മക്കളുടെ വിവാഹത്തിന് 11 ലക്ഷം ചെലവായി; പണം ഭാര്യയില്‍ നിന്ന് കടംവാങ്ങിയത്- കെടി ജലീല്‍
മലപ്പുറം: മക്കളുടെ വിവാഹത്തിന് ചെലവായ തുകയും തന്റെ വരുമാനവും വെളിപ്പെടുത്തി കെടി ജലീല്‍ എംഎല്‍എ. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ ആരോപണം ഉന്നയിക്കുന്ന വേളയിലാണ് താന്‍ നിയമം ലംഘിച്ച് ഒന്നും നേടിയിട്ടില്ലെന്ന് വിശദീകരിച്ച് ഖുര്‍ആന്‍ പിടിച്ച് ജലീല്‍ സത്യമിട്ടത്. മക്കളുടെ വിവാഹത്തിനുള്ള പണം ഭാര്യയില്‍ നിന്ന് കടം വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
''മക്കളുടെ വിവാഹം വലിയ ഹാളിലായിരുന്നല്ലോ നടത്തിയത് എന്ന് ചിലര്‍ തന്നോട് ചോദിക്കാറുണ്ട്. ശരിയാണ്. 11 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവായത്. എന്റെ പെണ്ണുങ്ങളുടെ അടുത്ത് നിന്ന് കടം വാങ്ങിയതാണ് ആ തുക. എല്ലാ മാസവും തന്റെ 50000 രൂപയില്‍ നിന്ന് 25000 രൂപ അവളുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ടെന്നും ട്രഷറിയില്‍ നിന്ന് തന്നെ നേരിട്ട് പോകുന്നതാണ് അതെന്നും'' ജലീല്‍ പറഞ്ഞു.

മക്കളുടെ കല്യാണം കഴിഞ്ഞ ശേഷം ഇന്നുവരെയുള്ള എല്ലാ മാസങ്ങളിലും തന്റെ 25000 രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ട്. ഇക്കാര്യം പരിശോധിച്ചാല്‍ മനസിലാകുമെന്നും ജലീല്‍ പറഞ്ഞു. സുതാര്യതയും സത്യസന്ധതയും പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജലീല്‍ വിശദീകരിച്ചു.
മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇതേ നിലപാട് തന്നെയായിരുന്നു തനിക്ക്. എന്നാല്‍ ലീഗ് അതിന് വില കല്‍പ്പിച്ചില്ല. അഴിമതിക്കാരായ ആളുകള്‍ നേതൃത്വത്തില്‍ വരാതിരിക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ശക്തമായ ഇടപെടല്‍ നടത്തണം. ജനങ്ങളെ വഞ്ചിക്കുന്ന പികെ ഫിറോസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം എന്നും ജലീല്‍ ആവശ്യപ്പെട്ടു.
പികെ ഫിറോസിനെതിരെ ജലീല്‍ പറഞ്ഞ കാര്യങ്ങള്‍: പികെ ഫിറോസിന്റെ സാമ്പത്തിക വളര്‍ച്ച പൊതുഫണ്ട് ദുരുപയോഗം ചെയ്താണ് എന്ന് ആരോപണം ഉന്നയിക്കുന്നത് ലീഗ് പ്രവര്‍ത്തകരാണ്. ഇത് നേതൃത്വം കാണാതെ പോകരുത്. പാരമ്പര്യ സ്വത്തോ ജോലിയോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭുവാണ്. ബ്ലൂഫിന്‍ ട്രാവല്‍ ഏജന്‍സി, ബ്ലൂഫില്‍ വില്ല പ്രൊജക്ട് എന്നിവ ഫിറോസിന്റേതായി കോഴിക്കോടുണ്ട്. സംഘടനാ കാര്യങ്ങള്‍ക്കുള്ള പിരിവില്‍ കൃത്രിമം നടത്തിയാണ് ഫിറോസ് തന്റെ ആവശ്യത്തിന് പണം കണ്ടെത്തുന്നത് എന്ന് യൂത്ത് ലീഗുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
ലക്ഷങ്ങള്‍ വില വരുന്ന സ്ഥലം കുന്നമംഗലം വില്ലേജില്‍ വാങ്ങിയത് എംഎസ്എഫ് ഭാരവാഹിയായിരിക്കെയാണ്. വീടുണ്ടാക്കാന്‍ ചെലവാക്കിയ ഒരു കോടിയിലധികം രൂപ എവിടെ നിന്ന് കിട്ടി എന്ന കാര്യം നാട്ടുകാര്‍ക്ക് പോലും ദുരൂഹമാണ്. ഫോര്‍ച്ചൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എല്‍എല്‍സി എന്ന പേരില്‍ ദുബായിലെ കമ്പനിയില്‍ സെയില്‍സ് മാനേജരായി പ്രവര്‍ത്തിക്കുകയാണ് ഫിറോസ്. ഇതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. മാസത്തില്‍ അഞ്ചേകാല്‍ ലക്ഷമാണ് ശമ്പളം എന്ന രേഖ ലീഗ് പ്രവര്‍ത്തകരാണ് തനിക്ക് അയച്ചുതന്നത്. ആ കമ്പനിയില്‍ ഫിറോസിനുള്ള ഓഹരിയുടെ ഡിവിഡന്റാണ് ഓരോ മാസവും അദ്ദേഹത്തിന് ലഭിക്കുന്ന അഞ്ചേകാല്‍ ലക്ഷം.
കത്വ ഫണ്ട്, ദോത്തി ചാലഞ്ച് എന്നിവയിലടെ ശേഖരിച്ച കോടികള്‍ ദുബായിലേക്ക് കടത്തിയെന്ന് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. 600 രൂപ വിലയിട്ട് നല്‍കിയ ദോത്തി ചലഞ്ചിലെ മുണ്ടിന് മൊത്തത്തില്‍ എടുക്കുമ്പോള്‍ 200 രൂപ പോലും വരില്ല. എന്നാല്‍ 500 രൂപയുടെ മുണ്ട് എന്ന് ഫിറോസ് സഹപ്രവര്‍ത്തകരെ വിശ്വസിപ്പിച്ചു. 2.72 ലക്ഷം മുണ്ടുകളാണ് അന്ന് വിതരണം ചെയ്തത്. ഇതുപ്രകാരം 16 കോടി 32 ലക്ഷം രൂപ കിട്ടും. ഇതില്‍ 8 കോടി 16 ലക്ഷം രൂപയ്ക്ക് കണക്കില്ലെന്നാണ് യൂത്ത് ലീഗുകാരുടെ ആക്ഷേപം.
ഇത്തരം ഫണ്ട് മുക്കലിലൂടെ റിവേഴ്‌സ് ഹവാല വഴിയാണോ ഫിറോസ് ദുബായിലെ കമ്പനിയില്‍ നിക്ഷേപിച്ചത് എന്ന് അന്വേഷിക്കണം. 2021ല്‍ മല്‍സരിച്ചപ്പോള്‍ 25 ലക്ഷത്തോളം ബാധ്യതയുണ്ട് എന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞ ഫിറോസ് 2024 ആയപ്പോഴേക്കും അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന വ്യക്തിയായി മാറിയത് എങ്ങനെ എന്നും അന്വേഷിക്കണം. പാലക്കാട് കൊപ്പത്ത് ഫിറോസ് സ്ഥാപനം തുടങ്ങിയത് ബിനാമികളെ വച്ചാണ്. ഇവര്‍ക്കിടയിലെ ബന്ധം അന്വേഷിക്കണം. ഇതേ സ്ഥാപനത്തിന്റെ കോഴിക്കോട് ഹൈലേറ്റ് മാളിലെ ഫ്രാഞ്ചൈസിയിലും ഫിറോസിന് പങ്കുള്ളതായി ആരോപണമുണ്ട് എന്നും കെടി ജലീല്‍ പറഞ്ഞു.












Click it and Unblock the Notifications