നില്ലെങ്കിൽ അവരെ അവരുടെ പാട്ടിന് വിടണം. സമുദായവും സമുദായത്തിൻ്റെ സംവിധാനങ്ങളും നാടും സമൂഹവും അവരുടെ കൂടെയുണ്ടാവില്ലെന്ന് നിസ്സംശയം അത്തരക്കാരെ ബോദ്ധ്യപ്പെടുത്തണം.
മദ്രസ്സാ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതോടൊപ്പം കുടുംബാന്തരീക്ഷവും ഭേദപ്പെടണം. ഒരു വ്യക്തിയിൽ സംസ്കാരം രൂപപ്പെടുന്നത് അവരവരുടെ വീട്ടിൽ വെച്ചാണ്. കുട്ടികൾ കേൾക്കെ അശ്ലീല പദങ്ങൾ മാതാപിതാക്കളും ഗുരുനാഥൻമാരും ഉപയോഗിച്ചാൽ അവരും അത് ശീലിക്കും. പുകവലിക്കുന്ന അദ്ധ്യാപകരും രക്ഷിതാക്കളും മതപുരോഹിതന്മാരും പുകയില ആരോഗ്യത്തിന് ഹാനികരമാണെന്ന് എങ്ങിനെയാണ് കുട്ടികളെ ഉപദേശിക്കുക? കൂട്ടുകാരുമായും ജേഷ്ഠാനുജൻമാരുമായും പരസ്പരം വഴക്കിടുമ്പോൾ അസഭ്യ വാക്കുകൾ കുട്ടികൾ ഉപയോഗിക്കുന്നത് കേൾക്കാറില്ലെ? വീട്ടിൽ രക്ഷിതാക്കളോ പാഠശാലകളിൽ ഗുരുനാഥൻമാരോ അശ്ലീല വാക്കുകൾ ഒരുകാരണവശാലും ഉപയോഗിക്കാതെ നോക്കണം. ഓരോ കുട്ടിയുടെയും മാതൃകാപുരുഷൻ അവരുടെ പിതാവാണ്. മാതൃകാ വനിത അവരുടെ മാതാവാണ്. മൂന്നാമത്തെ അവരുടെ മാതൃക അദ്ധ്യാപകരാണ്. മാതൃകയായി കുട്ടികൾ കാണുന്നവർ ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ വളരുന്ന തലമുറയും അത് പുലർത്തില്ല.
ആളുകളെ പറ്റിക്കുകയും വഞ്ചിക്കുകയും ചെയ്തുണ്ടാക്കിയ പണം മക്കളുടെ വയറ്റിലാകാതെ നോക്കണം. വേറൊരുത്തൻ്റെ കണ്ണുനീരിൽ കുതിർന്ന രൂപ കൊണ്ട് വാങ്ങിച്ച ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും ആർഭാട വസ്തുക്കളും മക്കൾക്ക് കൊടുക്കാതെ ശ്രദ്ധിക്കുക. കട്ടും കവർന്നും പറ്റിച്ചും വഞ്ചിച്ചും അഴിമതി നടത്തിയും ഉണ്ടാക്കുന്ന ധനം കുടുംബത്തിനായി ചെലവഴിച്ചാൽ നല്ല ഫലം തിരിച്ചു കിട്ടുമെന്ന് ആരും സ്വപ്നം കാണരുത്. കഞ്ചാവ് കൃഷി ചെയ്താൽ ഭക്ഷ്യധാന്യം വിളവെടുക്കാനാവില്ലല്ലോ?
രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളും മതപുരോഹിതരും ആത്മീയ നേതാക്കളും അത്യാർഭാടം ഉപേക്ഷിക്കുക. അവർ കൊട്ടാര സമാനമായ മണിമന്ദിരങ്ങൾ പണിത് ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കുക. വിവാവ മാമാങ്കങ്ങൾ നടത്തി സമൂഹത്തിൽ സ്വയം പരിഹാസ്യരാകാതിരിക്കുക. മതപ്രഭാഷകർ മുൻകൂട്ടി സംഖ്യ നിശ്ചയിച്ച് പടച്ചോനെ പേടിയില്ലാതെ ധർമ്മോപദേശം നടത്തുന്നത് അവസാനിപ്പിക്കുക. പറയാനുള്ള അർഹത പറയുന്നവനുണ്ടോ എന്ന് കേൾക്കുന്നവർ സസൂക്ഷ്മം നിരീക്ഷിക്കും. ആ ഓർമ്മ എല്ലാവർക്കും വേണം.
കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ "നമ്മൾ നന്നാകുവാനെന്തു നല്ലൂ, നല്ലൊരു ചൂലു മനസ്സിൽ നല്ലൂ". വ്യക്തികൾക്കും സംഘടനകൾക്കും സമുദായ വിഭാഗങ്ങൾക്കും പാർട്ടികൾക്കും വ്യക്തികൾക്കും മതനേതാക്കൾക്കും ജനപ്രതിനിധികൾക്കും എല്ലാം കുഞ്ഞുണ്ണിക്കവിതയുടെ ഉള്ളടക്കം ബാധകമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications