Get Updates
Get notified of breaking news, exclusive insights, and must-see stories!

32000 മൂന്നായ കഥയും 'മൃതദേഹഭോഗം' ആവിയായ ഇല്ലാക്കഥയും: ഇത് വൃത്തിക്കെട്ട തന്ത്രമെന്ന് കെടി ജലീല്‍

വർഗ്ഗീയത പടർത്തി ജനജീവിതം ദുസ്സഹമാക്കി കേരളം ജീവിക്കാൻ കൊള്ളാത്ത ദേശമാണെന്ന പ്രതീതി പരത്തുകയാണ് കേരള സ്റ്റോറിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെടി ജലീല്‍ എം എല്‍ എ. 32000 പേരെ മതം മാറ്റി "ഐഎസ്ഐഎസ്" ഭീകരവാദികളാകാൻ അയച്ചെന്നാണ് "കേരള സ്റ്റോറി"ക്കാർ ആദ്യം പറഞ്ഞത്. എന്നാല്‍ കേരളം ഒറ്റക്കെട്ടായി ഇത് ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്നപ്പോള്‍ 32000 പേർ മതം മാറി എന്നത് മൂന്നു പേർ മതം മാറി എന്നതിലേക്ക് ചുരുങ്ങിയെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പച്ചനുണകൾ പടച്ച് വിടുക. കേരളം "ലൗജിഹാദി"ൻ്റെ കേന്ദ്രമാണെന്ന് വരുത്തുക. ഇവിടെ മുസ്ലിമേതര വിഭാഗങ്ങൾ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുക. മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭീതി സൃഷ്ടിക്കുക. അയൽവാസികളെ തമ്മിൽ സംശയത്തിൻ്റെ കരിനിഴലിൽ നിർത്തുക. അങ്ങിനെ ജനജീവിതം ദുസ്സഹമാക്കി കേരളം ജീവിക്കാൻ കൊള്ളാത്ത ദേശമാണെന്ന പ്രതീതി പരത്തുക. എല്ലാറ്റിൻ്റെയും കാരണക്കാർ ഇടതുപക്ഷ സർക്കാരും കമ്യൂണിസ്റ്റുകാരുമാണെന്ന് സ്ഥാപിക്കുക. ഇതായിരുന്നു കേരളത്തിൻ്റെ കഥയല്ലാത്ത "കേരള സ്റ്റോറി"യിലൂടെ ആത്യന്തികമായി സമാധാനത്തിൻ്റെ എതിരാളികൾ ലക്ഷ്യമിട്ടത്.

ktjaleel-

1921 ലെ മലബാർ കലാപത്തെ വികലമാക്കി ചിത്രീകരിച്ച് സംഘികൾ ഇറക്കിയ സിനിമ നാല് നിലയിൽ പൊട്ടിയത് സമീപകാലത്താണ്. കള്ളക്കഥകൾക്ക് ഒഴുക്കും ഭംഗിയും കുറയുക സ്വാഭാവികം. കാര്യങ്ങൾ നിയമപീഠത്തിന് മുന്നിൽ എത്തിയ സ്ഥിതിക്ക് കോടതി പ്രദർശനം തടഞ്ഞില്ലെങ്കിൽ ചവറ്റു കൊട്ടയിലേക്ക് ഒരു സിനിമ കൂടി തള്ളപ്പെടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.

32000 പേരെ മതം മാറ്റി "ISlS" ഭീകരവാദികളാകാൻ അയച്ചെന്നാണ് "കേരള സ്റ്റോറി"ക്കാർ ആദ്യം പറഞ്ഞത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയും ഹിന്ദുത്വ ശക്തികളുടെ കണ്ണിലെ കരടുമായ സഖാവ് പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനും മന്ത്രിമാരും പ്രതിപക്ഷനേതാവ് ശ്രീ വി.ഡി സതീശനും ഉൾപ്പടെ സംഘികളല്ലാത്ത മുഴുവൻ രാഷട്രീയ പാർട്ടി നേതാക്കളും യുവജന പ്രസ്ഥാനങ്ങളും ''കേരള സ്റ്റോറിയുടെ" ദുഷ്ടലാക്ക് വെളിപ്പെടുത്തി രംഗത്ത് വന്നു. അതോടെയാണ് 32000 പേർ മതം മാറി എന്നത് മൂന്നു പേർ മതം മാറി എന്നതിലേക്ക് ചുരുങ്ങിയത്.

പെരുംനുണകൾ പ്രചരിപ്പിക്കുന്നതിൽ വിദേശത്തെയും സ്വദേശത്തെയും വാർത്താ ഏജൻസികൾ പ്രചാരകരായതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. പാക്കിസ്ഥാൻ ഇന്ത്യയുടെ "ശത്രുരാജ്യ"മാണ്. തിരിച്ചും അങ്ങിനെത്തന്നെ. പക്ഷെ എന്ന് കരുതി ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങൾ പരസ്പരം അസത്യം പ്രചരിപ്പിക്കുന്നത് മാനവരാശിയുടെ നന്മ ആഗ്രഹിക്കുന്നവരെ അസ്വസ്ഥരാക്കും.

പാക്കിസ്ഥാനിലെ ഏതോ ഒരു തലതിരിഞ്ഞ നിരീശ്വരവാദി തൻ്റെ ട്വിറ്ററിൽ ഒരു കുഴിമാടത്തിന് മുകളിൽ കമ്പിവാതിൽ സ്ഥാപിച്ച ചിത്രം പങ്കുവെച്ച് പാക്കിസ്ഥാനിൽ മൃതദേഹ ഭോഗികളിൽ നിന്ന് സംരക്ഷണമൊരുക്കാൻ യുവതികളുടെ "ഖബറിനു" മുകളിൽ അവരുടെ മാതാപിതാക്കൾ കമ്പിഗേറ്റ് സ്ഥാപിച്ചിരിക്കുന്നു എന്നെഴുതിവിട്ടു. ഇത് കാണേണ്ട താമസം പ്രമുഖ വാർത്താ ഏജൻസികൾ അത് പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിച്ചു. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്ത് മുൻപിൻ നോക്കാതെ വാർത്ത കൊടുത്തു. അതോടെ സംഗതി വലിയ ചർച്ചയായി.

"AIt News" വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാൻ തീരുമാനിച്ചു. അന്വേഷണത്തിനൊടുവിൽ ഗ്രില്ലിട്ടടച്ച പാക്കിസ്ഥാനിലേതെന്ന് പ്രചരിപ്പിച്ച ശവക്കല്ലറ ഹൈദരാബാദിലാണെന്ന് കണ്ടെത്തി. പുതിയ മൃതദേഹങ്ങൾ വരുമ്പോൾ കാലപ്പഴക്കമുള്ള കുഴിമാടങ്ങൾ പൊളിച്ച് അസ്തികൾ പെറുക്കി അവയെല്ലാം കൂടി ഒരു ശവക്കല്ലറയിൽ സംസ്കരിക്കുന്ന പതിവ് എല്ലായിടത്തുമുണ്ട്. നേഷണൽ ഹൈവേ വികസനത്തിന് ഖബർസ്ഥാനുകൾ വിട്ടു കൊടുക്കേണ്ടി വന്നപ്പോൾ കേരളത്തിൽ സമാന കൃത്യം നടന്നത് നാം കണ്ടതാണ്. സ്ഥലപരിമിതിയുള്ള ഖബർസ്ഥാനുകളിലെല്ലാം ഇത് പതിവാണ്.

എന്നാൽ ഹൈദരാബാദിൽ ഒരു വിവരദോഷി തൻ്റെ പ്രിയപ്പെട്ടവരുടെ കുഴിമാടം പൊളിക്കാതിരിക്കാനും ഖബറിന് മുകളിലൂടെ ആളുകൾ ചവിട്ടി പോകാതിരിക്കാനും ശവക്കല്ലറക്കു മേൽ കമ്പിഗേറ്റ് സ്ഥാപിച്ചു. ഈ ചിത്രം കാണിച്ചാണ് പാക്കിസ്ഥാനിലെ "മൃതദേഹ ഭോഗ"ത്തെ കുറിച്ച് വാർത്താ ഏജൻസികൾ ഉപന്യാസമെഴുതിയത്. ഈ പച്ചനുണ നിജസ്ഥിതി പരിശോധിക്കാതെ പ്രസിദ്ധീകരിച്ച മലയാള മുഖ്യധാരാ മാധ്യമങ്ങൾ മാപ്പ് പറഞ്ഞ് തടിയൂരി.

സത്യം പുറത്തു വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്രചെയ്തിട്ടുണ്ടാകുമെന്ന് പറയുന്നത് എത്ര ശരിയാണ്. ആദ്യ വാർത്ത വായിച്ചവർ രണ്ടാമത്തെ യഥാർത്ഥ വാർത്ത കണ്ടില്ലെങ്കിൽ അയാളുടെ മനസ്സിൽ ആദ്യ വാർത്തയും അതിലെ ഭീതിതമായ ചിത്രവുമല്ലേ ഊറിക്കിടക്കുക? ജീവിതത്തിലുടനീളം ബന്ധപ്പെട്ട വ്യക്തികൾ പൊതുവിൽ മുസ്ലിങ്ങളേയും വിശിഷ്യാ പാക്കിസ്ഥാനികളെയും വെറുത്തില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.

32000 പേരെ മതം മാറ്റി കേരളത്തിൽ ഭീകരരാക്കിയ കള്ളക്കഥ"കേരള സ്റ്റോറി"യുടെ ടീസറിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ വായിച്ചവർ ആ സംഖ്യ "3"ലേക്ക് കുറച്ച് തിരുത്തിയെഴുതിയത് വായിക്കാനിടയായില്ലെങ്കിൽ അവർ കേരളത്തിലെ മുസ്ലിങ്ങളെ കുറിച്ച് എന്താകും വിചാരിക്കുക? പച്ചക്കള്ളങ്ങൾക്ക് "സത്യ"ത്തിൻ്റെ ഛായ നൽകി അവതരിപ്പിക്കുന്ന തന്ത്രം ഫാഷിസം കാലാകാലങ്ങളായി അനുവർത്തിക്കുന്ന വൃത്തികെട്ട തന്ത്രമാണ്. യഥാസമയം അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഉണ്ടായേക്കാവുന്ന അപകടം വിവരണാതീതമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+